ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളുമൊഴികെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യബോധമുള്ള സാധാരണ പൗരരും മാത്രമല്ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ മൂന്നംഗ ബെഞ്ചും ഈ ദുരൂഹതയ്ക്ക് പ്രത്യുപായം തേടുകയാണ്.
ഓരോ ബൂത്തിലെയും വോട്ടെടുപ്പു കഴിഞ്ഞാല്‍ വൈകീട്ട് ആറിനും ഏഴുമണിക്കും ഇടയില്‍തന്നെ പോളിങ് ഓഫിസര്‍ ആ ബൂത്തിലെ ഇലക് ട്രോണിക് വോട്ടിങ് മെഷീന്റെ സീരിയല്‍ നമ്പറും അതില്‍ വോട്ടുരേഖപ്പെടുത്തിയ സ്ത്രീപുരുഷന്മാരുടെയും ട്രാന്‍സ് വിഭാഗക്കാരുടെയും കൃത്യമായ എണ്ണവും രേഖപ്പെടുത്തിയ ഫോം 17സി വോട്ടിങ് റെക്കോര്‍ഡ് മുദ്രവച്ച് ബൂത്തിലെ സ്ഥാനാര്‍ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ കയ്യൊപ്പു വാങ്ങി അവര്‍ക്കു നല്‍കുന്നുണ്ട്. റിയല്‍ ടൈം ഡേറ്റയായി ലഭിക്കുന്ന പോളിങ് കണക്ക് സമാഹരിച്ച് ഓരോ മണ്ഡലത്തിലെയും റിട്ടേണിങ് ഓഫിസര്‍ക്ക് അപ്പോള്‍ത്തന്നെ അപ് ലോഡ് ചെയ്യാനാകും. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഏതാണ്ട് പത്തരയോടെ സംസ്ഥാനത്തെ പോളിങ്ങിന്റെ പ്രാഥമിക കണക്കുകള്‍ പ്രഖ്യാപിക്കുന്നു. വൈകി ലഭിക്കുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 24 മണിക്കൂറിനകം ചില്ലറ വ്യത്യാസങ്ങളോടെ അന്തിമ പോളിങ് ഡേറ്റ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഡല്‍ഹിയിലെ നിര്‍വാചന്‍ സദനില്‍ നിന്ന് ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു പതിവ്. കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ടേണൗട്ട് ആപ്പിലും ഈ വോട്ടിങ് റെക്കോര്‍ഡ് ലഭ്യമാകേണ്ടതാണ്.
എന്നാല്‍, 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള പോളിങ് ശതമാനമല്ലാതെ വോട്ടുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തയാറല്ല. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കമ്മിഷന് ശതമാന തോതു മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറുന്നത്. എന്നു മാത്രമല്ല, ആദ്യഘട്ട പോളിങ്ങിന്റെ അന്തിമ ശതമാനകണക്ക് ഗണിച്ചെടുക്കാന്തന്നെ ഇലക് ഷന് കമ്മിഷന് 11 ദിവസം വേണ്ടിവന്നു, അടുത്ത മൂന്നു ഘട്ടങ്ങളിലെയും പോളിങ് ശതമാനം അന്തിമമായി നിര്‍ണയിക്കാന്‍ നാലുദിവസം വീതമെടുത്തു.
ഫാസ്റ്റ് കംപ്യൂട്ടിങ്ങിന്റെ ഈ യുഗത്തിലാണ് കൈവശമുള്ള റിയല്‍ ടൈം ഡേറ്റ സങ്കലനം ചെയ്തെടുക്കാന്‍ ഈ മഹാരാജ്യത്തെ കരുത്തുറ്റ ഭരണഘടനാ സംവിധാനമായ തിരഞ്ഞെടുപ്പു കമ്മിഷന് ഇത്രയും വലിയ പങ്കപ്പാട്.
വോട്ടുചെയ്തവരുടെ എണ്ണം ആദ്യമേ തിട്ടപ്പെടുത്താതെ എങ്ങനെയാകും അവരുടെ ശതമാനം നിശ്ചയിക്കുന്നത്? പോളിങ് ദിനത്തിലെ പ്രാഥമിക അനുമാനവും കുറെ ദിവസമെടുത്ത് തിട്ടപ്പെടുത്തുന്ന അന്തിമ വോട്ടുശതമാനവും തമ്മിലുള്ള അന്തരം അതിലേറെ അമ്പരപ്പിക്കുന്നതാണ്.
ആദ്യത്തെ രണ്ടു ഘട്ടങ്ങളില്‍ വോട്ടര്‍മാരുടെ സംഖ്യയില്‍ പോളിങ് ദിനത്തിലെ എസ്റ്റിമേറ്റിനെക്കാള്‍ യഥാക്രമം 5.5 ശതമാനവും 5.74 ശതമാനവും വര്‍ധനയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അപ്ഡേറ്റഡ് മതിപ്പുകണക്കില്‍ കാണുന്നത്. ഇന്നേവരെ ഒരു പോളിങ് ഡേറ്റയിലും ഇത്ര പെരുത്ത വ്യതിയാനം ലോകത്തൊരിടത്തും ഉണ്ടായിക്കാണില്ല.
നാലു ഘട്ടങ്ങളിലായി 379 മണ്ഡലങ്ങളിലെ പോളിങ് നടന്നതില്‍, പോളിങ് ദിനത്തിലെ റിയല്‍ ടൈം ഡേറ്റയില്‍ നിന്ന് 1.07 കോടി വോട്ടുകളുടെ വര്‍ധനയാണ് കമ്മിഷന്റെ പരിഷ്കരിച്ച കണക്കില്‍ വരുന്നത്. ഓരോ മണ്ഡലത്തിലും ശരാശരി 28,000 വോട്ടിന്റെ വര്‍ധന.
ആദ്യഘട്ടത്തില്‍ 18.6 ലക്ഷം വോട്ടും, രണ്ടാം ഘട്ടത്തില്‍ 32.2 ലക്ഷവും, മൂന്നാം ഘട്ടത്തില്‍ 22.1 ലക്ഷവും, നാലാം ഘട്ടത്തില്‍ 33.9 ലക്ഷം വോട്ടും കൂടി. ആന്ധ്രപ്രദേശിലെ വോട്ടിങ് ശതമാനത്തിലാണ് ഏറ്റവും വലിയ വര്‍ധന: 4.2 ശതമാനം, അതായത് 17.2 ലക്ഷം വോട്ടുകള്‍. അവിടെ ഓരോ മണ്ഡലത്തിലും ശരാശരി 69,000 വോട്ടാണ് ഒറ്റയടിക്ക് കൂടുന്നത്.
കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയ ഈ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പിന്റെ മൂന്നാം ദിവസം സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയം 71.27% പോളിങ്ങിന്റെ വര്‍ധിച്ച കണക്ക് അവതരിപ്പിച്ചു. പ്രാഥമിക എസ്റ്റിമേറ്റിനെക്കാള്‍ 4.1%, അതായത് 11.4 ലക്ഷം വോട്ടിന്റെ വര്‍ധനയാണ് ഇതില്‍ സൂചിപ്പിക്കുന്നത്. ഇരുപത് ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഓരോ മണ്ഡലത്തിലും ശരാശരി 57,000 വോട്ടിന്റെ വ്യത്യാസം വരുന്നു. വോട്ടെണ്ണലില്‍, അന്തിമ ജനവിധിയില്‍ ഇതു പ്രതിഫലിക്കുമ്പോഴുണ്ടാകുന്ന നിര്‍ണായക മാറ്റം ഊഹിക്കാവുന്നതേയുള്ളൂ.
തിരഞ്ഞെടുപ്പ് കമ്മിഷന് വോട്ടുകളുടെ കൃത്യം കണക്ക് വെളിപ്പെടുത്താതെ ശതമാനകണക്കു മാത്രം പറയുകയും അത് ഏതാനും ദിവസം കഴിഞ്ഞ് പെരുപ്പിക്കുകയുമൊക്കെ ചെയ്യുന്നതും ”കാണാതെ പോയ” ഇവിഎം യൂണിറ്റുകള്‍ മുഖേന ഏതെങ്കിലും തരത്തില്‍ ഫോം 17സിയുമായി പൊരുത്തപ്പെടാത്തവണ്ണം വോട്ടെണ്ണലില്‍ തിരിമറിക്കു സാധ്യതയുണ്ടാകുമോ എന്ന ബിജെപി ഇതര പാര്‍ട്ടികളുടെ ആശങ്കയും ചേര്‍ത്തുവായിക്കുമ്പോഴാണ് പലരും അപകടം മണക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖഡ്ഗെ ‘ഇന്ത്യ’ സഖ്യകക്ഷി നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ചുകൊണ്ട് നല്കിയ സന്ദേശം ‘എക്സ്’ പ്ലാറ്റ്ഫോമില്‍ കണ്ട് ഹാലിളകിയ മട്ടില്‍ ഇലക് ഷന് കമ്മിഷന്, അദ്ദേഹം ഉന്നയിച്ച ആറ് സുപ്രധാന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കുന്നതിനു പകരം കടുത്ത ഭീഷണിയുടെ സ്വരത്തില്‍ അദ്ദേഹത്തെ സെന്‍ഷര്‍ ചെയ്യുംവിധം ഒരു കുറ്റപത്രം പ്രസിദ്ധീകരിക്കുകയാണു ചെയ്തത്.
പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍, രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെ രാഷ് ട്രീയമായി ഇങ്ങനെ കടന്നാക്രമിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ധൈര്യം ലഭിക്കുന്നത് എവിടെനിന്നാകും?
ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും വോട്ടുരേഖപ്പെടുത്തിയവരുടെ ശരിയായ കണക്ക്, ഫോം 17സി സര്‍ട്ടിഫിക്കറ്റ് സ്കാന്‍ ചെയ്ത കോപ്പി സഹിതം, 48 മണിക്കൂറിനകം പ്രസിദ്ധീകരിക്കാന്‍ ഇലക് ഷന് കമ്മിഷനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാലാ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 6.10ന് വാദം കേള്‍ക്കാന്‍ തയാറായി. ആവശ്യമെങ്കില്‍ രാത്രി മുഴുവന്‍ വാദം കേള്‍ക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എതിര്‍വാദം മേയ് 24ന്, ആറാം ഘട്ട പോളിങ്ങിന്റെ തലേന്ന്, വെക്കേഷന് ബെഞ്ചാകും പരിഗണിക്കുക. ഇവിഎം യൂണിറ്റുകളെ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ പഴയ ബാലറ്റ് പേപ്പര്‍ വോട്ടിലേക്കു മടങ്ങിപ്പോവുകയോ, എല്ലാ വോട്ടിങ് മെഷീനോടൊപ്പമുള്ള വിവിപാറ്റ് സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുകയോ ചെയ്യണമെന്ന ഹര്‍ജിയില്‍ ഇത്തവണ രണ്ടാംഘട്ട പോളിങ് ദിനത്തിലാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. ഏഴു സെക്കന്‍ഡ് മാത്രം കാണാവുന്ന വിവിപാറ്റ് സ്ലിപ് വോട്ടര്‍ക്ക് കൈയിലെടുത്ത് വോട്ട് ഉറപ്പാക്കി ബാലറ്റ്പെട്ടിയില്‍ നിക്ഷേപിക്കാനും അത് എണ്ണാനുമുള്ള സംവിധാനം വേണമെന്ന വാദം തള്ളി, ഇവിഎം സിസ്റ്റത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരെ വിമര്‍ശിക്കുന്നതായിരുന്നു ആ വിധിതീര്‍പ്പ്. പോളിങ് കണക്കു വെളിപ്പെടുത്താതിരിക്കുന്നതിന് ആ വിധിപ്രസ്താവത്തെയും കമ്മിഷന് അഭിഭാഷകന് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ഒരു രാഷ്ട്രം, ഒരു നേതാവ്, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷം ഭേദഗതി ചെയ്ത തിരഞ്ഞെടുപ്പ് കമ്മിഷന് നിയമന ചട്ടങ്ങള്‍ പ്രകാരം പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് തിരഞ്ഞെടുത്തു നിയമിച്ച ചീഫ് ഇലക്ഷന് കമ്മിഷണറും മറ്റു രണ്ടു കമ്മിഷണര്‍മാരും തങ്ങളുടെ കൂറും വിധേയത്വവും പക്ഷപാതവും ഈ തിരഞ്ഞെടുപ്പില്‍ വേണ്ടുവോളം പ്രകടിപ്പിച്ചുകഴിഞ്ഞു.
സാധാരണഗതിയില്‍ ഓരോ ഘട്ടത്തിലും പോളിങ് പൂര്‍ത്തിയാകുമ്പോള്‍ ഇലക് ഷന് കമ്മിഷന് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി തിരഞ്ഞെടുപ്പിന്റെ പുരോഗതി രാജ്യത്തെ അറിയിക്കാറുണ്ട്. എന്നാല്‍ മോദിയുടെ മാതൃക പിന്തുടരുന്നതിനാലാകാം കമ്മിഷന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയാറായിട്ടില്ല.
ഹിന്ദുത്വ വര്‍ഗീയതയുടെ കൊടിയ വിദ്വേഷപ്രചാരണത്തിന്റെ സകല സീമകളും ലംഘിച്ച ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്നര്ക്കും കൂട്ടര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു നോട്ടീസ് പോലും നല്കാന് ധൈര്യം കാണിക്കാത്ത ഇലക് ഷന് കമ്മിഷനോട് ”നട്ടെല്ലു കാട്ടൂ, അല്ലെങ്കില്‍ രാജിവച്ചുപോകൂ” എന്നാവശ്യപ്പെട്ട് പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്മെന്റ്സ്, ഓള് ഇന്ത്യ ലോയേഴ്സ് അസോസിയേഷന് ഫോര്‍ ജസ്റ്റിസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിന് പോസ്റ്റ് കാര്‍ഡുകള്‍ നിര്‍വാചന്‍ സദനിലേക്ക് പ്രവഹിക്കുന്നുണ്ട്.
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച കോണ്‍ഗ്രസിനും ഇന്ത്യ സഖ്യകക്ഷികള്‍ക്കും വോട്ടുനല്കരുതെന്ന് കര്‍ണാടകയിലെ പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു. രാജ്യത്തെ രാമഭക്തരെയും ശിവഭക്തരെയും കോണ്‍ഗ്രസ് ഭിന്നിപ്പിക്കുന്നുവെന്നും മോദി പ്രസ്താവിച്ചു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ രാംലല്ലയെ വീണ്ടും ടെന്റിലാക്കും, അയോധ്യ രാമക്ഷേത്രത്തില്‍ ബാബ്റി താഴിട്ടുപൂട്ടും എന്ന് ഒരിടത്തു പ്രസംഗിച്ച പ്രധാനമന്ത്രി, യുപിയില്‍തന്നെ മറ്റൊരു റാലിയില്‍ ജനക്കൂട്ടത്തെ ഇളക്കാന്‍ പറഞ്ഞത്, കോണ്‍ഗ്രസ് രാമക്ഷേത്രം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുന്നതു തടയണമെങ്കില്‍ തനിക്ക് 400-ലേറെ എംപിമാരുടെ പിന്‍ബലം വേണം എന്നാണ്. ബുള്‍ഡോസര്‍ ആര്‍ക്കെതിരെ ഇറക്കണമെന്ന് യുപിയിലെ യോഗി ആദിത്യനാഥില്‍ നിന്നു പഠിക്കണമെന്നും മോദി ഗുണദോഷിക്കുന്നുണ്ട്.
ആദ്യഘട്ടങ്ങളിലെ പോളിങ് ട്രെന്‍ഡുകളില്‍ പ്രതികൂല റിപ്പോര്‍ട്ടുകള്‍ കണ്ട് ഉള്ളം കലങ്ങിയതുപോലെ, പോളിങ്ങിന്റെ മൂന്നാംഘട്ടത്തിനു തൊട്ടുമുന്‍പ് പ്രധാനമന്ത്രി അയോധ്യക്ഷേത്രം സന്ദര്‍ശിച്ച് സാഷ്ടാംഗപ്രണാമം അര്‍പ്പിച്ച് ഹിന്ദുത്വവികാരം പിന്നെയും ഉണര്‍ത്തി. രാഹുല്‍ ഗാന്ധി മഹാരാജാക്കന്മാരെയും രാജാക്കന്മാരെയും അപമാനിച്ചു, നവാബുമാരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്നും, കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിറയെ മുസ് ലിം താരങ്ങളാകുമെന്നും മോദി പറയുകയുണ്ടായി. ബംഗാളില്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നായിരുന്നു മോദിയുടെ മറ്റൊരു പരിദേവനം. സന്ദേശ്ഖാലിയിലെ പീഡന പരാതികളിലെ പ്രതിയുടെ പേര് ഷെയ്ഖ് ഷാജഹാന് എന്നായതിനാല്‍ മമതാ ബാനര്‍ജി നടപടിയെടുത്തില്ല എന്നും മോദി ആരോപിച്ചു.
മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മോദി ഈ സീസണില്‍ നടത്തിയ വിദ്വേഷപ്രചാണം സര്‍വകാല റെക്കോര്‍ഡാണ്.
രാജ്യത്ത് ശരിയത്ത് നിയമം പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുമ്പോള്‍, ശരിയത്ത് നടപ്പാക്കുകതന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് വോട്ടര്‍മാരെ ഉദ്ബോധിപ്പിക്കുന്നുണ്ട്. സൈന്യത്തില്‍ ജാതി സെന്‍സസ് നടത്തി ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്താന്‍ രാഹുല്‍ ഗാന്ധി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒരു പ്രചാരണ റാലിയില്‍ തട്ടിവിട്ടത്. ഇലക്ഷന് കമ്മിഷനാകട്ടെ ഇതൊന്നും അറിഞ്ഞ ഭാവമേയില്ല.
ഇതിനിടെ, കല്‍ക്കട്ട ഹൈക്കോടതി ഇലക് ഷന് കമ്മിഷന് ശക്തമായൊരു പ്രഹരം നല്കി. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വച്ച് ബിജെപി ഇറക്കിയ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഇലക് ഷന് കമ്മിഷന് ഗുരുതരമായ വീഴ്ച വരുത്തിയതായി ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ വിധിച്ചു. അപകീര്‍ത്തികരമായ പരസ്യം പ്രസിദ്ധീകരിക്കുന്നതു തടഞ്ഞുകൊണ്ട് ബിജെപിക്കും മാധ്യമങ്ങള്‍ക്കും കോടതി ഇന്ജങ്ഷന് ഉത്തരവ് നല്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെയും സ്ത്രീത്വത്തെയും അപമാനിച്ച ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയും കല്‍ക്കട്ട ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായയ്ക്ക് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ 24 മണിക്കൂര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വിലക്കു പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ആ ഉഗ്രശാസനയിലൂടെ പോക്കണംകേടിന് പിന്നെയും തൊങ്ങല് ചാര്‍ത്തുകയല്ലേ!