വൈകാരികമായ ആഴത്തിലുള്ള ആഖ്യാനങ്ങള്‍ തയ്യാറാക്കാനുള്ള ഇറാനിയന്‍ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദിയുടെ കഴിവുകള്‍ ലോകസിനിമയില്‍ പലവുരു തെളിയിച്ചിട്ടുള്ളതാണ്. ഇത് ഫയര്വര്കസ് വെനസ്ഡേ, എബൗട്ട് എല്ലി, ദി പാസ്റ്റ്, എ സെപ്പറേഷന്‍, ദി സെയ്ല്സ്മാന് എന്നീ അദ്ദേഹത്തിന്റെ മുന്‍ സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അസ്ഗര്‍ ഫര്‍ഹാദിയുടെ സിനിമകള്‍ തിരശീലയില്‍ തെളിയുന്ന കഥകള്‍ മാത്രമല്ല; മനുഷ്യബന്ധങ്ങള്‍, സാമൂഹികമാനദണ്ഡങ്ങള്‍, ധര്‍മ്മസങ്കടങ്ങള്‍ എന്നിവയുടെ ഇഴകള്‍ കൊണ്ട് സങ്കീര്‍ണ്ണമായി നെയ്തെടുത്തവയാണ്.
‘എ ഹീറോ’ ഫര്‍ഹാദിയുടെ സമാനതകളില്ലാത്ത പ്രതിഭയുടെ മറ്റൊരു തെളിവായി നിലകൊള്ളുന്നു, വൈകാരികവും ചിന്തോദ്ദീപകവുമായ ഒരു സിനിമാറ്റിക് അനുഭവം പകര്‍ന്നു നല്കുന്നു ഈ സിനിമ.
ഇറാനിലെ ഷിറാസ് നഗരത്തിലാണ് കഥ നടക്കുന്നത്. കടം തിരിച്ചടക്കാന്‍ കഴിയാത്തതുമൂലം തടവിലാക്കപ്പെട്ട മുഖ്യകഥാപാത്രം രണ്ട് ദിവസത്തെ അവധിക്ക് നാട്ടില്‍ വരുന്നതും അയാളുടെ കടം വീട്ടാനുള്ള ശ്രമങ്ങളും അതിന്റെ സങ്കീര്‍ണ്ണതയും പ്രത്യാഘാതങ്ങളുമാണ് സിനിമയുടെ പ്രമേയം. സമകാലിക ഇറാന്റെ പശ്ചാത്തലത്തില്‍ തൊഴിലാളിയായ റഹീമിന്റെ യാത്രയാണ് ‘ദി ഹീറോ’ പിന്തുടരുന്നത്.
ഫര്‍ഹാദിയുടെ ചിത്രങ്ങളിലെല്ലാം വിവിധ ജീവിത പ്രശ്നങ്ങളില്‍ ഉഴലുന്ന കഥാപാത്രങ്ങളെ കാണാം. അവരുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമകളുടെ കാതല്‍. അമീര്‍ ജുദാദി അവതരിപ്പിച്ച റഹിം, സമകാലിക ഇറാനിയന്‍ സമൂഹത്തില്‍ മനുഷ്യന് അഭിമുഖീകരിക്കുന്ന അസ്തിത്വപരമായ പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്ന ഒരു കഥാപാത്രമാണ്. ഫര്‍ഹാദി തന്നെ ഒരുക്കിയ തിരക്കഥ വികാരങ്ങളുടെ ഒരു സിംഫണി പോലെ, കൃത്യതയോടെ ഒന്നിലധികം കഥാസന്ദര്‍ഭങ്ങള്‍ ഇഴ ചേര്‍ത്തിരിക്കുന്നു. റഹീമും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള പിരിമുറുക്കം നിറഞ്ഞ രംഗങ്ങള്‍ മുതല്‍ റഹീമും വേര്‍പിരിഞ്ഞ ഭാര്യയും തമ്മിലുള്ള ആത്മപരിശോധനയുടെ ശാന്തമായ നിമിഷങ്ങള്‍ വരെ, ഓരോ രംഗവും ആകര്‍ഷകവും പ്രേക്ഷകന്റെ മനസ്സിലേക്ക് എളുപ്പത്തില്‍ കയറിക്കൂടുന്നതുമാണ്. സ്നേഹവും കലഹവും വേര്‍പിരിയലും നഷ്ടപ്പെടലുകളും ഫര്‍ഹാദിയുടെ സിനിമകളെ നാടകീയമാക്കുമ്പോള് ഒപ്പം തന്നെ അവ യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്ക്കുന്നു. സംവിധായകന്റെ തികഞ്ഞ കയ്യടക്കം ഓരോ സിനിമകളിലും ദൃശ്യമാണ്.
ഫര്‍ഹാദി തന്റെ പതിവ് തീമുകളില്‍ നിന്നു വ്യതിചലിച്ചിട്ടില്ല, ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിച്ച് കാഴ്ചക്കാര്‍ക്ക് സമകാലിക ഇറാനിയന്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്നു.
പ്രധാന കഥാപാത്രങ്ങളുടെ ഉജ്ജ്വലമായ പ്രകടനങ്ങളും (പ്രത്യേകിച്ച് റഹീം എന്ന കഥാപാത്രമായ അമീര്‍ ജുദാദിയുടെ), ആകര്‍ഷകമായ തിരക്കഥയും സിനിമയുടെ പ്ലസ് പോയിന്റ് ആയി വര്‍ത്തിക്കുന്നു.
ഫര്‍ഹാദിയുടെ മുന്‍ ചിത്രങ്ങളായ, മധ്യവര്‍ഗ ഇറാനിയന്‍ കുടുംബങ്ങളുടെ കഥ പറയുന്ന എ സെപ്പറേഷന്‍, ദി സെയ്ല്സ്മാന് എന്നിവയുടെ തുടര്‍ച്ചായായി വന്ന ഈ ചിത്രവും വളരെയേറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2021ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്ത ഈ ചിത്രം പാം ഡി ഓര് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ആ വര്‍ഷത്തെ ഗ്രാന്‍ഡ ്പ്രിക്സ് അവാര്‍ഡ് നേടുകയും ചെയ്തു. 94-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ഇറാനിയന്‍ എന്‍ട്രിയായും ഇതു തിരഞ്ഞെടുക്കപ്പെട്ടു.
2003ലാണ് ഫര്‍ഹാദി ആദ്യ ഫീച്ചര്‍ സിനിമയായ ‘ഡാന്‍സിങ് ഇന്‍ ദ് ഡസ്റ്റ്’ സംവിധാനം ചെയ്തത്. തുടര്‍ന്ന് ദ് ബ്യൂട്ടിഫുള്‍ സിറ്റി (2004), ഫയര്‍ വര്‍കസ് വെനസ്ഡേ (2006) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഫയര്വര്കസ് വെനസ്ഡേ എന്ന ചിത്രത്തിന് ചിക്കാഗൊ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം ലഭിച്ചിരുന്നു. 2009ല്‍ സംവിധാനം ചെയ്ത എബൗട് എല്ലി എന്ന ചിത്രത്തിന് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള സില്വര്ബിയര് പുരസ്കാരം ലഭിച്ചു. അദ്ദേഹത്തെ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയനാക്കിയ എ സെപ്പറേഷന്‍ എന്ന ചിത്രം പുറത്തുവന്നത് 2011ല്‍ ആയിരുന്നു. മികച്ച ചിത്രത്തിനുള്ള ബെര്‍ലിന്‍ മേളയിലെ ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം ലഭിച്ചതോടെ ഇറാനില്‍ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ ചിത്രമായി എ സെപറേഷന് മാറി. ഈ ചിത്രത്തിനു മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരവും ലഭിച്ചു. 2016 ലാണ് പ്രസിദ്ധമായ ദ് സെയ്ല്സ്മാന് എന്ന ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം ലഭിച്ചിരുന്നു. 2012ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരിലൊരാളായി ടൈം മാഗസിന് പട്ടികയിലും ഫര്‍ഹാദി ഇടം നേടി.
സിനിമകള്‍ക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചു രാജ്യം വിട്ടുപോയ പ്രസിദ്ധ ഇറാനിയന്‍ സംവിധായകന് മൊഹ്സിന്‍ മക്മല്‍ബഫിനെ തിരിച്ചു കൊണ്ടുവരണമെന്നും ഇറാന് സര്‍ക്കാര്‍ ജയിലിലടച്ച പ്രസിദ്ധ സംവിധായകന് ജാഫര്‍ പനാഹിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ പേരില്‍ ഫര്‍ഹാദിക്ക് സിനിമ നിര്‍മിക്കുന്നതില്‍ നിന്ന് ഇറാന് സര്‍ക്കാര്‍ കുറച്ചു കാലത്തേക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇറാനിലെ പിന്തിരിപ്പനായ മത നിയമങ്ങളും, രാഷ്ട്രീയ-സാമൂഹിക അസ്ഥിരതകളുമെല്ലാം സൃഷ്ടിക്കുന്ന വെല്ലുവിളികളെ മറികടന്ന പ്രമുഖ ചലച്ചിത്രകാരന്മാരായ മൊഹ്സിന്‍ മഖ്മല്‍ ബഫ്, അബ്ബാസ് കിയരസ് തോമി, ബഹ്മാന് ഗൊബാദി, ജാഫര്‍ പനാഹി, മജീദ് മജീദി എന്നിവരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ മുന്പനാണ് ഫര്‍ഹാദി. അദ്ദേഹത്തിന്റെ ഭാര്യയായ പാരീസ ഭക്താവര്‍ ഇറാനിലെ പ്രമുഖ ചലച്ചിത്ര സംവിധായികയും മകളായ സരീന ഫര്‍ഹാദി സിനിമ സീരിയല്‍ നടിയുമാണ്. അന്‍പത്തിരണ്ടു കാരനായ അസ്ഗര്ഫര് ഹാദിയില്‍ നിന്നും ഇനിയും ഏറെ മഹത്തായ സൃഷ്ടികള്‍ ലോകസിനിമക്ക് പ്രതീക്ഷിക്കാം.