ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യം ശക്തമാക്കുന്നതിനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉതകുന്ന വിധത്തില്‍ സമ്മതിദാനാവകാശം വിവേകപൂര്‍വ്വം ഉപയോഗിക്കുവാന്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും രാഷ് ട്രീയകാര്യ സമിതി കണ്‍വീനറുമായ ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ് ട്രീയകാര്യ സമിതി ജോയിന്റ് കണ്‍വീനറും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പ്രസിഡന്റുമായ അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്ന വിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെയും സമൂഹത്തിന്റെയും ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രാഷ്ട്രീയ കാര്യസമിതി ആഹ്വാനം നല്കി.
ഇന്ത്യയുടെ മതേതര സ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതു മൂലം ജനാധിപത്യ വ്യവസ്ഥിതി ദുര്‍ബലമാക്കപ്പെടുന്നത് ആശങ്ക വളര്‍ത്തുന്നു. പൗരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തുന്നത് അനീതിയാണ്. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധത പരോക്ഷമായും പ്രത്യക്ഷമായും ശക്തിപ്പെടുന്നത് ഭയം ഉളവാക്കുന്നു. മണിപ്പുര്‍ ഉള്‍പ്പടെയുള്ള ഉത്തര കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും ആരാധനാലയങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരന്തരം അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. ക്രമസമാധാനവും പൗരാവകാശങ്ങളും ഉറപ്പാക്കേണ്ട ഭരണാധികാരികളുടെ നിശബ്ദത ഭീതി ജനിപ്പിക്കുന്നു.
രാജ്യത്തിന്റെ മതേതര സ്വഭാവം അപകടകരമായ വിധം ചോദ്യം ചെയ്യപ്പെടുകയാണ്. മതസ്വാതന്ത്യം ഹനിക്കപ്പെടും വിധം നിയമങ്ങള്‍ രൂപപ്പെടുത്തുകയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ദുര്‍ബലരുടെയും ഇടയിലുള്ള സേവനങ്ങളെ നിയന്ത്രിക്കുന്ന വിധം സങ്കേതിക നൈയാമിക തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് നിഗൂഢലക്ഷ്യങ്ങളോടെയുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ മതനിരപേക്ഷതയിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമാണ് സ്വീകരിക്കപ്പെടേണ്ടത്.
സമ്പദ്ശക്തികള്‍ രാഷ്ട്രീയ ചങ്ങാത്തത്തിലൂടെ അനുദിനം ശക്തരാകുകയും ദേശീയ വിഭവങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്യുമ്പോള്‍ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും ദുര്‍ബലരുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണ്. രാജ്യത്ത് വിഭാഗീയത ശക്തമാക്കുകയും അസ്വസ്ഥത വളര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കാന്‍ കഴിയുന്ന ജനാധിപത്യ മതേതര ശക്തികള്‍ക്ക് കരുത്തു പകരാന്‍ ഈ തിരഞ്ഞെടുപ്പിലൂടെ കഴിയണം. ഇതിനെതിരെയുള്ള അരാഷ്ട്രീയ ശ്രമങ്ങള്‍ പ്രോത്സാഹിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പില്‍ ദേശീയ സാഹചര്യങ്ങളാണ് മുന്‍തൂക്കം നേടുന്നതെങ്കിലും കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന അതിജീവന പ്രശ്നങ്ങളോടും സാമൂഹിക നീതിയിലധിഷ്ഠിതമായ ആവശ്യങ്ങളോടും സര്‍ക്കാരും രാഷ്ട്രീയ മുന്നണികളും പുലര്‍ത്തുന്ന നിസംഗതയും കെആര്‍എല്‍സിസി വിവിധ തലങ്ങളില്‍ പരിശോധിക്കുകയുണ്ടായി. അധികാരത്തിന്റെയും സമ്പത്തിന്റെയും നീതിപൂര്‍വ്വകമായ വിതരണത്തിന് അടിസ്ഥാന വിവരശേഖരമായി തീരുന്ന സാമൂഹിക സാമ്പത്തിക നിജസ്ഥിതി ജാതി സെന്‍സസ് സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇടതുമുന്നണി നേതൃത്വം അനുകൂലമായ നിലപാട് പ്രകടനപത്രികയിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എത്രയും വേഗം അനുകൂലമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
പിന്നാക്ക ദുര്‍ബല ജനസമൂഹങ്ങള്‍ക്ക് നീതിയും നിയമാനുസൃത അവകാശങ്ങളും ലഭ്യമാക്കേണ്ട ഘട്ടങ്ങളില്‍ ഭരണകൂടം നിസ്സംഗമാകുകയും നിശ്ചലമാക്കുകയും ചെയ്യുകയാണു പതിവ്. എന്നാല്‍ സവര്‍ണ മുന്നാക്ക ജനവിഭാഗങ്ങള്‍ക്കായുള്ള കാര്യങ്ങള്‍ക്ക് അസാധാരണമായ ഉത്സുകതയും കാര്യനിര്‍വഹണ ജാഗ്രതയും പ്രകടിപ്പിക്കപ്പെടുന്നതായി കാണാം. ഇക്കാര്യം കെആര്‍എല്‍സിസി ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്.
വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളില്‍ അകാരണമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ഒരു ഭാഗം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാശ്യമായ പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയും മുഴുവന്‍ കേസുകളും അവസാനിപ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകുകയും വേണം. തീരദേശത്തെ പ്രതിസന്ധികളും വികസന പ്രശ്നങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല സര്‍ക്കാര്‍ സമീപിച്ചിട്ടുള്ളത്.
കടലും തീരവും കടലിന്റെ മക്കള്‍ക്ക് അന്യമാകുന്ന വികസനവും നയപരിപാടികളുമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. 2019-ലെ തീരപരിപാലന വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നവിധം കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ളാന്‍ രൂപപ്പെടുത്തി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ തീരദേശത്തെ ഗൗരവമേറിയ പ്രശ്നങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. മലയോരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും വന്യജീവികളുടെ അക്രമങ്ങള്‍ പ്രതിരോധിക്കുന്നതിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നും കെആര്‍എല്‍സിസി വിലയിരുത്തി.
സമദൂരമെന്ന രാഷ്ട്രീയനയത്തില്‍ നിന്നു വ്യതിയാനം ഉണ്ടാവുന്നില്ലെങ്കിലും പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചുവരുന്ന രീതി ഈ പൊതുതിരഞ്ഞെടുപ്പിലും തുടരുന്നതാണ്. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വ സമഗ്രതയും പ്രവര്‍ത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ നീതിപൂര്‍വ്വമായ ആവശ്യങ്ങളോടുള്ള നിലപാടുകളും പരിഗണിക്കപ്പെടണം.
ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യം ശക്തമാക്കുന്നതിനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉതകുന്ന വിധത്തില്‍ സമ്മതിദാനാവകാശം വിവേകപൂര്‍വ്വം ഉപയോഗിക്കുവാന്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും രാഷ് ട്രീയകാര്യ സമിതി കണ്‍വീനറുമായ ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ് ട്രീയകാര്യ സമിതി ജോയിന്റ് കണ്‍വീനറും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പ്രസിഡന്റുമായ അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.