ന്യൂ ഡൽഹി: അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. 60 നിയമസഭാ സീറ്റുകളുള്ള അരുണാചൽ പ്രദേശിലും 32 മണ്ഡലങ്ങളുള്ള സിക്കിമിലെയും വോട്ടെണ്ണൽ ഇന്ന്. ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്. അരുണാചൽ പ്രദേശിൽ ഭരണ കക്ഷിയായ ബിജെപിക്ക് നിയമസഭയിൽ 60 അംഗങ്ങളുണ്ടെങ്കിലും മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചോവ മേയും ഉൾപ്പെടെ 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ 50 മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടെടുപ്പ് നടന്നത്.
സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം. അരുണാചലിൽ 25 ജില്ലാ ആസ്ഥാനങ്ങളിലെ 40 കൗണ്ടിംഗ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും രാവിലെ 6 മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.