കൊച്ചി : കൊച്ചിയിൽ കൊക്കെയ്ൻ ഉൾപ്പടെ ലഹരി വസ്തുക്കളുമായി യുവതിയുൾപ്പടെ ആറംഗ സംഘം അറസ്റ്റിൽ. ഇന്നലെ എളമക്കരയിലെ ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആഷിഖ്, സൂരജ്, രഞ്ജിത്ത്, അസർ, അഭിൽ, അൽക്ക എന്നിരാണ് വിവിധ ഇനം ലഹരി വസ്തുക്കളുമായി പിടിയിലായത്. 18 മുതൽ 26 വയസ് വരെ പ്രായമുള്ളവരാണ് പിടിയിലായ പ്രതികൾ. വരാപ്പുഴ, തൃശൂർ, ഇടുക്കി, പാലക്കാട് സ്വദേശികളാണ് സംഘത്തിലുള്ളവർ .
ഒരു ഗ്രാം കൊക്കെയ്ൻ, ഒന്നര ഗ്രാം മെത്താഫെറ്റമിന്‍, എട്ട് ഗ്രാം കഞ്ചാവ് എന്നിവ മുറിയിലെ കട്ടിലിനടിയിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരി ഉപയോഗത്തിനുള്ള ഫ്യൂമിങ് ട്യൂബ്, സിറിഞ്ചുകള്‍ എന്നിവ ഇവരുടെ കൈവശമുണ്ടായിരുന്നു. മോഡലിങ്ങിനായി കൊച്ചിയിൽ എത്തിയ പ്രതികൾ പിന്നീട് മയക്കുമരുന്ന് ഉപയോഗത്തിലേക്കും വിപണനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത് .
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികൾ എളമക്കരയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസം തുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സംഘം നിരവധി പേര്‍ക്ക് ലഹരിമരുന്ന് വിതരണം ചെയ്തു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചാണ് ഇവർ വിൽപ്പന നടത്തുന്നത്. ലഹരിക്കച്ചവടത്തിന്റെ കണക്ക് പുസ്തകവും പൊലീസ് കണ്ടെത്തി. ഇതില്‍ ഇടപാടുകാര്‍ വാങ്ങിയ ലഹരിമരുന്നിന്റെ അളവുള്പ്പടെ രേഖപ്പെടുത്തിയിട്ടുണ്ട്.
മയക്കുമരുന്ന് സ്വന്തമായി ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. പരിശോധനയ്ക്കായി എത്തിയപ്പോഴും ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം പൊലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് കടന്നുകളഞ്ഞ അജിത്ത്, മിഥുന് മാധവ് എന്നിവര്‍ക്കായും അന്വേഷണം തുടരുകയാണ്. ഇവരാണ് സംഘത്തിലെ പ്രധാനികൾ എന്നാണ് വിവരം. പിടിയിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് അറിയിച്ചു.