പ്രൊഫ. ഷാജി ജോസഫ്
സൂക്ഷ്മമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ നൈതിക പ്രശ്നങ്ങൾ അന്വേഷിക്കുന്ന ഇറാനിയൻ സിനിമയുടെ ഏറ്റവും പുതിയ രൂപമാണ് Endless Borders. ജന്മനാടായ ടെഹ്റാനിൽ നിന്നകലെ ഒരു വിദൂര ഗ്രാമത്തിലേക്ക് രണ്ട് വർഷത്തെ ആഭ്യന്തര പ്രവാസത്തിന് ശിക്ഷിക്കപ്പെട്ട അഹമ്മദ് (പൂരി റാഹിമി സാം) അധ്യാപകനാണ്.
ഇറാനിലെ ഒരു ചെറുപട്ടണത്തിനും അഫ്ഗാനിസ്ഥാൻ്റെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിനും ഇടയിലാണ് ഈ സിനിമയുടെ പരിസരം. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ചെറിയ ഗ്രാമജീവിതത്തിലേക്കാണ് അഹമ്മദ് എത്തിപ്പെടുന്നത്. അയാൾ ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കുന്നു. പാകിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബലൂചിസ്ഥാൻ പ്രദേശത്തിൻ്റെ വംശീയ സാംസ്കാരിക പശ്ചാത്തലത്തിൽ അഹ്മദിന്റെ കണ്ണുകളിലൂയാണ് സിനിമ സഞ്ചരിക്കുന്നത്. തർക്കങ്ങളും അധികാരക്കൈമാറ്റങ്ങളും പ്രതിസന്ധിയിലാക്കുന്ന നിസ്വരായ മനുഷ്യരുടെ ജീവിത കഥ.
അജ്ഞതയ്ക്കും മുൻവിധികൾക്കുമെതിരെ യുദ്ധം ചെയ്യാൻ വിദ്യാഭ്യാസത്തെ ഒരു മാർഗ്ഗമായി ഉപയോഗിക്കുന്ന അഹമ്മദും പങ്കാളിയായ നിലൂഫറും (മിനോ ഷരീഫി) ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചു എന്ന കുറ്റത്തിന് ടെഹ്റാനിലെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ബലൂച് വംശജരായ ഗ്രാമവാസികൾക്കിടയിലേക്ക് അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള എത്നിക് ന്യൂനപക്ഷമായ ഹസാരകൾ എത്തിച്ചേരുന്നു.
2021 ലെ വേനൽക്കാലം. അഫ്ഗാനിസ്ഥാനിലെ താലിബാൻ്റെ ഉയർച്ച വംശീയ-ഗോത്ര യുദ്ധങ്ങളുടെ തീ ആളിക്കത്തിച്ചു. തലസ്ഥാനമായ കാബൂളിലേക്ക് അതിവേഗം മുന്നേറുന്ന കടുത്ത ഇസ്ലാമിസ്റ്റുകളായ താലിബാന്റെ നിയന്ത്രണങ്ങളിൽനിന്നും പലായനം ചെയ്യുന്ന അഭയാർത്ഥികളായ ഹസാരകൾ അതിർത്തിയിലെ അപകടങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്ത് ഈ പ്രദേശത്ത് എത്തി ഇറാനിലേക്ക് പ്രവേശിക്കുവാൻ ശ്രമിക്കുന്നു. ദീർഘകാലമായി താലിബാനാൽ വേട്ടയാടപ്പെടുന്നവരാണവർ. ഹസാര കുടുംബത്തിലെ വൃദ്ധനായ കാരണവർ രോഗശയ്യയിലാണ്. രണ്ടു പശുക്കളെയും പത്തു അഫ്ഗാൻ നാണയവും കൊടുത്തു വാങ്ങിയ പതിനാറു വയസ്സുകാരി ഹസീബ (ബെഹഫാരിദ് ഗഫാരിയൻ) വൃദ്ധന്റെ ഭാര്യയാണ്. ആ കുടുംബവുമുമായി അഹമ്മദ് അടുത്തിടപഴകുന്നു. ഹസാര ഗോത്രത്തെ പരിചയപ്പെടുമ്പോൾ തൻ്റെ ജീവിതത്തിലും വിദ്യാഭ്യാസത്തിലും ഉള്ള സ്നേഹമില്ലായ്മയെക്കുറിച്ച് ബോധവാന്മാരാകുന്നു അഹമ്മദ്. പരമ്പരാഗത സമൂഹത്തിൻ്റെ കഠിനവും കർശനവുമായ നിയന്ത്രണങ്ങൾ, മുൻവിധികൾക്കിടയിലും സ്നേഹത്തിൻ്റെ പ്രാധാന്യത്തെയും ശക്തിയെയും കുറിച്ച് അഹമ്മദിനെ ബോധവാനാക്കുന്നു.
ഹസീബയും അഹമ്മദിന്റെ വിദ്യാർഥികളിലൊരാളുമായ ബാലാജും (ഹമദ് അലിപൂർ) പ്രണയത്തിലാണ്.
ഇറാൻ അതിർത്തി വഴി ടർക്കിയിലേക്ക് കടക്കാനാണ് അവരുടെ പദ്ധതി. ഇരു ചേരിയിൽ നിൽക്കുന്ന ബലൂച്ചുകളുടെയും ഹസാരകളുടെയും പരമ്പരാഗത സാംസ്കാരങ്ങളിലെ വൈരുദ്ധ്യം ഈ ബന്ധത്തെ ശക്തിയായെതിർക്കുന്നു. പക്ഷെ അഹമ്മദ് അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അവർക്കൊപ്പം നിൽക്കുമ്പോഴും ഭാര്യ നിലൂഫർ ജയിലിൽ കിടക്കുന്നതിന്റെ സംഘർഷങ്ങൾ മറുവശത്തും അഹമ്മദിനെ വിഷമിപ്പിക്കുന്നുണ്ട്. ഹസീബയുമായും ബാലാജുമായുള്ള ബന്ധം തൻ്റെ ഭാര്യ നിലൂഫയെക്കുറിച്ചുള്ള തൻ്റെ തന്നെ മുൻവിധികൾ നന്നായി മനസ്സിലാക്കാനും പരിഹരിക്കാനും അഹമ്മദിനെ സഹായിക്കുന്നു.
ഹസാരകൾ പർവ്വതപ്രദേശങ്ങളിൽ കൃഷി ചെയ്ത് താമസിക്കുന്നവരായിരുന്നു. താലിബാനും, അവർക്ക് മുമ്പുണ്ടായിരുന്ന പഷ്തൂണുകളും പണവും ശക്തിയുമില്ലാത്ത ഹസാരകളെ മലമടക്കുകളിലുള്ള ഫലപൂയിഷ്ടമായ സ്വന്തം ഭൂമിയിൽനിന്നും തുരത്തിയോടിച്ചുകൊണ്ടിരുന്നു.
പ്രാദേശികവും വംശീയവും മതപരവുമായ സംഘർഷങ്ങൾക്കിടയിൽ മനുഷ്യനിർമിതമായ അതിർത്തിരേഖകളിൽപ്പെട്ടുപോയവരെ നിർദ്ദയമായി അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുറന്നു കാണിക്കുന്നു സിനിമ.
ഇറാനിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾ, ഈ മേഖലയിൽ രാഷ്ട്രീയ ലാഭം കൊയ്യുന്ന രാജ്യങ്ങളുടെ ചരിത്രം എല്ലാം ചർച്ച ചെയ്യുന്നുണ്ട് സിനിമയിൽ.
നിങ്ങളുടെ ശത്രു ഞങ്ങളുടെ മിത്രമാണെന്ന് അമേരിക്കയെപ്പറ്റി അഫ്ഗാൻ ഡോക്ടർ പറയുന്നുണ്ട്. യഥാർഥത്തിൽ ഗൈനക്കോളജിസ്റ് ആണ് അയാൾ, പക്ഷെ അത് വെളിപ്പെടുത്തുവാൻ ധൈര്യമില്ല. കാരണം സ്ത്രീയുടെ ശരീരത്തിൽ അന്യപുരുഷൻ സ്പർശിച്ചാൽ കൈവെട്ടുന്ന നിയമമാണ് താലിബാൻ പിന്തുടരുന്നത്.
ഛായാഗ്രാഹകൻ സമൻ ലോട്ട്ഫിയാൻ വൈഡ്സ്ക്രീനിൽ, ചാര നിറത്തിൽ പകർത്തിയ പർവത ഭൂപ്രദേശം പ്രേക്ഷകനെ സിനിമയിലേക്ക് ചേർത്തുനിർത്തുന്നു.
2023 ഗോവ അന്താരാഷ്ട്ര ചലചിത്രമേളയിൽ സുവർണമയൂരവും. മികച്ച നടനായി അധ്യാപകനായി വേഷമിട്ട പൂരി റാഹിമി സാമും തിരഞ്ഞെടുക്കപ്പെട്ടു. റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്ക്രീൻ അവാർഡും ലഭിച്ചു ഈ ചിത്രത്തിന്.
‘തടവിലിരിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് സമർപ്പിക്കുന്നു’ എന്ന ടൈറ്റിലോടെയാണ് സിനിമ അവസാനിക്കുന്നത്. യാദൃശ്ചികമായാണെങ്കിൽ പോലും രാജ്യത്തെ പ്രമുഖ സംവിധായകൻ ജാഫർ പനാഹി ജയിലിൽ നിന്ന് മോചിതനാകുന്ന ദിവസങ്ങളിലാണ് സിനിമ റിലീസാകുന്നത്. ഇപ്പോഴും സിനിമാപ്രവർത്തകർ ഉൾപ്പെടെ നിരവധി കലാപ്രവർത്തകർ ഇറാനിലെ ജയിലുകളിൽ ഉണ്ട്. പ്രശസ്ത സംവിധായകൻ മഖ്മൽ ബഫ് 2005 മുതൽ ഇറാനില് വെളിയിൽ ആണ്, രാജ്യത്തിന് പുറത്തിരുന്ന് ഇപ്പോഴും സിനിമകൾ ചെയ്യുന്നു. ബഹ്മാൻ ഗൊബാദിയാകട്ടെ 2009 മുതൽ ഇറാന് പുറത്താണ്. അസ്ഗർ ഫർഹാദി…തുടങ്ങി പ്രശസ്തരായ സംവിധായകർക്ക് രാജ്യത്ത് വിലക്കുണ്ട്.
വെടിയുണ്ടകൾക്കിടയിലൂടെ നിലക്കാത്ത അഭയാർത്ഥി പ്രവാഹം തുടരുന്ന പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാനും അടങ്ങിയ ബലൂച് മേഖലയിലെ രാഷ്ട്രീയ സാഹചര്യം സംവിധായകൻ അബ്ബാസ് അമീനി ശക്തമായി അവതരിപ്പിക്കുന്നു. മതത്തിൻറെ മറവിൽ അധികാരത്തിനും പണത്തിനും വേണ്ടി ആർത്തിപൂണ്ടിറങ്ങിയ മനുഷ്യർ ഉണ്ടാക്കുന്ന അതിർത്തികളുടെയും പലായനങ്ങളുടെയും ആഭ്യന്തര സംഘർഷങ്ങളുടെയും കഥകൾ ലോകത്തെവിടെയും ഒരുപോലെയാണ്.
രാജ്യങ്ങളെ ,വംശങ്ങളെ, കുടുംബങ്ങളെ, മനുഷ്യരെ തമ്മിൽ തമ്മിൽ വേർതിരിക്കുന്ന അതിർത്തികൾ കൂടുതൽ തെളിഞ്ഞു വരുന്ന കാലത്ത് ഇത്തരം സിനിമകൾക്ക് ഏറെ പ്രസക്തിയുണ്ട്.