കുവൈറ്റ് സിറ്റി:ബുധനാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ കുവൈറ്റിലെ മംഗഫില്‍ മലയാളികളടക്കം ഒട്ടേറെ പേര് താമസിക്കുന്ന ക്യാമ്പിൽ തീപിടിത്തമുണ്ടായി .49 പേരാണ് മരിച്ചത്. ഇവരില്‍ 21 പേര് ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം. ഇവരില്‍ 11 പേര് മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്യാമ്പിലെ കെട്ടിട സമുച്ചയത്തെ തീ വിഴുങ്ങിയപ്പോള്‍ പലരും ഉറക്കത്തിലായിരുന്നു. കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യമില്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടി. കനത്ത പുക ഉയര്‍ന്നതോടെ താമസക്കാര്‍ ഉള്ളില്‍ കുടുങ്ങി. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരിക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്.
അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണു മരണസംഖ്യ കുറച്ചതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കെട്ടിടത്തിനകത്തു കുടുങ്ങിയവര്‍ക്ക് അവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. താമസക്കാര്‍ കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടിക്കയറി. കെട്ടിടത്തിന്റെ ഗ്രൗണ്ട് പാസേജ് അടച്ചിരുന്നതും അപകടത്തോത് ഉയര്‍ത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
താമസക്കാരെ ഒഴിപ്പിക്കുന്നിതിനും മറ്റുരക്ഷാപ്രവര്‍ത്തനത്തിനും ഇത് തടസ്സം സൃഷ്ടിച്ചു. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണു തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ച മുറിയിലേക്കു തീ പടര്‍ന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപവീതം അനുവദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് രണ്ട് ലക്ഷം നല്‍കുക. ഇന്ന് പുലര്‍ച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരില്‍ 21 പേര് ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
ഇവരില്‍ 11 പേര് മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ രണ്ട് ഫിലിപ്പൈന്‍ സ്വദേശികള്‍. ഓരോ പാകിസ്താന്, ഈജിപ്ഷ്യന്‍ സ്വദേശികളും മരിച്ചതായാണ് വിവരം. 16 പേരെ തിരിച്ചറിയാനുണ്ട്. ഷോര്‍ട് സര്‍ക്യൂട്ടില്‍ നിന്ന് ഗ്യാസിലിണ്ടറിലേക്ക് തീപടര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു.
തീ പടര്‍ന്ന സാഹചര്യത്തില്‍ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവരില്‍ പലരും ചികിത്സയിലാണ്. ഇവരില്‍ ചിലര്‍ മരിച്ചതായും വിവരമുണ്ട്. തീപടര്‍ന്നപ്പോഴുണ്ടായ വിഷ പുകത ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്.