മോസ്കോ : റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ സംഗീത നിശയ്ക്കിടെ ഭീകരാക്രമണത്തിൽ 60 പേര് കൊല്ലപ്പെട്ടു .സംഭവത്തില്‍ 145 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു .
മോസ്കോയുടെ പടിഞ്ഞാറു ഭാഗത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് ആക്രമണം നടന്നത്. വേദിയിലേക്കെത്തിയ അഞ്ച് അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ സ്ഫോടനവും നടന്നു. ഇതോടെ ഹാളില്‍ വന്‍ തീപിടിത്തം ഉണ്ടാകുകയായിരുന്നു.
ഹാളില്‍ തീ പടര്‍ന്നതോടെ മേല്‍ക്കൂര ഇടിഞ്ഞു വീണു. കെട്ടിടത്തിലെ തീയണയ്ക്കാന്‍ ഹെലികോപ്റ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. അക്രമികള്‍ വെടിയുതിര്‍ത്തതോടെ ചിലര്‍ ഹാളിന് പുറത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. ഇതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ചിലര്‍ മരിച്ചത്.
സൈനിക യൂണിഫോമിനോട് സമാനമായ വേഷം ധരിച്ചാണ് അക്രമികള്‍ ക്രോക്കസ് സിറ്റി ഹാളിലേക്ക് എത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. റഷ്യയിൽ 60 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ. ഹീനമായ ഭീകരാക്രമണമാണ് നടന്നത്. റഷ്യൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.