ഇംഫാല്‍: മണിപ്പൂരിൽ വംശീയ ഉന്മൂലനത്തിനായി ആസൂത്രണം ചെയ്യപ്പെട്ട കലാപം ഒരുവർഷം പിന്നിടുന്നു .ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയുടെ ഫലമായി സമാധാനം പുനഃസ്ഥാപിക്കപ്പെടാതെ ഇന്നും അശാന്തിയിലാണ് മണിപ്പൂർ. കുടിയിറക്കപ്പെട്ടവർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിത ജീവിതം നയിക്കുകയാണ്. ഒന്നാം വാർഷികം പ്രമാണിച്ച് നിരവധി പ്രതിഷേധ-പ്രാർത്ഥനാ യോഗങ്ങളാണ് സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്.
മെയ് മൂന്ന് മണിപ്പൂർ ജനതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മെയ്തെയ് – കുക്കി വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടി. കലാപത്തിൽ മണിക്കൂറുകൾ കൊണ്ട് ഒരു സംസ്ഥാനം രണ്ടായി പിളർന്നു. ഇടകലർന്ന് ജീവിച്ചവർ പരസ്പരം ചോരയ്ക്കായി ആക്രമണം തുടർന്നു. കുക്കി – മെയ്തെയ് വനിതകൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. കലാപം ആരംഭിച്ച് ഒരു വർഷം ആകുമ്പോൾ ഭീതി തുടരുകയാണ് മണിപ്പൂരിൽ. സംഘർഷങ്ങൾ ഇപ്പോഴും പലയിടത്തും തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ അതേപടി തുടരുന്നു. ജീവനും കൊണ്ട് സ്വന്തം വീടുകളിൽ നിന്ന് ഓടി രക്ഷപ്പെട്ടവരാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 220 പേർക്കാണ് കലാപത്തിൽ ജീവൻ നഷ്ടമായത്.
യഥാർത്ഥ കണക്ക് അതിലും കൂടും എന്നാണ് കുക്കി – മെയ്തെയ് വിഭാഗങ്ങൾ പറയുന്നത്. ഇത്രയും വലിയ കലാപം ഉണ്ടായിട്ടും പ്രധാനമന്ത്രി സന്ദർശിക്കാത്തത് അടക്കം ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിൻ്റെ പ്രധാന പ്രചാരണ വിഷയമാണ്.