ന്യൂഡൽഹി:ഫുട്ബോള്‍ മൈതാനങ്ങളില്‍ ഇന്ത്യയുടെ വീറുറ്റ പോരാളിയായ കുറിയ മനുഷ്യൻ ബൂട്ടഴിക്കുമ്പോള്‍ ആരാധകര്‍ക്ക് പറയാൻ ബാക്കിയുള്ളത് നന്ദി മാത്രം .രണ്ട് പതിറ്റാണ്ടോളം അയാളായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ എല്ലാമെല്ലാം. 19 വര്‍ഷക്കാലം, സുനില്‍ ഛേത്രിയെന്ന 5 അടി 7 ഇഞ്ച് ഉയരക്കാരൻ ഒറ്റയാള്‍ പട്ടാളമായി മാറിയാണ് ഇന്ത്യൻ ഫുട്ബോളിനെ തന്റെ തോളേറ്റിയത്.
ലോക ഫുട്ബോളില്‍ എടുത്ത് പറയാൻ വലിയ കഥകള്‍ ഒന്നുമില്ലെങ്കിലും ഗോള്‍ വേട്ടാക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിയ്ക്കും ഒപ്പം നിന്ന് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയത് സുനില്‍ ഛേത്രിയെന്ന ഒരൊറ്റ മനുഷ്യനായിരുന്നു. 2005ല്‍ പാകിസ്ഥാനെതിരെ പന്ത് തട്ടിക്കൊണ്ടാണ് സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തന്റെ വരവറിയിക്കുന്നത്.
ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണില്‍ ആരാധകര്‍ പോലും കയ്യൊഴിഞ്ഞ ഇന്ത്യൻ ഫുട്ബോളിന് വേണ്ടി തോറ്റുകൊടുക്കാൻ മനസില്ലാതെ അയാള്‍ പൊരുതിയതിന്റെ ഫലമാണ് തന്റെ വിരമിക്കല്‍ മത്സര ദിനത്തില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ എന്നതിൽ തർക്കമില്ല.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം, കൂടുതല്‍ ഗോളുകള്‍ നേടിയ താരം, ക്യാപ്റ്റനായി ഇന്ത്യയെ കൂടുതല്‍ കാലം നയിച്ച താരം ഇതെല്ലാം സുനില്‍ ഛേത്രിയുടെ പേരിലാണ്.