ന്യൂഡല്‍ഹി: പ്ലസ് ടൂ വിഭാഗത്തിന് പഠിക്കാനുള്ള പാഠപുസ്തകത്തില്‍ നിന്ന് ബാബ്റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കികൊണ്ട് എന്‍സിഇആര്‍ടി യുടെ പരിഷ്കാരം . ഇതിന് പകരമായി രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ചും രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള 2019 ലെ സുപ്രീംകോടതി വിധിയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. 2024 – 25 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപ്പുസ്തകത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഭേദഗതികള്‍.
1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്തുകയാണ് എന്‍സിഇആര്‍ടി. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്. ഒറിജിനല്‍ പാഠഭാഗത്ത് നാല് പേജുകളിലായി (148 – 151) അയോധ്യ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.