ഹോളോകോസ്റ്റ്
1941 മുതല്‍ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ നടപ്പാക്കിയ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജര്‍മനിയില്‍ അരങ്ങേറിയത്. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുന്‍പും അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഹോളോകോസ്റ്റ്. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാര് ഇക്കാലത്ത് വധിക്കപ്പെട്ടു. ഇരകളില്‍ 15 ലക്ഷത്തോളം കുട്ടികളും ഉള്‍പ്പെടുന്നു. യൂറോപ്പില്‍ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നില്‍ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി. നാസികള്‍ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെയും കൂട്ടിയാല്‍ ഏതാണ്ട് 110 ലക്ഷം പേരുടെ ജീവനാണ് ഹനിക്കപ്പെട്ടത്.
യുദ്ധാനന്തരം
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു. ജര്‍മനിയും സഖ്യകക്ഷികളും പരാജയപ്പെട്ടു. പക്ഷേ, ഹോളോകോസ്റ്റിന്റെ പിന്നാമ്പുറക്കാരായ പലരും ഇതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യുകയും വ്യാജനാമത്തില്‍ താമസമുറപ്പിക്കുകയും ചെയ്തു. സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, തെക്കേ അമേരിക്കയിലെ ബ്രസീല്‍, പരഗ്വേ, ചിലി, അര്‍ജന്റീന എന്നിവിടങ്ങളിലായിരുന്നു ഇവര്‍ പ്രധാനമായും ഒളിവില്‍ താമസിച്ചിരുന്നത്. ഇതില്‍ ഭരണകൂടത്തിന്റെ തുറന്ന പിന്തുണ നാസി കുറ്റവാളികള്ക്കുണ്ടായിരുന്ന രാജ്യമാണ് അര്‍ജന്റീന. ബെനിറ്റോ മുസ്സോളിനിയുടെ ഇറ്റാലിയന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന അര്‍ജന്റീനയുടെ പ്രസിഡന്റ് ജുവാന്‍ ഡൊമിംഗോ പെറോണ്‍ കയ്യയച്ച് അവരെ സഹായിച്ചു. ലക്ഷക്കണക്കിന് സെര്ബിയന്മാരെയും ജൂതന്മാരെയും റൊമാനികളെയും കൊലപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച ആന്റെ പാവലിക്, മരണവൈദ്യനെന്ന് അറിയപ്പെട്ടിരുന്ന ഡോ. ജോസെഫ് മെംഗലെ, ഹോളോകോസ്റ്റിന്റെ നിര്‍മാതാവായി അറിയപ്പെട്ടിരുന്ന അഡോള്‍ഫ് ഐച്ച്മാന്‍ എന്നിവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിന് സാമ്പത്തികവും വംശപരവുമായ പല കാരണങ്ങളുമുണ്ടായിരുന്നു.
1955-ല്‍ പെറോണിന്റെ സര്‍ക്കാര്‍ വീണതിന് ശേഷം പല നാസികളും അര്‍ജന്റീനയില്‍ നിന്നു പലായനം ചെയ്തു. പുതിയ ഭരണകൂടം, പെറോണിനോടും അദ്ദേഹത്തിന്റെ എല്ലാ നയങ്ങളോടും ശത്രുത പുലര്‍ത്തിയിരുന്നു. തങ്ങളെ യൂറോപ്പിലേക്ക് തിരിച്ചയച്ചേക്കുമെന്ന് നാസികള്‍ ഭയപ്പെട്ടു. അര്‍ജന്റീനയില്‍ തന്നെ തങ്ങിയ നാസികളില്‍ ഭൂരിഭാഗവും നിശബ്ദവും രഹസ്യവുമായ ജീവിതം നയിച്ചു. ജൂത വംശഹത്യ പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്ന അഡോള്‍ഫ് ഐച്ച്മാനെ 1961ല്‍ ഇസ്രായേലിന്റെ രഹസ്യഅന്വേഷണ ഏജന്‍സിയായ മൊസാദ്, ബ്യൂണസ് അയേഴ്സില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ഇസ്രായേലിലേക്ക് കടത്തി. അവിടെ വിചാരണ ചെയ്തു.
1954-ല്‍ ഓസ്ട്രിയയിലാണ് സിനിമ തുടങ്ങുന്നത്. അതൊരു ക്രിസ്മസ് രാത്രിയായിരുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റ് പീറ്റര്‍ മാല്കിന്റെ (ഓസ്കര് ഐസക്ക്) നേതൃത്വത്തില്‍ ഒരു സംഘം, നാസി യുദ്ധകുറ്റവാളിയെന്നു സംശയിക്കുന്ന ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തി അയാളെ പിടികൂടുന്നു. യഥാര്‍ത്ഥത്തില്‍ തങ്ങളന്വേഷിച്ച കുറ്റവാളിയായിരുന്നില്ല അതെന്ന് പീറ്റര്‍ തിരിച്ചറിയുമ്പോഴേക്കും പീറ്ററിന്റെ കൂട്ടാളികള്‍ അയാളെ വെടിവച്ചുകൊന്നിരുന്നു. കടുത്ത കുറ്റബോധത്താല്‍ മാനസിക പീഡനമേല്‍ക്കേണ്ടി വരുന്ന പീറ്റര്‍ ചാരസംഘടനയില്‍ നിന്നു വിട്ടു നില്ക്കുന്നു. കാടിനുള്ളില്‍ കുട്ടികളുമായി നില്ക്കുന്ന ഒരു യുവതിയെ ജര്‍മന്‍ പട്ടാളക്കാര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പീറ്ററിന്റെ ഓര്‍മകളില്‍ അയാളെ അസ്വസ്ഥനാക്കിക്കൊണ്ട് ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഏകദേശം ആറു വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ജന്റീനയിലെ ഒരു സിനിമാ തീയറ്ററിലേക്കാണ്് സംവിധായകന് ക്രിസ് വെയ്റ്റ്സ് കാണികളെ കൂട്ടിക്കൊണ്ടുപോകുന്നത്. സിനിമാ ഹാളില്‍ മറ്റുള്ളവര്‍ക്കു ശല്യമാകുന്ന വിധത്തില്‍ പൊട്ടിച്ചിരിക്കുന്ന യുവാക്കളില്‍ സുന്ദരനായ ക്ലോസ് ഐച്ച്മാനെ (ജോ ആല്വിന്) വിലക്കാന്‍ ശ്രമിക്കുന്ന സില്‍വിയയെയും (ഹേലി ലു റിച്ചാര്ഡ്സന്) കാണാം. ഇരുവരും തമ്മില്‍ അധികം താമസിയാതെ പ്രണയബദ്ധരാകുന്നു. സില്‍വിയ ജൂതവംശജയും ക്ലോസ് ജൂത വിരുദ്ധനും നിയോ നാസി പ്രസ്ഥാനത്തിലെ ഒരംഗവുമാണ്. ജൂതരെ അങ്ങേയറ്റം വെറുക്കുന്ന ഒരു പ്രമുഖ സംഘവുമായി ക്ലോസിന് അടുത്ത ബന്ധവുമുണ്ട്. തന്റെ പിതാവ് പ്രമുഖനായ നാസി മേധാവിയായിരുന്നുവെന്ന് ക്ലോസ് സില്‍വിയയോട് വീമ്പിളക്കുന്നുണ്ട്. അത്തരമൊരു യോഗത്തിലേക്ക് ക്ലോസ് സില്‍വിയയെ കൂട്ടിക്കൊണ്ടു പോകുകയും ജൂതവിരുദ്ധ പരാമര്‍ശങ്ങളില്‍ ഖിന്നയായ സില്‍വിയ അവിടെ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്നു. ഇരുവരും ഇതിന്റെ പേരില്‍ വഴക്കിലാകുന്നു.
ക്ലോസിന്റെ അമ്മാവന് റിക്കാര്‍ഡോ ക്ലെമന്റ്, ബെന്‍സ് കാര്‍ കമ്പനിയുടെ ശാഖയില്‍ ഫോര്‍മാനായി ജോലി ചെയ്യുകയാണ്. ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്ത് ഒരു വലിയ വയലിന്റെ നടുവില്‍ ഒറ്റപ്പെട്ട നിലയിലാണ് അയാളുടെ വീട്. വീട്ടില്‍ ഭാര്യയും മകനുമുണ്ട്. ക്ലോസിന്റെ വീട്ടിലെ കാര്യങ്ങള്‍ സില്‍വിയ തന്റെ പിതാവുമായി പങ്കുവയ്ക്കുന്നു. അയാള്‍ക്ക് പെട്ടെന്ന് ക്ലോസിന്റെ അമ്മാവന് റിക്കാര്‍ഡോ ക്ലെമന്റിനെ കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടാകുന്നു. സംശയം ഉടനെ തന്നെ അയാള്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ മേധാവിയെ അറിയിക്കുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ മൊസാദ് മടിക്കുന്നു. കാരണം, ഇത്തരത്തില്‍ നൂറുകണക്കിന് വിവരങ്ങളാണ് ഓരോ ദിവസവും ഓഫീസില്‍ ലഭിക്കുന്നത്. അതില്‍ 99 ശതമാനവും അടിസ്ഥാനമില്ലാത്തതുമായിരിക്കും. മറ്റൊന്ന് റിക്കാര്‍ഡോ ക്ലെമന്റ് എന്നയാള്‍ ഹോളോകോസ്റ്റിന്റെ ശില്പിയായ അഡോള്‍ഫ് ഐച്ച്മാന്‍ ആയിരിക്കാമെന്നാണ് ആരോപണം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടു വേണം അര്‍ജന്റീനയില്‍ നിന്ന് അയാളെ പിടികൂടി ഇസ്രായേലില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യാന്‍. അര്‍ജന്റീന രാഷ്ട്രീയ അഭയം കൊടുത്തിട്ടുള്ള ആളാണെങ്കില്‍, അഡോള്‍ഫ് ഐച്ച്മാനെ തട്ടിക്കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഒരു അന്വേഷണ സംഘത്തെ നിയമിക്കാന്‍ മൊസാദ് തീരുമാനിക്കുന്നു. നാസി വേട്ടയ്ക്ക് പ്രസിദ്ധനായ പീറ്റര്‍ മാല്ക്കിനേയും ടീമിലേക്ക് നിര്‍ബന്ധപൂര്‍വം ക്ഷണിക്കുന്നു. പീറ്ററിന്റെ മുന്‍ കാമുകിയും മറ്റൊരു ഏജന്റുമായിരുന്ന ഫിസീഷ്യന് ഡോ. ഹന്ന എലിയന്‍ (മെലാനി ലോറന്റ്) പീറ്ററിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ടീമില്‍ ചേരുന്നു. ഇരയെ ഇന്ജക്ഷന് കൊടുത്ത് മയക്കുകയാണ് ഡോ. ഹന്നയുടെ ജോലി. ഇസ്രായേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍-ഗുറിയോണ്‍ നേരിട്ടെത്തി സംഘത്തെ ആശംസകളര്‍പ്പിച്ച് യാത്രയാക്കുന്നു.
ബ്യൂണസ് അയേഴ്സില്‍ ഒരു സുരക്ഷിത ഭവനം (സേഫ് ഹൗസ്) കണ്ടെത്തി മൊസാദ് സംഘം അവിടെ താമസമാക്കുന്നു. അവരെ സഹായിക്കാന്‍ പ്രാദേശികരായ ചിലരുമുണ്ട്. ക്ലോസിന്റെ അമ്മാവനായ റിക്കാര്‍ഡോ ക്ലെമന്റ്, അഡോള്‍ഫ് ഐച്ച്മാന്‍ ആണോയെന്ന് ആദ്യമായി സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. ക്ലോസിനോ മറ്റാര്‍ക്കോ സംശയമില്ലാത്ത രീതിയിലായിരിക്കണം ഈ നീക്കം. ഇതിനായി സില്‍വിയയെ അവര്‍ സമീപിക്കുന്നു. ഭൂതകാലത്തിലെ നരകയാതനകള്‍ വേട്ടയാടിയ സില്‍വിയ, ക്ലോസിനോടുള്ള സ്നേഹം മാറ്റിവച്ചു കൊണ്ടു തന്നെ അതിന് തയ്യാറാകുകയാണ്. ക്ലോസിനെ അന്വേഷിച്ച് ചെന്ന പോലെ അവള് റിക്കാര്‍ഡോ ക്ലെമന്റിന്റെ വസതിയിലെത്തുന്നു. ക്ലോസിനോട് അവള് ക്ഷമാപണം നടത്തിയെങ്കിലും കോപാകുലനായിരിക്കുന്ന അയാള്‍ ക്ഷമിക്കാന്‍ തയ്യാറാകുന്നില്ല. റിക്കാര്‍ഡോ ക്ലെമന്റാണ് അയാളെ തണുപ്പിക്കാന്‍ ശ്രമിക്കുന്നത്. സില്‍വിയ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പിറകെ റിക്കാര്‍ഡോ ക്ലെമന്റും പുറത്തെത്തുന്നു. ആ നിമിഷത്തില്‍ തന്നെ വീടിനു പുറത്ത് റോഡരികില്‍ നിന്നിരുന്ന മൊസാദ് ഏജന്റ് അയാളുടെ ഫോട്ടോ തന്ത്രപൂര്‍വം എടുക്കുന്നു. സംശയകരമായ സാഹചര്യത്തില്‍ നില്ക്കുന്ന ഏജന്റിനെ റിക്കാര്‍ഡോ ക്ലെമന്റും കണ്ടു. വീടിനകത്തേക്കു കയറിപ്പോയി താന്‍ കണ്ടയാളുടെ ചിത്രം വരക്കുകയാണ് പിന്നീടയാള്‍ ചെയ്തത്.
റിക്കാര്‍ഡോ ക്ലെമന്റ് വേഷപ്രച്ഛന്നനായ അഡോള്‍ഫ് ഐച്ച്മാന്‍ ആണെന്നു ബോധ്യപ്പെട്ടതോടെ അയാളെ എങ്ങിനെ പിടികൂടി ഇസ്രായേലിലേക്കു കൊണ്ടുവരാമെന്ന് മൊസാദ് പദ്ധതിയിടുകയും ഇതിന്റെ റിഹേഴ്സല്‍ നടത്തുകയും ചെയ്യുന്നു. അഡോള്‍ഫ് ഐച്ച്മാന്‍, ഫാക്ടറി ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്കു വരുന്ന വഴിയില്‍ പീറ്ററും സംഘവും ചേര്‍ന്ന് അയാളെ പിടികൂടുകയും തങ്ങളുടെ സേഫ് ഹൗസില്‍ എത്തിക്കുകയും ചെയ്യുന്നു. കുറേയേറെ ചോദ്യം ചെയ്തിട്ടും താന്‍ റിക്കാര്‍ഡോ ക്ലെമന്റാണെന്ന് വാദിക്കുകയാണ് അയാള്‍. അഡോള്‍ഫ് ഐച്ച്മാനെന്ന ഒരാളെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് അയാള്‍ പറയുന്നു. പിന്നീടയാള്‍ സത്യം തുറന്നു പറയുന്നു. പക്ഷേ, താന്‍ കുറ്റവാളിയല്ല. തന്നെ മേലധികാരികള്‍ ഏല്പിച്ച ദൗത്യം നിറവേറ്റിയ ഒരു ഉദ്യോഗസ്ഥന് മാത്രമാണ് താനെന്നു അയാള്‍ വിശദീകരിക്കുന്നു. എന്തായിരുന്നു അയാളില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം? ലക്ഷക്കണക്കിന് ഇരകളെ കുപ്രസിദ്ധമായ ഓഷ് വിറ്റ്സ് അടക്കമുള്ള തടങ്കല്‍ പാളയത്തില്‍ എത്തിക്കുന്ന വാഹനങ്ങളുടെ ചുമതലക്കാരനായിരുന്നു അഡോള്‍ഫ് ഐച്ച്മാന്‍. എല്ലാ തടവുകാരും കൊലക്കളത്തില്‍ എത്തിയുമില്ല. വരുന്ന വഴികളില്‍ നീളമുള്ള തോടുകള്‍ കുഴിച്ച് അതില്‍ ഇരകളെ ഇറക്കിനിര്‍ത്തി തോടിന്റെ കരയില്‍ പട്ടാളക്കാരെ നിരത്തിനിര്‍ത്തി വെടിവച്ചു കൊല്ലും. പീറ്ററിന്റെ സ്വപ്നത്തില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന യുവതിയും കുട്ടികളും പീറ്ററിന്റെ സഹോദരിയും മക്കളുമായിരുന്നു. താന്‍ കല്പ്പിച്ചതനുസരിച്ച് അവര്‍ വെടിവച്ച് കൊല്ലപ്പെട്ടുവെന്ന് അഡോള്‍ഫ് ഐച്ച്മാന്‍ പറയുന്നുമുണ്ട്.
ഐച്ച്മാനെ കാണാതാകുന്നതോടെ അദ്ദേഹത്തെ ആരെങ്കിലും പിടികൂടിയിട്ടുണ്ടാകുമെന്ന് ക്ലോസ് സ്വാഭാവികമായും കരുതുന്നു. തന്റെ നവനാസി പ്രസ്ഥാനക്കാരുടേയും അര്‍ജന്റീന ഉദ്യോഗസ്ഥരുടേയും സഹായത്തോടെ അയാള്‍ അമ്മാവനെ തേടിയിറങ്ങി. യഥാര്‍ത്ഥത്തില്‍ ഐച്ച്മാന്‍ ക്ലോസിന്റെ അമ്മാവനല്ല, സ്വന്തം പിതാവു തന്നെയായിരുന്നു. അവരുടെ അന്വേഷണം സില്വിയയിലേക്കും അവളുടെ പിതാവിലേക്കും നീണ്ടു. അയാളെ അവര്‍ കസ്റ്റഡിയിലെടുത്തു. ഐച്ച്മാനെ സൂക്ഷിച്ചിരുന്ന സേഫ് ഹൗസില്‍ ജോലി ചെയ്തിരുന്ന ഒരു പ്രാദേശിക യുവതിയേയും അവര്‍ പിടികൂടി. ഐച്ച്മാനെ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നറിയാന് അവളെ പീഡിപ്പിക്കാന്‍ തുടങ്ങി.
ഐച്ച്മാനെ കണ്ണുകള്‍ മൂടിക്കെട്ടിയാണ് സേഫ് ഹൗസില്‍ ഒളിവില്‍ താമസിപ്പിക്കുന്നത്. ഭക്ഷണം അവര്‍ കോരിക്കൊടുക്കുകയാണ്. ബാത്ത്റൂമിലാണെങ്കില്‍ പോലും ഐച്ച്മാന്‍ കമ്പനിക്ക് ആളുണ്ടാകും. അയാള്‍ ഒരു സിഗററ്റിനായി യാചിച്ചിട്ട് അവര്‍ നല്‍കുന്നില്ല. ഒരിക്കല്‍ സോവിയറ്റ് സൈന്യത്തിന്റെ പിടിയില്‍ പെട്ടിട്ടും രക്ഷപ്പെട്ട ചരിത്രമുള്ള അയാളെ മൊസാദ് ഏജന്റുമാര്‍ പോലും ഭയക്കുന്നുണ്ട്. അയാളുമായി അധികസമയം ചെലവഴിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഇസ്രായേല്‍ എയര്‍ലൈനായ എല്‍ അല്‍ ആണ് ഐച്ച്മാനേയും മൊസാദ് ഏജന്റുമാരേയും തിരികെ കൊണ്ടുപോകേണ്ടത്. പക്ഷേ, വിമാനം എത്താന്‍ അവിചാരിതമായി താമസം നേരിട്ടു. പത്തു ദിവസത്തോളം അധികം അവര്‍ സേഫ് ഹൗസില്‍ തന്നെ താമസിക്കേണ്ടിയിരിക്കുന്നു. അതിനിടെ എയര്‍ലൈന്‍കാര്‍ മറ്റൊരു പ്രശ്നവും ഉന്നയിച്ചു. ഐച്ച്മാനെ ഇസ്രായേലിലേക്കു കൊണ്ടു പോകണമെങ്കില്‍ അദ്ദേഹത്തിന്റെ സമ്മതപത്രം വേണമെന്ന ആവശ്യമായിരുന്നു അത്. അതോടെ രേഖയില്‍ ഐച്ച്മാനെ ഒപ്പിടീവിക്കുവാന്‍ ഓരോ ഏജന്റുമാരും ശ്രമിച്ചു തുടങ്ങി. ആ രേഖയില്‍ താന്‍ ഒപ്പിട്ടാല്‍ അതു തന്റെ മരണവാറന്റ് ആകുമെന്ന് ഐച്ച്മാന്‍ അറിയാമായിരുന്നു.
എല്ലാവരും പരാജയപ്പെട്ടപ്പോള്‍ പീറ്റര്‍ ആ ദൗത്യം ഏറ്റെടുത്തു. ഭീഷണികള്‍ക്കു മുന്നിലൊന്നും ഐച്ച്മാന്‍ തെല്ലും അയഞ്ഞില്ല. ഒടുവില്‍ പീറ്റര്‍ അയാളെ പ്രീണിപ്പിക്കുവാന്‍ തുടങ്ങി. അയാളുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടും, സിഗരറ്റും വീഞ്ഞും നല്‍കിയും ഷേവ് ചെയ്തു കൊടുത്തും അയാളുമായി അടുത്തു. വിചാരണ നടക്കുന്നതിനു മുമ്പ് തന്റെ ഭാര്യയെ കാണാന്‍ സമ്മതിച്ചാല്‍ രേഖയില്‍ ഒപ്പിടാമെന്ന് ഐച്ച്മാന്‍ ഒടുവില്‍ സമ്മതിക്കുന്നു. അതോടെ ആ ദൗത്യത്തിലും പീറ്റര്‍ വിജയിക്കുകയാണ്. ഐച്ച്മാനെ ഒരു കൊലയാളി എന്നതിലുപരിയായി മനസ്സിലാക്കാനുള്ള പീറ്ററിന്റെ ശ്രമമാണ് ഓപ്പറേഷന് ഫിനാലെയ്ക്ക് വൈകാരികവും മാനസികവുമായ കരുത്ത് നല്‍കുന്നത്.
ഐച്ച്മാനുമായി മൊസാദ് ഏജന്റുമാര്‍ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പു തന്നെ ഐച്ച്മാനെ താമസിപ്പിച്ചിരുന്ന സേഫ് ഹൗസിനെ കുറിച്ച് ക്ലോസിനും കൂട്ടര്‍ക്കും അറിവു ലഭിച്ചു. അവര്‍ സന്നാഹങ്ങളുമായി സേഫ് ഹൗസില്‍ എത്തുന്നതിനു തൊട്ടുമുമ്പായി ഇസ്രായേല്‍ ഏജന്റുമാര്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ വിമാനത്താവളത്തില്‍ ഇസ്രായേല്‍ എയര്‍ലൈന്‍സിനു ടേക്ക് ഓഫ് അനുമതി നല്കുന്ന രേഖ ഒരു അര്‍ജന്റീനിയന്‍ പൊലീസുകാരന് മോഷ്ടിക്കുന്നു. പിന്നാലെ എത്തിക്കൊണ്ടിരിക്കുന്ന ക്ലോസിനും സംഘത്തിനും അവരെ പിടികൂടാന്‍ സമയം ലഭിക്കാനായിരുന്നു അത്. വിമാനത്തില്‍ നിന്ന് പീറ്റര്‍ വിമാനത്താവള ഓഫീസിലേക്ക് ഓടി, വീണ്ടും സമ്മതപത്രം സംഘടിപ്പിച്ചു. തിരിച്ച് വിമാനത്തിലേക്ക് കയറാന്‍ പീറ്ററിന് സമയമുണ്ടായിരുന്നില്ല. വിമാനം അതിനു മുമ്പേ പറന്നുപോയി.
ഇസ്രായേലില്‍ ഐച്ച്മാന്റെ വിചാരണയുടെ അവസാന ദിനത്തിലാണ് പീറ്റര്‍ തിരികെയെത്തുന്നത്. കുപ്രസിദ്ധ കുറ്റവാളിയെ പിടികൂടുകയും അയാളില്‍ നിന്നു സമ്മതപത്രം വാങ്ങുകയും വിമാനം പറന്നുയരാന്‍ സഹായകരമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്ത പീറ്ററിനെ കോടതി കവാടത്തില്‍ തടഞ്ഞുവക്കുന്നുണ്ട്. സുഹൃത്തായ മറ്റൊരു ഏജന്റ് എത്തിയാണ് അദ്ദേഹത്തെ കോടതിക്കുള്ളിലേക്കു കൊണ്ടുപോകുന്നത്. ലോകം മുഴുവന്‍ ടെലിവിഷനില്‍ ആദ്യമായി പ്രക്ഷേപണം ചെയ്ത ഹോളോകോസ്റ്റ് വിചാരണ സിനിമയില്‍ ഏതാനും സമയം കൊണ്ട് പുനരവതരിപ്പിക്കുന്നു. വെടിയുണ്ടയേല്‍ക്കാത്ത കണ്ണാടിക്കൂട്ടിലിരിക്കുന്ന ഐച്ച്മാനും കാണികള്‍ക്കിടയിലിരിക്കുന്ന പീറ്ററും പരസ്പരം കാണുന്നുണ്ട്. ഐച്ച്മാനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതോടെ അനേക വര്‍ഷങ്ങളായി പീറ്ററിന്റെ ഉറക്കം കെടുത്തിയിരുന്ന ദുസ്വപ്നങ്ങളും അവസാനിച്ചു. പക്ഷേ മൊസാദിന്റെ ഉന്നതരുടെ പേരുകള്‍ മാത്രമേ ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട് പ്രസിദ്ധിയാര്ജ്ജിച്ചുള്ളൂ. അക്കാര്യത്തില്‍ പരാതി പറയുന്ന സുഹൃത്തിനോട് പീറ്റര്‍ ചിരിച്ചുകൊണ്ടു പറയുന്നു, ‘അതങ്ങനെയേ വരൂ, നല്ല കാര്യങ്ങളില്‍ വലിയവരുടെ പേരുകള്‍ മാത്രമേ എന്നും രേഖപ്പെടുത്താറുള്ളൂ’. ഏജന്റ് പീറ്റര്‍ മാല്കും മറ്റു മൊസാദ് ഏജന്റുമാരും ചരിത്രത്തില്‍ നിന്നുള്ളവര്‍ തന്നെ. അതേസമയം ഇസ്രായേല്‍ എയര്‍ലൈന്‍സിന്റെ കടുംപിടുത്തം എളുപ്പം മനസിലാക്കാന്‍ കഴിയുന്നതല്ല, സിനിമയുടെ പിരിമുറുക്കത്തിനു വേണ്ടി ചേര്‍ത്തതാണോ ഇതെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, പ്രധാനമന്ത്രി അറിഞ്ഞ് നടത്തിയ ഓപ്പറേഷനില്‍ ഇത്തരം നിസാര കാര്യങ്ങള്‍ വലിയ തടസങ്ങളായി മാറിയെന്നത് അവിശ്വസനീയം തന്നെ.
അഡോള്‍ഫ് ഐച്ച്മാന്‍ കിംഗ്സിലിയുടെ കൈകളില്‍ ഭദ്രമാണ്. അദ്ദേഹത്തിന്റെ നോട്ടങ്ങള്‍, നിശബ്ദത, പൊട്ടിത്തെറി എല്ലാം ജീവസുറ്റതാണ്. മാനസിക സമ്മര്‍ദ്ദത്തില്‍ വീര്‍പ്പുമുട്ടുന്ന പീറ്ററിനെ ഓസ്കര് ഐസക്കും മനോഹരമാക്കി. 1960കാലത്തെ അര്‍ജന്റീനയുടെ പുനരവതരണവും സിനിമയുടെ കാലത്തിനോട് ചേര്‍ന്നു സംവദിക്കുന്നു.
എഴുത്തുകാരന്, നിര്‍മ്മാതാവ്, സംവിധായകന് എന്നീ നിലകളില്‍ ക്രിസ് വെയ്റ്റ്സിന്റെ ഹോളിവുഡ് കരിയര്‍ അമേരിക്കന്‍ പൈ, എബൗട്ട് എ ബോയ്, ട്വിലൈറ്റ്: ന്യൂ മൂണ്‍, റോഗ് വണ്‍ എന്നിവയുള്‍പ്പെടെ വിവിധ സിനിമകളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന് ഫിനാലെ അദ്ദേഹത്തിന്റെ ആദ്യ ചരിത്ര സംരംഭമാണ്.