തൃശൂര്‍: ദി കേരള സ്റ്റോറി സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാര്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. അത് മുസ്ലീങ്ങള്‍, ക്രിസ്ത്യനികള്‍ എന്നതല്ല. എല്ലാ ന്യൂനപക്ഷങ്ങളെയുമാണ്. ദി കേരള സ്റ്റോറി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ചനുണ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം ആര്‍ഷ ഭാരത സംസ്കാരത്തില്‍ നിന്ന് ആര്.എസ്.എസ് പറയുന്നതല്ല. ആ ആശയം ആര്.എസ്.എസ് കടംകൊണ്ടതാണ്. ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ നടപ്പാക്കിയതാണ്. ജൂതനും ബോള്ഷേവിക്കുകളുമാണ് ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കളെന്നാണ് ഹിറ്റ്ലര്‍ പറഞ്ഞുവച്ചിരുന്നത്. അവിടെ ന്യൂനപക്ഷം ജൂതരാണെങ്കില്‍ ഇവിടെ മുസ്ലീമുകളും ക്രിസ്ത്യാനികളുമാണ്. ബോള്‍ഷേവിക്കുകള്‍ ഇവിടെ കമ്മ്യുണിസ്റ്റുകളാണ്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പേരെടുത്ത് പറയുമ്പോഴും എല്ലാ ന്യൂനപക്ഷങ്ങളും അവരുടെ ലക്ഷ്യമാണ്.
മണിപ്പൂരിലേത് വംശഹത്യയുടെ വക്കില്‍ വരെ എത്തിയിരുന്നു. പലയിടങ്ങളിലും സഹായം തേടി സംഘപരിവാര്‍ പലരേയും സമീപിച്ചിരുന്നു. ചിലര്‍ക്കൊക്കെ ചാഞ്ചാട്ടവും വന്നിരുന്നു. എന്നാല്‍ മണിപ്പൂരിലെ സംഘര്‍ഷം കൊണ്ട് അവര്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റോറി കേരളത്തില്‍ നടന്ന കഥയാണെന്നാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരമൊരു കഥ നടന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ചനുണയാണ് ആ സിനിമ. തീര്‍ത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ കൊണ്ടുവന്ന കാര്യമാണ്. അതിനു കൂടുതല്‍ പ്രചാരണം കൊടുക്കുന്നതിലും അതിലം ഗൂഢമായ ലക്ഷ്യം കാണും. നവോത്ഥാന കേരളം മുതല്‍ ജാതിമത ഭേദമില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണ്. ആ കേരളത്തെ വല്ലാത്തൊരു നാടായി ചിത്രീകരിക്കാനാണ് ശ്രമം.