തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍.
അത്യാസന്ന നിലയിലായിരുന്ന രാജേഷിനെ പരിചരിക്കാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ഈ കാരണത്താലാണ് പ്രതിഷേധം. ആശുപത്രിയില്‍നിന്ന് വന്നതിന് ശേഷം വേണ്ട ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ് രാജേഷ് മരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു .
കുടുംബത്തിന്റെ ഉത്തരവാദിത്വം എയര്‍ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് ആവശ്യം. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
മേയ് ഏഴിനാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാജേഷിനെ ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം മൂലം പോകാന്‍ കഴിഞ്ഞില്ല.
വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം അവസാനിക്കാത്തതുമൂലം യാത്ര മുടങ്ങി.13ന് രാവിലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് രാജേഷ് മരിച്ചത്.