ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് എംപിയും നേതാവുമായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസ് വന്നതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുനിന്ന എസ് ഐ ടി സംഘം അടക്കമുള്ള വൻ പോലീസ് സംഘമാണ് പ്രജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചുതന്നെ കസ്റ്റഡിയിൽ എടുത്തത്. പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പ്രജ്വൽ രേവണ്ണ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 76 അർധരാത്രി ഏകദേശം 12. 50 ഓടെയാണ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം എത്തിയത്. 34 ദിവസം ഒളിവിൽ കഴിഞ്ഞ പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാൾ സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26 ന് രാത്രി പ്രജ്വൽ രാജ്യം വിട്ടത്. 60 വയസ്സ് പിന്നിട്ട വീട്ടുജോലിക്കാരി അടക്കം പ്രജ്വലിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന കർണാടകയുടെ ആവശ്യത്തെ തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജൂൺ 2 വരെയാണ് സമയം അനുവദിച്ചിരുന്നത്. 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും എന്ന് മന്ത്രാലയം വക്താവ് രൺദീപ് ജയ്സ്വാൾ അറിയിച്ചിരുന്നു