ജമ്മു : കത്വയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു, ആറ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്. ഭീകരർക്കെതിരായ ഓപ്പറേഷൻ ഊർജിതമാക്കാൻ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് എത്തിച്ചതായി അധികൃതർ.
ജമ്മു കശ്മീരിലെ കത്വ, ദോഡ ജില്ലകളിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടത് . ആക്രമണത്തിൽ ആറ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ 3 മണിയോടെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ സിആർപിഎഫ് ജവാൻ കബീർ ദാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി അധികൃതർ അറിയിച്ചു.
ദോഡ ജില്ലയിൽ, ഭാദേർവ-പത്താൻകോട്ടിലെ ചെക്ക് പോസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിലാണ് രാഷ്ട്രീയ റൈഫിൾസിലെ അഞ്ച് സൈനികർക്കും ഒരു സ്പെഷ്യൽ പൊലീസ് ഓഫിസർക്കും പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ തീവ്രവാദികൾ ആക്രമണം നടത്തുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസിന്റെ നേതൃത്വത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശം സേന വളഞ്ഞിട്ടുണ്ടെന്നും സിആർപിഎഫിൻ്റെ സഹായത്തോടെ വീടുകളില്‍ തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ഭീകരർക്കെതിരായ ഓപ്പറേഷൻ ഊർജിതമാക്കാൻ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെ ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവം ജമ്മു കശ്മീരില്‍ നടക്കുന്നത്.