പ്രഫ. ഷാജി ജോസഫ്
എഴുപതുകളിലെ മെക്സിക്കന്‍ മധ്യവര്‍ഗ്ഗജീവിതം ചിത്രീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയാണ് റോമ. ആത്മകഥാപരമായ ചിത്രത്തില്‍ താന്‍ വളര്‍ന്ന ചെറുനഗരത്തിന്റെ പേരാണ് സംവിധായകന് അല്‍ഫോന്‍സോ ക്യുറോണ്‍ സിനിമക്ക് നല്‍കിയിരിക്കുന്നത്. ക്യൂറോണിന്റ കുട്ടിക്കാലത്തെ അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് രചന.
എഴുപതുകളിലെ ‘കൊളോണിയ റോമ’ എന്ന ഇടത്തരം മെക്സിക്കന്‍ പട്ടണത്തിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ വീട്ടുജോലിക്കാരിയായ ക്ലിയോയുടെ കാഴ്ചപ്പാടിലൂടെയാണ റോമയെന്ന സിനിമ പുരോഗമിക്കുന്നത്. സാമൂഹിക-രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ പശ്ചാത്തലത്തിലാണ് ക്ലിയോയുടെ കഥ വികസിക്കുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ വീട്ടുജോലിക്കാരിയായ ക്ലിയോ (യലിറ്റ്സ അപരിസിയോ) ആ കുടുംബത്തിന്റെ കുടുംബത്തിലെ തന്റെ ചുമതലകള്‍ നിലനിര്‍ത്തിക്കൊണ്ട് വ്യക്തിജീവിതത്തിലെ വെല്ലുവിളികളെ ഏറ്റെടുത്തു ശാന്തമായി മുന്നോട്ടുപോകുന്നു. സോഫിയ, അവരുടെ ഭര്‍ത്താവ് ഡോ. ആന്റോണിയോ, നാലു മക്കള്‍, അമ്മ തെരേസ ഇവര്‍ ചേര്‍ന്നതാണ് ആ കുടുംബം. അവര്‍ വീട്ടിലെ ഒരു അംഗമായിത്തന്നെയാണ് ക്ലിയോയെ കാണുന്നത്. ക്ലിയോ എപ്പോഴും തിരക്കിലാണ്, ഓരോരുത്തരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യാന്‍ അവള്‍ക്കറിയാം. ആരുടേയും സ്വകാര്യതയില്‍ ഇടപെടാതെ വീട്ടുകാരുടെ വിശ്വസ്തയായി ദീര്‍ഘകാലമായി അവള് അവരോടൊപ്പമുണ്ട്.
കാമുകന് ഫെര്‍മിന്‍, കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്നില്ല എന്ന അവസ്ഥയില്‍ ക്ലിയോ ഗര്‍ഭിണിയാണെന്ന കാര്യം വളരെ സ്വാഭാവികതയോടെയാണ് ഗൃഹനാഥ സോഫിയയോട് ചോദിച്ചറിയുന്നത്. കാമുകനാല്‍ തിരസ്കരിക്കപ്പെട്ട് വീട്ടില്‍ തിരികെ എത്തിയപ്പോള്‍ സോഫിയയും അമ്മയും അവള്‍ക്കാശ്വാസം പകര്‍ന്നു കൊണ്ട് സ്വീകരിക്കുന്നു. കുടുംബനാഥന് കാമുകിയുമായി ചേര്‍ന്ന് വീടു വിട്ടുപോകുമ്പോഴും സോഫിയ പതറുന്നില്ല. കുട്ടികളെയും അമ്മയേയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി അവര്‍ കുടുംബത്തെ മുന്നോട്ട് നയിക്കുന്നു. 1971 ജൂണ്‍ 10ന് മെക്സിക്കോയില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ അരങ്ങേറിയ കോര്പ്പസ ്ക്രിസ്റ്റി കൂട്ടക്കുരുതി സമാന്തരമായി വരുന്നുണ്ട് സിനിമയില്‍. അന്നേദിവസം, പിറക്കാന്‍ പോകുന്ന കുഞ്ഞിനുള്ള തൊട്ടില് വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയ ക്ലിയോയുടെ നിറവയറിനു നേരെ നീട്ടിപ്പിടിച്ച തോക്കുമായി വരുന്ന അക്രമി കാമുകനാണെന്നു തിരിച്ചറിയുന്ന സമ്മര്‍ദ്ദത്തിനൊടുവില്‍ അവള്‍ക്ക് ഗര്‍ഭസ്ഥശിശുവിനെ നഷ്ടമാകുന്നു. സോഫിയയും കുട്ടികള്‍ക്കുമൊപ്പം ക്ലിയോയും സാവധാനത്തില്‍ ജീവിതത്തിലേക്ക് മടങ്ങുന്നു. സ്ത്രീ ശക്തിയുടെ അപാരമായ സൗന്ദര്യം ക്ലിയോയും സോഫിയയും വെളിവാക്കുന്നു, കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരും ഉള്‍ച്ചേരുന്ന ഈ സിനിമയില്‍. റോമ മുഴുവനായും ഒരു ക്യുറോണ്‍ ചിത്രമാണ്. കഥയും തിരക്കഥയും ഛായാഗ്രഹണവും നിര്‍മ്മാണവും ഒപ്പം എഡിറ്റിങില്‍ പങ്കാളിയും. ക്ലിയോയുടെ കഥയോടൊപ്പം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ എഴുപതുകളിലെ കുടുംബ-സാമൂഹിക-രാഷ്ടീയജീവിതത്തെ സമാന്തരമായി കൊണ്ടുവരുന്നുണ്ട് സംവിധായകന്.
‘റോമ’, സൗന്ദര്യവും വൈകാരിക ആഴവും ഉള്‍ക്കൊള്ളുന്ന ജീവിതത്തിന്റെ സത്തയെ അതിമനോഹരമായി പകര്‍ത്തിയെഴുതിയ സിനിമയാണ്. 1970-കളിലെ മെക്സിക്കോ സിറ്റിയുടെ പശ്ചാത്തലത്തില്‍ തന്റെ ബാല്യകാലസ്മരണകളുടെ ഉജ്ജ്വലമായ ഒരു ഛായാചിത്രം സൃഷ്ടിക്കാന്‍ 2018-ല്‍ പുറത്തിറങ്ങിയ ആത്മകഥാപരമായ ഈ ചിത്രത്തിലൂടെ സംവിധായകന് കഴിഞ്ഞു.
അപാരമായമിതത്വവും, സ്വാഭാവികചലനങ്ങളും കൊണ്ട് ക്ലിയോയെ വേറിട്ടതാക്കി മാറ്റി യലിറ്റ്സ അപരിസിയോ. മുന്‍കാല അഭിനയപരിചയം ഇല്ലെങ്കിലും, അചഞ്ചലതയും സഹാനുഭൂതിയും ഉള്ള ഒരു സ്ത്രീയുടെ സൂക്ഷ്മമായ വികാരങ്ങള്‍ മനോഹരമായി പകര്‍ത്തുന്നു അവര്‍. ക്ലിയോയുടെ ലോകത്തേക്ക് കാഴ്ചക്കാരനെ ആകര്‍ഷിക്കുന്ന അടുപ്പവും യാഥാര്‍ത്ഥ്യബോധവും സൃഷ്ടിച്ചുകൊണ്ട് ഓരോ ഫ്രെയിമും വളരെ സൂക്ഷ്മമായി രൂപപ്പെടുത്തിയിരിക്കുന്നു. ലോംഗ്ടേക്കിന്റെയും ഡീപ്ഫോക്കസിന്റെയും ഉപയോഗം കഥാപാത്രങ്ങളുടെ ഇടപെടലുകളുടെ സങ്കീര്‍ണ്ണതയെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകരെ പര്യാപ്തമാക്കുന്നു.
‘റോമ’യിലെ സൗണ്ട് ഡിസൈന്‍ പ്രേക്ഷകന് ആഴത്തിലുള്ള അനുഭവം സമ്മാനിക്കുന്നു. നഗരത്തിന്റെ ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍, വഴിയോരക്കച്ചവടക്കാരുടെ ആരവങ്ങള്‍ മുതല്‍ ഇടയ്ക്കിടെ തെരുവില്‍ അരങ്ങേറുന്ന രാഷ്ട്രീയ അശാന്തിയുടെ വിദൂരപ്രതിധ്വനികള് വരെ അടയാളപ്പെടുത്തുന്ന ശബ്ദലേഖനത്തിലുള്ള സൂക്ഷ്മമായ ശ്രദ്ധ, ദൃശ്യങ്ങളെ പൂരകമാക്കുന്നു.
വ്യക്തിജീവിതത്തെ രാഷ്ട്രീയവുമായി തടസ്സമില്ലാതെ സമന്വയിപ്പിക്കുന്നു സിനിമയില്‍. ക്ലിയോയും അവള് ജോലിചെയ്യുന്ന കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണം സങ്കീര്‍ണ്ണവും ബഹുമുഖവുമാണ്, അത് ചിലപ്പോഴൊക്കെ ഹൃദ്യവും അതേസമയം അന്തര്‍ലീനമായ അധികാര അസന്തുലിതാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന അവളുടെ സഹിഷ്ണുതയും ഐക്യദാര്‍ഢ്യവും ഉയര്‍ത്തിക്കാട്ടുന്നു മാനവികതയുടെ ഈ സാര്‍വത്രിക കഥ. ഡോക്ടര്‍ തന്റെ കാമുകിയുമായി മറ്റൊരു ജീവിതം തുടങ്ങിയെങ്കിലും സോഫിയ ധൈര്യത്തോടെ ജീവിതത്തെ നേരിടാന്‍ തയ്യാറായി. ബീച്ചിലുണ്ടായ ഒരപകടത്തില്‍ കുട്ടികളിലൊരാളെ മരണത്തില്‍നിന്നും രക്ഷിക്കുന്നു ക്ലിയോ. ഏതൊരു ദുരിതസന്ദര്ഭങ്ങളിലും ലോകത്തെവിടെയുമുള്ള മനുഷ്യരുടെ സ്നേഹത്തിന്റെയും നിരാസത്തിന്റെയും കൂട്ടിപ്പിടിക്കലിന്റെയും കഥ എത്രയും ശ്രദ്ധയോടെയും ലാളിത്യത്തോടെയും പറഞ്ഞു വയ്ക്കുന്നു ക്യൂറോണ്‍. റോമ ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ മഹനീയത ഘോഷിക്കുന്നു.
ചില്‍ഡ്രന്‍ ഓഫ് മെന്‍ (2006), ഗ്രാവിറ്റി(2013) തുടങ്ങി നിരവധി മികച്ച സിനിമകള്‍ ക്യൂറോണിന്റെതായുണ്ട്. സിനിമാട്ടോഗ്രാഫിക്കും, സംവിധായകനും, ഏറ്റവും നല്ല വിദേശചിത്രത്തിനുമുള്ള ഓസ്കര് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ സിനിമ.