അമരാവതി: ആന്ധ്രയില്‍ നിന്ന് അത്ഭുതകരമായ തിരിച്ചുവരവ് കരസ്ഥമാക്കിയ ചന്ദ്രബാബു നായിഡു അടുത്ത കേന്ദ്ര ഭരണത്തിന്റെ കിംഗ് മേക്കറാകുമോ ?
മുന്നണി രാഷ്ട്രീയ തന്ത്രങ്ങളില്‍ അതിസമർത്ഥനായ നായിഡു, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് . ബി.ജെ.പി-ജനസേന- ടി.ഡി.പി സഖ്യമായതോടെ ജഗന് മോഹന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഭിന്നിച്ചു പോകാതെ പൂര്‍ണമായി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ നായിഡുവിന് കഴിയുകയും ചെയ്തു.
ഇതോടെ ചരിത്ര വിജയം സ്വന്തമാക്കാന്‍ ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞു. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നായിഡുവിന് അനുകൂലമായതോടെ ഡല്‍ഹിയില്‍ രാഷ്ട്രീയ നീക്കങ്ങളില്‍ ഇനി പഴയ കിങ് മേക്കര്‍ വേഷത്തില്‍ നായിഡുവിനെ കണ്ടേക്കാം. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപ്രസ്കതമായേക്കുമെന്ന അവസ്ഥയില്‍ നിന്നാണ് നിയമസഭയില്‍ കേവല ഭൂരിപക്ഷം മറികടന്ന വിജയം ഒറ്റയ്ക്ക് നേടാന്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് സാധിച്ചത്.
ലോക്സഭയില്‍ ആകെയുള്ള 25ല്‍ 16 സീറ്റിലും ടി.ഡി.പിയാണ് മുന്നേറിയത്. ബി.ജെ.പി മൂന്ന് സീറ്റിലും ജനസേന രണ്ട് സീറ്റിലും വിജയിച്ചു. അതേസമയം 2019ല്‍ 22 സീറ്റുകള്‍ നേടിയ വൈ.എസ്.ആര് കോണ്‍ഗ്രസ് ഇത്തവണ നാലു സീറ്റുകളില്‍ ഒഴികെ പരാജയം നുണഞ്ഞു.
അഴിമതി കേസുകളില്‍പ്പെട്ട നായിഡുവുമായി സഖ്യത്തിലാകാന്‍ ബി.ജെ.പി ആദ്യം മടിച്ചിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കിട്ടാവുന്ന സീറ്റുകളില്‍ ജയിക്കണമെന്ന തന്ത്രത്തിന്റെ ഭാഗമായാണ് ടി.ഡി.പിയുമായി മുന്നണി ബന്ധത്തിലേര്‍പ്പെടാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.