ജെയിംസ് അഗസ്റ്റിൻ
എതിർ കക്ഷികൾക്ക് നിയമക്കുരുക്കു മുറുക്കാനും സ്വന്തം കക്ഷികൾക്ക് കുരുക്കഴിക്കാനുമുള്ള ‘ലോപോയിന്റ്സ്’ എഴുതിയ തൂലിക കൊണ്ട് കപിൽ സിബൽ എഴുതിയ പ്രണയഗീതങ്ങൾ കേട്ടിട്ടുണ്ടോ ?
മുൻ കേന്ദ്രമന്ത്രിയും സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകനുമായ കപിൽ സിബൽ എഴുതിയ പ്രണയഗാനങ്ങൾക്ക് സംഗീതം നൽകിയത് എ. ആർ . റഹ്മാൻ ആയിരുന്നു . ‘രൗനക് ‘ എന്ന പേരിൽ പ്രകാശിതമായ ആൽബത്തിൽ ലത മങ്കേഷ്കർ , ശ്രേയ ഘോഷാൽ , കെ . എസ. ചിത്ര , എ. ആർ . റഹ്മാൻ , ജോനിതാ ഗാന്ധി , ശ്വേതാ പണ്ഡിറ്റ് , മോഹിത് ചൗഹാൻ , ജ്യോതി എന്നിവരായിരുന്നു ഗായകർ . രൗനക് എന്ന ഹിന്ദി വാക്കിന് ശോഭ , തിളക്കം . ദീപ്തി എന്നൊക്കെയാണ് അർത്ഥം.
2013 -ൽ എ . ആർ റഹ്മാന് കിട്ടിയ ഒരു പുസ്തകമാണ് ഇങ്ങനെയൊരു ആൽബം പിറവിയെടുക്കാൻ കാരണമായത് . രാജാരവിവർമ്മയുടെ പെയിന്റിങ്ങുകൾ ആലേഖനം ചെയ്തൊരു പുസ്തകം യാദൃച്ഛികമായി റഹ്മാന്റെ കൈകളിലെത്തുന്നു . പെയിന്റിങ്ങുകളുടെ ഭംഗിയിലും കഥാപാത്രങ്ങളുടെ ഭാവങ്ങളിലും ആകൃഷ്ടനായ റഹ്മാൻ എങ്ങനെ ഈ കഥാപാത്രങ്ങളെ പുനഃസൃഷ്ടിക്കാം എന്നാലോചിച്ചു . ഗാനരംഗങ്ങളിൽ ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ റഹ്മാൻ ആഗ്രഹിച്ചു. ആ ദിനങ്ങളിലൊന്നിൽ ഒരു പൊതുസദസ്സിൽ കപിൽ സിബലിന്റെ കവിതകൾ അവതരിപ്പിച്ചത് റഹ്മാൻ കേൾക്കാനിടയായി . കപിൽ സിബലിന്റെ വരികളും രവിവർമ്മയുടെ കഥാപാത്രങ്ങളും തന്റെ സംഗീതവും സമന്വയിപ്പിക്കാൻ റഹ്മാൻ തീരുമാനിച്ചു . ഉടനെ തന്നെ കപിൽ സിബലുമായി ആശയവിനിമയം നടത്തി റെക്കോർഡിങ്ങുകൾക്കുള്ള ക്രമീകരണം ഒരുക്കി .
2014 -ൽ മുംബൈയിൽ നടന്ന ചടങ്ങിൽ ആദ്യഗാനം പ്രകാശനം ചെയ്തു . ലതാ മങ്കേഷ്കർ പാടിയ ലാഡ്ലി എന്ന ഗാനം ഭാരതത്തിലെ വനിതകൾക്കാണ് സമർപ്പിക്കപ്പെട്ടത് . ശ്ത്രീശക്തിയുടെ മഹത്വവും ഔന്നത്യവും പ്രഘോഷിക്കുന്ന ഈ ഗാനം സമൂഹത്തിൽ വനിതകൾ ഏറ്റെടുക്കുന്ന മഹനീയ ദൗത്യങ്ങളെ അനാവരണം ചെയ്യുന്നു .
ജോനിതാ ഗാന്ധി പാടിയ ‘ ആഭി ജാ ‘ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് രവിവർമ്മയുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയിട്ടുള്ളത് . രവിവർമയുടെ ഇഷ്ട നിറങ്ങളുടെ ഉൽസവമാണ് ഈ ഗാനചിത്രീകരണത്തിൽ നമുക്ക് കാണാനാകുക.
ഈ ഗാനത്തിന്റെ മലയാളം പരിഭാഷ :
വരൂ, വരാതിരിക്കരുതേ!
വരൂ, വരാതിരിക്കരുതേ!
സൗമ്യമായൊരു വെട്ടം തെളിയിക്കൂ
എന്റെ ചേതനയെ തൊട്ടുണര്‍ത്തൂ
കാണട്ടെ ഞാന്‍ വിദൂരദൃശ്യങ്ങള്
വരൂ, വരാതിരിക്കരുതേ!
നീ വരുമ്പോള്‍ അജ്ഞാതരാം ആയിരങ്ങള്‍
മണ്ണില്‍ മറഞ്ഞു പോകും
വിധിയുടെ വഴിത്താരകള്‍ മാറും
സദ്വാര്‍ത്തയുമായ് നീ അണയൂ
അപ്പോഴാണ് എന്റെ ഹൃദത്തിന്്
സമാശ്വാസം ലഭിക്കുക
വരൂ. വരാതിരിക്കരുതേ!
ജീവചേതനയുടെ രഹസ്യങ്ങള്‍
നീ എന്റെ കാതില്‍ ചൊല്ലുമ്പോള്‍
എന്റെ ഹൃദന്തം സാന്ത്വനമറിയും.
വരൂ, വരാതിരിക്കരുത്…
(പരിഭാഷ : അഭിലാഷ് ഫ്രേസർ )
ശ്രേയാഘോഷാൽ പാടിയ കിസ്മത് സേ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനും വ്യത്യസ്തമായൊരു രീതിയാണ് അവലംബിച്ചിട്ടുള്ളത് . മണ്ണ് കൊണ്ട് ചില്ലിൽ ചിത്രങ്ങൾ വരച്ചുകൊണ്ടു ആശയസംവേദനം നടത്തുവാനാണ് ഈ ഗാനചിത്രീകരണത്തിൽ ശ്രമിക്കുന്നത് .
റെക്കോർഡിങ്ങിലും ഗാന ചിത്രീകരണത്തിലും അതീവമേന്മ പുലർത്തിയിട്ടുള്ള ഈ പാട്ടുകളുടെ പിന്നണിയിൽ ഓർക്കസ്ട്ര ഒരുക്കിയത് ഇന്ത്യയിലെ അതിപ്രഗത്ഭരായിരുന്നു .