ജെക്കോബി
പത്തു വര്‍ഷത്തെ ഡല്‍ഹി വാഴ്ചയ്ക്കിടെ ഒരിക്കല്‍ പോലും ഇന്ത്യയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൂന്നാം വരവിന്’ കോപ്പുകൂട്ടുമ്പോള്‍, മോദിയുടെ പ്രഭാവത്തില്‍ വ്യാമുഗ്ധരായ ചില രാജ്യാന്തര മാധ്യമസംഘങ്ങളും ബിജെപിയുടെ പ്രൊപ്പഗാന്‍ഡ തന്ത്രങ്ങളുടെ താളത്തിനു തുള്ളുന്നുണ്ട്. അമേരിക്കന്‍ വാര്‍ത്താവാരികയായ ‘ന്യൂസ് വീക്ക്’ മോദിയുടെ അസാധാരണമായ ഒരു ‘ഇന്റര്‍വ്യൂ’ അദ്ദേഹത്തിന്റെ മുഖചിത്രം സഹിതം പ്രസിദ്ധീകരിച്ചത് രാജ്യത്തെ മോദി സ്തുതിപാഠകരായ മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇന്ദിരാഗാന്ധി 1966 ഏപ്രില്‍ മാസം ന്യൂസ് വീക്കിന്റെ കവര്‍ പേജില്‍ അവതരിപ്പിക്കപ്പെട്ട ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ആ ഇന്റര്‍നാഷണല്‍ മാഗസിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെടുന്നത്.
ഹിന്ദി മൈതാനപ്രസംഗങ്ങളില്‍ ബഹുകേമനാണെങ്കിലും സ്ക്രിപ്റ്റില്ലാതെ ‘അഭിമുഖം’ നല്കുന്നതില് വൈമുഖ്യമുള്ള പ്രധാനമന്ത്രി മോദിക്ക് നേരത്തേ എഴുതിക്കൊടുത്ത ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാര്യാലയം രേഖാമൂലം മറുപടി നല്‍കുകയും പിന്നീട് ഇന്റര്‍വ്യൂ എന്ന പേരില്‍ ഫോട്ടോഓപ്പിനായി ന്യൂസ് വീക്ക് സിഇഒ ദേവ് പ്രഗഡ്, ഗ്ലോബല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നാന്‍സി കൂപ്പര്‍, എഡിറ്റോറിയല്‍ ഡയറക്ടര്‍ ഏഷ്യ ഡാനിഷ് മന്‍സൂര്‍ ഭട്ട് എന്നിവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഒന്നര മണിക്കൂര്‍ ചെലവഴിക്കുകയും ചെയ്തതായി ന്യൂയോര്‍ക്കില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ആ വാരികതന്നെ മുന്‍കൂര്‍ ജാമ്യമെടുക്കുംപോലെ വെളിപ്പെടുത്തുന്നുണ്ട്. ഒരു ചോദ്യവുമില്ലാതെ ഉപശീര്‍ഷകങ്ങളോടെ ഓരോ വിഷയം അവതരിപ്പിക്കുന്നതാണ് ഈ വിചിത്ര ഇന്റര്‍വ്യൂ. സ്വാഭാവികമായും ഉപചോദ്യങ്ങളോ വിശദീകരണമോ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത് ജേണലിസമല്ല, സ്റ്റെനോഗ്രഫിയാണ് എന്ന് ഫിനാന്‍ഷ്യല്‍ ടൈംസിലെ അസോഷ്യേറ്റ് എഡിറ്റര്‍ എഡ്വേര്‍ഡ് ലൂസ് പ്രതികരിക്കുന്നത് വെറുതെയല്ല.
‘വിവേചനങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍’ എന്ന ഉപശീര്‍ഷകത്തിനു താഴെ മോദിയുടേതായ കുറിപ്പ് ഇങ്ങനെ: ”തങ്ങളുടെ കുമിളകള്‍ക്കു പുറത്ത് ആളുകളെ നേരിട്ടു കാണാന്‍ മടിക്കുന്ന ചിലരുടെ പതിവ് വാചാടോപമാണിത്.”
”ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുന്നു എന്നു പറയുന്നവര്‍ക്ക് വിവരമില്ല. രാജ്യത്തെ ആറു ലക്ഷം പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഭരിക്കുമ്പോള്‍ ജനാധിപത്യം അപകടത്തിലാണെന്നു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്!” മോദിയുടെ മറ്റൊരു ന്യായം. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിരീക്ഷണത്തില്‍, ഇന്ത്യയില്‍ ഒന്നര ലക്ഷം രജിസ്റ്റേഡ് അച്ചടിമാധ്യമങ്ങളും ആയിരകണക്കിന് ടിവി ന്യൂസ് ചാനലുകളുമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ‘മന് കീ ബാത്ത്’ എന്ന ആത്മഭാഷണത്തിന്റെ തമ്പുരാന്, ജനാധിപത്യഭരണത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റിലായാലും മാധ്യമങ്ങളിലൂടെയായാലും മറുപടി പറയാനുള്ള സാമാന്യമര്യാദ കാട്ടണമെന്ന ബോധം തരിമ്പുമില്ല. ഡല്‍ഹിയില്‍ ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച മോദി ലോകമാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും പറയുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡനോട് യുഎസ് ഔദ്യോഗിക സംഘം പരാതിപ്പെട്ടു. എന്തായാലും, 2023 ജൂണില്‍ യുഎസ് സന്ദര്‍ശനവേളയില്‍ വൈറ്റ്ഹൗസിലെ ഈസ്റ്റ് റൂമില്‍ വാര്‍ത്താലേഖകരെ കാണാന്‍ ബൈഡന് മോദിയെ നിര്‍ബന്ധിച്ചപ്പോള്‍, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെക്കുറിച്ച് ധൈര്യപൂര്‍വം ചോദ്യമുന്നയിച്ച വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖിയെ ‘പാക്കിസ്ഥാനി ഇസ് ലാമിസ്റ്റ്’ എന്നും മറ്റും വിളിച്ച് അധിക്ഷേപിച്ച ബിജെപി സോഷ്യല്‍ മീഡിയ സെല്ലിനെ ലോകമാധ്യമങ്ങള്‍ക്കു മുന്‍പാകെ ശാസിക്കേണ്ടിവന്നു, ബൈഡന്റെ മാധ്യമ ഉപദേഷ്ടാവിന്.
മോദിയുടെ സംഘപരിവാര്‍ ഭരണം ഒരു ദശകം പൂര്‍ത്തിയാക്കുമ്പോള്‍ ജനാധിപത്യത്തിന്റെ എല്ലാ അന്തഃസത്തകളും അവമതിക്ക് വിധേയമാക്കപ്പെട്ടുകഴിഞ്ഞു. മനുഷ്യരുടെ അടിസ്ഥാന വിഷയങ്ങള്‍ രാഷ് ട്രീയ സംവാദങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ആഖ്യാനങ്ങള്‍ പടച്ചുവിടുക എന്ന കുത്സിത തന്ത്രംതന്നെയാണ് മോദി ഈ തിരഞ്ഞെടുപ്പിലും പ്രയോഗിക്കുന്നത്.
മുസ് ലിംവിരുദ്ധ വായ്ത്താരിയിലൂടെ വംശീയ വിദ്വേഷം വളര്‍ത്തി ഭൂരിപക്ഷ ഹിന്ദുത്വ വികാരത്തെ തൃപ്തിപ്പെടുത്താനും പ്രതിപക്ഷത്തെ സനാതന ധര്‍മത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കാനുമാണ് ‘മുഗള്‍ മനോഭാവം,’ നോണ്‍-വെജ് ഭക്ഷണത്തോടുള്ള പ്രതിപത്തി തുടങ്ങിയ ആക്ഷേപഹാസ്യവുമായി മോദി തിരഞ്ഞെടുപ്പു റാലികളില്‍ ബിഹാറിലെ രാഷ് ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ് ‘ചൈത്ര നവരാത്രിയില്‍’ ഹെലികോപ്റ്ററില്‍ ഇരുന്ന് വറുത്ത മീന്‍ തിന്നുന്നതിന്റെ വീഡിയോയും, കഴിഞ്ഞ വര്‍ഷം ‘ശ്രാവണ’ നാളില്‍ ന്യൂഡല്‍ഹിയിലെ പണ്ടാര പാര്‍ക്കില്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ വീട്ടില്‍ രാഹുല്‍ ഗാന്ധി മട്ടണ്‍ കറിയുടെ പാചകക്കുറിപ്പ് ലാലുവില്‍ നിന്നു വാങ്ങി മട്ടണ്‍ രുചിക്കുന്നതിന്റെയും വീഡിയോയും വന്‍ വിവാദവിഷയമായി അവതരിപ്പിക്കുന്നത്.
‘മോദി കി ഗ്യാരണ്ടി’ എന്ന പേരില്‍ 67 പേജുകളിലായി ബിജെപി സങ്കല്പ് പത്ര എന്ന തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ അവതരിപ്പിക്കുന്ന 24 ഉറപ്പുകളെക്കുറിച്ചോ, തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലക്കയറ്റം, ദേശീയ വരുമാനത്തിലെ ഇടിവ്, പ്രതിശീര്‍ഷ വരുമാനത്തിലെ പിന്നാക്കാവസ്ഥ, യഥാര്‍ഥ വളര്‍ച്ചാനിരക്കിലെ താഴ്ച, വ്യവാസായിക ഉത്പാദന സൂചികയിലെ ഇടിവ്, മണിപ്പുര്‍, ലദ്ദാഖിലെയും അരുണാചല്‍ പ്രദേശിലെയും ചൈനീസ് സേനയുടെ കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചോ പ്രത്യേകിച്ചൊന്നും പറയാനില്ലാതെ, ഒരു രാജ്യം, ഒരു നേതാവ്, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്ന ആര്‍എസ്എസ് പല്ലവി പാടുന്ന മോദിക്ക് ചുട്ട മറുപടി നല്കാന് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ വേണം: ”മോദി ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍, രാവിലെ ഗോമൂത്രം കുടിക്കാനും ഉച്ചയ്ക്ക് ചാണകം തിന്നാനും അവര്‍ പറയും. നിങ്ങള്‍ എന്തു ഭക്ഷിക്കണമെന്നും എങ്ങനെ കിടക്കണമെന്നുമൊക്കെ അവര്‍ തീരുമാനിക്കും.” രാജ്യത്തെ ഹിന്ദുക്കളെല്ലാം ശുദ്ധ സസ്യാഹാരം കഴിക്കണമെന്നും ഭൂരിപക്ഷത്തിന്റെ വികാരം മാനിക്കാന്‍ മറ്റുള്ളവര്‍ മാംസാഹാരം കഴിക്കരുതെന്നും നിശ്ചയിക്കാന്‍ മോദി ആരാണെന്ന് മമത ചോദിക്കുന്നുണ്ട്.
2014-ലെ പ്രകടനപത്രികയില്‍ പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. അതു പ്രകാരം കഴിഞ്ഞ 55 മാസത്തിനിടെ ഒന്‍പതു കോടി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കേണ്ടതായിരുന്നു. രാജ്യത്ത് ഒന്‍പതു ലക്ഷംപേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞോ? തൊഴില്‍ മേഖലയെക്കുറിച്ച് സൂക്ഷ്മമായ മൗനം പാലിക്കുന്നുണ്ട്, മോദിയുടെ സങ്കല്പ പത്രത്തില്‍. രാജ്യത്തെ നീറുന്ന പ്രശ്നങ്ങളിലൊന്നായ തൊഴിലില്ലായ്മയെ സംബന്ധിച്ച് എന്തേ മോദി മിണ്ടുന്നില്ല? രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിലെ വര്‍ധന 2014-ല്‍ 5.3 ശതമാനം ആയിരുന്നത് 2023 ആയപ്പോഴേക്കും 8.1 ശതമാനമായി എന്നതുതന്നെ കാരണം.
അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) മാര്‍ച്ച് അവസാന വാരം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ മൊത്തം തൊഴില്‍രഹിതരില്‍ 83 ശതമാനം യുവജനങ്ങളാണ്. ഇന്ത്യയുടെ തൊഴില്‍ അനുപാതം മറ്റേതൊരു ദക്ഷിണേഷ്യന്‍ രാജ്യത്തെക്കാളും കുറഞ്ഞ കാലഘട്ടമായിരുന്നു 2000 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങള്‍. ഒരു രാജ്യത്തിന്റെ മൊത്തം തൊഴില്‍സേനയും നിലവില്‍ തൊഴില്‍ ചെയ്യുന്നവരും തമ്മിലുള്ള അനുപാതമാണ് ഇവിടെ കണക്കാക്കുന്നത്. 2018 മുതല്‍ സ്ഥിരം തൊഴില്‍ എന്നത് സ്വപ്നം മാത്രമായി മാറിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത തൊഴിലവസരങ്ങളാണ് അനൗപചാരിക മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്. സ്വയംതൊഴില്‍, കാഷ്വല്‍ ലേബര്‍ എന്നിവയാണ് തൊഴില്‍ മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഏകദേശം 82 ശതമാനം തൊഴിലാളികളും അനൗപചാരിക മേഖലയില്‍ ജോലിചെയ്യുന്നവരായി. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത്, മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്, സ്കില്‍ ഇന്ത്യ പ്രഖ്യാപനങ്ങള്‍ ഒന്നും രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉതകിയില്ല.
നിതി ആയോഗിന്റെ കണക്കില്‍ മാനുഫാക്ചറിങ് മേഖലയുടെ വളര്‍ച്ച 0.5 ശതമാനമാണ്.
100 സ്മാര്‍ട്ട് സിറ്റി വാഗ്ദാനം എന്തായി? ബിജെപി സങ്കല്പ പത്ര മുഴുവന്‍ അരിച്ചുപെറുക്കിയാലും സ്മാര്‍ട്ട് സിറ്റി എന്നൊരു വാക്കു പോലും കണ്ടെത്താനാവില്ല. അതാണ് മോദി കി ഗ്യാരണ്ടി!
തിരഞ്ഞെടുപ്പില്‍ കള്ളപ്പണം വരുന്നതു തടയാനുള്ള ”പവിത്ര ചിന്തയോടെ, വലിയ നീതിബോധത്തോടെ, പക്ഷപാതരഹിതമായി, സുതാര്യമായി” താന്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി ഇല്ലാതാക്കിയവര്‍ അധികം വൈകാതെ ദുഃഖിക്കേണ്ടിവരും എന്ന് എഎന്‍ഐ എന്ന സ്വകാര്യ വീഡിയോ ന്യൂസ് സിന്‍ഡിക്കേറ്റ് ചാനലിന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ പ്രധാനമന്ത്രി ശപിക്കുന്നുണ്ട്. സുപ്രീം കോടതി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്ന് വിധിച്ച ആ ബ്രഹ്മാണ്ഡ അഴിമതിക്കേസിലെ കുറ്റവാളികള്‍ക്കെതിരെ അന്വേഷണവും നടപടിയും ആരംഭിക്കാന്‍ പുതിയ മന്ത്രിസഭ വരണമോ?
ഗൗതം അദാനിയെ പോലുള്ള ബിസിനസ് ഒളിഗാര്‍ക്കി ദുരൂഹമായ ബിസിനസ് ബന്ധങ്ങളിലൂടെയും നിക്ഷേപങ്ങളിലൂടെയും കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഗൂഢാലോചനയിലൂടെയും എങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ ധാനാഢ്യരായതെന്നു വിവരിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് 2023 ജനുവരിയില്‍ പുറത്തിറങ്ങിയതാണ്. അദാനിക്ക് 2023-ല്‍ ”പര്‍വതങ്ങളില്‍ നിന്നും നദികളിലൊഴുകിയെത്തിയതു പോലെയും” 5,070 കോടി ഡോളറിന്റെ സ്വത്തുണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നവരെ വേട്ടയാടാനാണ് മോദി ഗവണ്മെന്റ് ശ്രമിക്കുന്നത്.
അദാനിയുടെ ഇലക്ടറല്‍ ബോണ്ട് ഇടപാടുകളെക്കുറിച്ച് എസ്ബിഐ ഇലക് ഷന് കമ്മിഷനു നല്കിയ രേഖകളില്‍ കാര്യമായൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, ഗുജറാത്തിലെ കച്ഛ് ജില്ലയില്‍ അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെല്‍സ്പണ്‍ അഞ്ജര്‍ സെസ് ലിമിറ്റഡ് ഒരു ദളിത് കുടുംബത്തിന്റെ 43,000 ചതുരശ്ര മീറ്റര്‍ കൃഷിഭൂമി അക്വയര്‍ ചെയ്ത കഥ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവച്ചിട്ടും സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. 2023 ഒക്ടോബറില്‍ 11 കോടി 14,000 രൂപയ്ക്കാണ് ഇടപാടു നടന്നത്. ചതുരശ്രമീറ്ററിന് 17,500 രൂപ നിശ്ചയിച്ചിരുന്ന ഭൂമിക്ക് 76 കോടി രൂപയെങ്കിലും ആറംഗ ദളിത് കുടുംബത്തിന് കിട്ടേണ്ടതായിരുന്നു. പക്ഷേ, ജില്ലാ കലക്ടറും ബിജെപി സിറ്റി പ്രസിഡന്റും മറ്റും ഇടപെട്ട് 11 കോടി 14,000 രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുകയായിരുന്നുവത്രെ. ഇത്രയും വലിയ തുകയ്ക്ക് ആദായ നികുതി പ്രശ്നങ്ങളുണ്ടാകുമെന്നും ഇലക് ടറല്‍ ബോണ്ടില്‍ നിക്ഷേപിച്ചാല്‍ ഏതാനും വര്‍ഷത്തിനകം തുക ഒന്നര ഇരട്ടിയാകുമെന്നും ദളിത് കുടുംബത്തെ ബോധ്യപ്പെടുത്തി 10 കോടി രൂപ ബിജെപിക്കും, ഒരു കോടി 14,000 രൂപ ശിവസേനയ്ക്കും ഇലക് ടറല്‍ ബോണ്ടിലേക്കു നിക്ഷേപിക്കാന്‍ വെല്‍സ്പണ്‍ കമ്പനി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി ദളിത് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരിക്കയാണ്. വന്‍കിട കോര്‍പറേറ്റുകളില്‍ നിന്ന് ഇലക് ടറല്‍ നിക്ഷേപം ഇഡി പിടിച്ചുപറിച്ചതായുള്ള കഥകള്‍ക്കിടയില്‍ ഗുജറാത്തിലെ ഒരു ദളിത് കുടുംബവും ബോണ്ട് നിക്ഷേപം നടത്തിയത് മോദി പറയുന്നതുപോലെ കാര്യങ്ങള്‍ എത്ര പവിത്രവും സുതാര്യവുമാണെന്നതിന് മറ്റൊരു ദൃഷ്ടാന്തമാണ്!
ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി ഫ്രാന്‍സിലെ ദാസോ വിമാനക്കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്കായി 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ഉണ്ടാക്കിയ കരാറാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഒരു വിമാനത്തിന് 563 കോടി രൂപ നിരക്കില്‍ 126 റഫാല്‍ വിമാനം വാങ്ങാന്‍ യുപിഎ ഗവണ്മെന്റ് ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ ഒരു വിമാനത്തിന് 1,660 കോടി രൂപ നിരക്കില്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ മോദി പുതിയ കരാര്‍ ഉണ്ടാക്കുകയും അനില്‍ അംബാനിക്ക് 21,000 കോടി രൂപയുടെ പുറംപണി കരാര്‍ കിട്ടാനായി ഇടപെടുകയും ചെയ്തുവെന്നാണ് ആരോപണം. രണ്ടാഴ്ചയ്ക്കകം ഇതിനായി ഒരു കമ്പനി തട്ടിക്കൂട്ടുകയും ചെയ്തു. 1980കളുടെ മധ്യത്തില്‍ രാജീവ് ഗാന്ധി ഗവണ്മെന്റിനെ പ്രതിക്കൂട്ടിലാക്കി, ഇന്ത്യന്‍ സൈന്യത്തിനായി പീരങ്കികള്‍ വാങ്ങിയ ഇനത്തില്‍ സ്വീഡനിലെ ബോഫോഴ്സ് കമ്പനിയില്‍നിന്ന് 64 കോടി രൂപ കോഴ കൈപ്പറ്റി എന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കുകയുണ്ടായി. ഇതുപോലുള്ള ഒരു ജെപിസി അന്വേഷണം റഫാല്‍ ഇടപാടില്‍ വേണമെന്ന ആവശ്യം പരിഗണിക്കാന്‍ ബിജെപി വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ്?
വംശീയ വിദ്വേഷം, അതിദേശീയത, സേച്ഛാധിപത്യ പ്രവണത, അക്രമോത്സുകത എന്നിവ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വഭാവസവിശേഷതകളാണ്. ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയ്ക്കുള്ള അസാധാരണാവസ്ഥ എന്നു വിശേഷിപ്പിക്കാവുന്ന സവിശേഷ മേഖല സൃഷ്ടിച്ചെടുക്കാന്‍ മോദിക്കായിട്ടുണ്ട്. രാജ്യത്തു നിലനില്‍ക്കുന്ന ജനാധിപത്യബോധവും സമൂഹത്തില്‍ ഉണ്ടാകേണ്ട ഭരണഘടനാ ധാര്‍മികതയുമാണ് ഭരണഘടനയെ നിലനിര്‍ത്തേണ്ടത്. നീതിയെ സംബന്ധിച്ച സാമൂഹിക ആഖ്യാനങ്ങളെ ഭരണഘടനാ ധാര്‍മികതയുടെ വഴിയിലൂടെ നടത്തുക എന്നത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫാഷിസ്റ്റ് രാഷ് ട്ര സങ്കല്പങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന രാഷ് ട്രീയാധികാരശക്തികള് ജനാധിപത്യത്തിന്റെ ദൗര്ബല്യങ്ങളില് പിടിമുറുക്കുന്ന സമകാലിക ഇന്ത്യയില്‍ ഭരണഘടനയുടെ അതിജീവനം ജനകീയമായ ഇടപെടലിലൂടെ മാത്രമേ സാധ്യമാകൂ. നീതിയുടെയും ജനാധിപത്യത്തിന്റെയു കാവലാളാകേണ്ടത് നമ്മള് ഓരോരുത്തരുമാണെന്ന് ഈ തിരഞ്ഞെടുപ്പ് നമ്മെ ഓര്‍മപ്പെടുത്തുന്നു.