പാത്തെർ നോസ്തർ ക്യുയെസിൻ ചേളിസ്,
സൻത്തിഫിച്ചേത്തൂർ നോമെൻ റൂവും,
അദ് വേനിയാത്ത് റേഞ്ഞും റൂവും,
ഫിയാത്ത് വെളുന്താസ് റൂവും,
സിക്കന്തൻ ചേളാ എത്ത് ഇൻ തേരാ ,…….
യേശു തമ്പുരാൻ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ഈ പ്രാർത്ഥന ഗാനം, ലത്തീൻ ഭാഷയിൽ കേട്ടു വളർന്നവർക്ക് ഇന്ന് 55 വയസ്സിനുമേൽ പ്രായമുണ്ടായിരിക്കും. ചവിട്ട് ഹാർമോണിയത്തിലെ കട്ടകളിൽ വിരലോടിച്ച്, ദേവാലയങ്ങളിൽ പാടുന്ന ലത്തീൻ ഭാഷയിലെ ഗാനങ്ങൾ അക്കാലത്തെ ബാല്യങ്ങളുടെ ഓർമ്മകളിൽ, ആസ്വദിക്കുന്ന സംഗീതമായിരുന്നു. ഭാഷ അന്യമായിരുന്നു എങ്കിലും, ഗാനങ്ങളുടെ ഏതൊക്കെയോ വരികൾ ഭക്തി രസത്തിലും ഹാസ്യരസത്തിലും ഉരുവിടുന്നതായിരുന്നു ആ കാലം.
ഗ്രിഗോറിയൻ സംഗീതം ക്രൈസ്തവ സഭകളുടെ ഔദ്യോഗിക സംഗീതമായിരുന്നു. 1965ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ, കേരളത്തിലെ ലത്തീൻ പള്ളികളിൽ വിശുദ്ധ കുർബാനയ്ക്കും ആരാധന ക്രമങ്ങൾക്കും ഗ്രിഗോരിയൻ സംഗീതം തന്നെയാണ് ഉപയോഗിച്ചിരുന്നത്. വത്തിക്കാൻ കൗൺസിലിന്റെ സുപ്രധാന തീരുമാനമായ “ആരാധന ക്രമങ്ങളുടെ പ്രാദേശികവൽക്കരണമാണ് ” ഗ്രിഗോറിയൻ സംഗീതശൈലി ദേവാലയങ്ങളിൽ നിന്ന് അപ്രത്യക്ഷമാകാൻ മുഖ്യ നിമിത്തം. കത്തോലിക്ക സഭയുടെ ഔദ്യോഗിക സംഗീതം എന്ന നിലയിൽ നിലനിന്നിരുന്ന ഈ സംഗീത ശാഖ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഏക സംഗീതം എന്ന ആശയത്തിന് വിള്ളൽ വീഴുകയും, തദേശീയ സംഗീതശൈലികൾ ഗ്രിഗോറിയൻ സംഗീതത്തിന്റെ വഴി അടക്കുകയും ചെയ്തു എന്നത്, തുടരുന്ന ചരിത്രം.
ഈ വഴി അടഞ്ഞുകൊണ്ടിരിക്കുന്ന നാളുകളിലും, ലത്തീൻ ഭാഷയെയും ആരാധനക്രമത്തെയും സ്നേഹിക്കുന്ന വൈദികരും അത്മായരും ചിലയിടങ്ങളിൽ ഒക്കെ പച്ചത്തുരുത്തുകൾ ആയി നിലനിൽക്കുന്നുണ്ട്. അത്തരം സമർപ്പണമനസ്സോടെ ഉറച്ചുനിൽപ്പ് തുടരുന്ന ചരിത്രമാണ് പനങ്ങാട് സെയിന്റ് ആന്റണീസ് ലാറ്റിൻ ക്വയറിൻറെ ചരിത്രം.
ജൂബിലി വർഷത്തിൽ വിതച്ച വിത്ത്
പനങ്ങാട് സെയിന്റ് ആന്റണീസ് ദേവാലയത്തിലെ 175-മത് വാർഷികമാണ് പനങ്ങാട് ലത്തീൻ ക്വയർ ടീമിന് വിത്തുപാകിയത്. ആഘോഷ കമ്മറ്റിയുടെ ജനറൽ കൺവീനർ ആയിരുന്ന ഡോ. സൈമൺ കൂമ്പയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ലത്തീൻ ദിവ്യബലി വേണമെന്ന് ആഗ്രഹിച്ചു. വളർന്ന നാൾ മുതൽ ലത്തീൻ കുർബാനയിൽ പങ്കെടുക്കുന്ന സൈമൺ കൂമ്പയിൽ, ലത്തീൻ പാട്ടുകൾ കേട്ടു പഠിച്ച വ്യക്തിയാണ്. പാട്ടുകളിലെ ദൈവീകതയും മാസ്മരികതയും പ്രാർത്ഥനയിൽ ദൈവവും ആയിട്ടുള്ള അകലം കുറയുന്നുവെന്ന അനുഭൂതി അനുഭവമായുള്ള വ്യക്തി. പുറത്തു നിന്ന് ലത്തീൻ പാട്ടുകാരെ കൊണ്ടുവരുന്നതിന് പകരം ഇടവകയിലുള്ളവരെ എന്ത് കൊണ്ട് ലത്തീൻ പാട്ടുകൾ പഠിപ്പിച്ചു കൂടാ എന്നൊരു ചിന്തയുണ്ടായി. പിന്നീട് മികച്ച ഒരു അധ്യാപകന് വേണ്ടിയുള്ള അന്വേഷണമായി. അങ്ങനെ 1968 –70 കാലഘട്ടത്തിൽ കളമശ്ശേരി തോട്ടത്തിൽ വച്ച് പരിചയപ്പെട്ട ജോസഫ് തേൻകുഴിയിലേക്ക് ഡോ. സൈമൺ കുമ്പയിൽ എത്തിച്ചേർന്നു. പിന്നെ താമസിച്ചില്ല 2012 ഫെബ്രുവരി 12ന് വീടിൻറെ ഒന്നാം നില ചെറിയൊരു ചാപ്പലും പരിശീലന ഇടവുമായി രൂപപ്പെട്ടു. ലത്തീൻ ഭാഷയും ദിവ്യബലിയും ഏറെ ഇഷ്ടപ്പെടുന്ന, നാട്ടുകാരനുമായ കണ്ണുർ ബിഷപ്പ് അലക്സ് വടക്കുംതല രക്ഷാധികാരിയും, ഡോ: സൈമൺ കൂമ്പയിൽ ഡയറക്ടറും, ജോസഫ് തേൻകുഴി ക്വയർ മാസ്റ്ററും, വിൻസ് പെരിഞ്ചേരി മാനേജരുമായി 25 പേരടങ്ങുന്ന പനങ്ങാട് സെയിന്റ് ആന്റണീസ് ലാറ്റിൻ ക്വയർ ആരംഭിച്ചു.
എമിലിൻ്റെ ചുക്കുകാപ്പി
നൂറ്റാണ്ടുകൾ പഴക്കമുള്ള പാട്ടുകൾ ഉൾപ്പെടെ തിരഞ്ഞെടുത്ത ഗാനങ്ങളിൽ ചിലതിന്റെ രചയിതാക്കൾ ഇന്ന് വിശുദ്ധരാണ് എന്നതും ശ്രദ്ധേയം. ലൗദാത്തേസി – “അങ്ങേക്കും സ്തുതി” എന്ന നാമകരണം ചെയ്തു സ്വന്തം വീട്ടിലെ പരിശീലന കേന്ദ്രം. പരിശിലനത്തിൻ്റെ ചില നേരങ്ങളിൽ താഴെ വന്നിരുന്ന്, താൻ ജീവനുതുല്യം സ്നേഹിക്കുന്ന ലത്തീൻ പാട്ടുകൾ ആസ്വദിക്കുന്നതും കൂമ്പയിൽ സൈമൺ എന്ന മറൈൻ എൻജിനീയറുടെ ഒരു ശീലം. പ്രാർത്ഥനയോടെ തുടങ്ങി പ്രാർത്ഥനയിൽ അവസാനിപ്പിക്കുന്ന പരിശീലന ദിനങ്ങളിൽ ഭാര്യ എമിലിൻ്റെ ചുക്കുകാപ്പി ക്വയർ അംഗങ്ങൾക്ക് ഒരു ഊർജ്ജം തന്നെയാണ്.
പിതാക്കന്മാരുടെ ആശീർവാദങ്ങൾ
വ്യക്തികൾക്കും സമൂഹത്തിനും പ്രാർത്ഥന എളുപ്പമാക്കാൻ സഹായിക്കുന്ന ഘടകമാണ് സംഗീതം. ഗ്രിഗോറിയൻ സംഗീതത്തിന്റെ പാരമ്പര്യം ശുദ്ധ സംഗീതത്തിന്റേതാണ്. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിൻ്റെ വാക്കുകൾ, പ്രോത്സാഹനത്തിന്റെ ദീപനാളമായി ക്വയറഗംങ്ങൾ കാണുന്നു. വർഷങ്ങൾക്കു മുൻപ് കേരളത്തിൽ തിരുകർമ്മങ്ങൾക്ക് ഹൃദ്യത പകർന്നത് ഗ്രിഗോറിയൻ സംഗീതമായിരുന്നു. ഭാഷയ്ക്കും സംഗീതത്തിനും പുതിയ മാറ്റങ്ങൾ ഉണ്ടായപ്പോൾ ഗ്രിഗോറിയൻ സംഗീത ശാഖ നഷ്ടപ്പെടുകയാണ് ഉണ്ടായത്. പാരമ്പര്യത്തെ തിരിച്ചറിഞ്ഞ് ആ പൈതൃകത്തെ നിങ്ങൾ പിന്തുടരണം എന്നുള്ള ആർച്ചുബിഷപ്പിൻ്റെ വാക്കുകൾ മുന്നേറ്റ വഴിയിലെ ഊർജ്ജസ്രോതസ്സായി ഉൾക്കൊള്ളുകയാണ് ആന്റണീസ് ലാറ്റിൻകയർ അംഗങ്ങൾ.
ലത്തീൻ സഭയുടെ പൈതൃകവും പാരമ്പര്യവുമായ ലത്തീൻ കുർബാനയും സംഗീതവും മറന്നു കളയരുതെന്ന് മുൻ ആർച്ച് ബിഷപ്പും, ലത്തീൻ ഗാനാലാപനത്തിന്റെ മാസ്മരിക ശബ്ദത്തിനുമുടമയായ ഫ്രാൻസിസ് കല്ലറക്കലിൻ്റെ വാക്കുകളും മുന്നോട്ടുപോകാനുള്ള തെളിച്ചമായി കാണുന്നു. കത്തോലിക്കാ സഭയുടെ വിശ്വാസ ജീവിതത്തിൻ്റെ ആഴങ്ങളിൽ സ്പർശിച്ച്, വിശ്വാസം വർദ്ധിപ്പിക്കാൻ ഗ്രിഗോറിയൻ സംഗീതത്തിന് അപാരമായ ശക്തിയുണ്ടെന്ന കല്ലറക്കൽ പിതാവിൻറെ വാക്കുകൾ, ഇനിയും മുന്നേറാനുള്ള ഓർമ്മപ്പെടുത്തലും മുന്നേറ്റ വഴിയിലെ കൈപിടിച്ചുള്ള ബലപ്പെടുത്തലും ആണെന്ന് സ്ക്വയർ ഗ്രൂപ്പ് അംഗങ്ങൾ കരുതുന്നു.
ആത്മാവിനെ ഉണർത്തുന്ന, ദൈവത്തിങ്കലേക്ക് ഉയർത്തുന്ന, ഈ ഗ്രിഗോറിയൻ സംഗീത ശാഖയിൽ നിന്ന് കൂടുതൽ ലത്തിൻ ഗാനങ്ങൾ കേൾക്കാനും ,ഈ സംഗീത പാരമ്പര്യം പഠിക്കുവാനും ഈ ഗായകസംഘത്തിലൂടെ മറ്റുള്ളവർക്ക് കൂടുതൽ പ്രചോദനമാവട്ടെ എന്ന് കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതലയുടെ വാക്കുകളും ശക്തി പകരുന്നു.
ദേവാലയ സംഗീതം ഗ്രിഗോറിയൻ സംഗീത പാതയിൽ നിന്നും വഴിമാറുമ്പോൾ റോമൻ കത്തോലിക്കാ ആരാധനയിൽ ഗ്രിഗോറിയൻ ചാൻ്റിന്റെ ഏറ്റവും മികച്ച പാരമ്പര്യങ്ങൾ നിലനിർത്താൻ ശ്രമിക്കുന്ന ലത്തീൻ കത്തോലിക്കരുടെ പ്രശംസനീയമായ ഒരു ഗ്രൂപ്പാണ് പനങ്ങാട് സെൻറ് ആൻറണീസ് ലാറ്റിൻക്വയർ, “ലൗ ദാത്തോസി ” . ദിവ്യബലിയിൽ ഗ്രിഗോറിയൻ സംഗീതത്തിന്റെ ആവശ്യകത അറിയുന്ന ജെറി മാഷിൻറെ വാക്കുകൾ കൂടുതൽ ആവേശം പകരുന്നുണ്ടെന്ന് ക്വയർ ടീം.
ഫാ : പയസ് പഴേരിക്കൽ, ഫാ : ജസ്റ്റിൻ പനക്കൽ ഓ സി ഡി, ഫാ : ഫ്രാൻസിസ് സേവ്യർ തനിക്കാപറമ്പിൽ, ഫാ :ആൻറണി അറക്കൽ (ജൂനിയർ) തുടങ്ങിയ വൈദികരുടെ സാന്നിധ്യവും സഹകരണവും ഉണർവേകുന്നു എന്ന് ഡോ : സൈമൺകൂമ്പയിൽ.
അറിയാത്ത ഭാഷയിലെ ഈ പാട്ടുകളെന്തിന് ?
ഈ സംഗീത യാത്ര ഇടങ്ങളിൽ നിന്ന് റോസാപ്പൂക്കൾ മാത്രമല്ല മുള്ളുകളും കിട്ടാറുണ്ട്. ചില ഇടങ്ങളില്ലെങ്കിലും പാട്ടുകൾ പാടുന്ന സമയം താത്പര്യമില്ലാതെ അലക്ഷ്യമായിരിക്കുന്ന്നവരെ കാണാറുണ്ട്. തത്വത്തിൽ അവർക്ക്, തിരിഞ്ഞു നിൽക്കുന്ന ശരീര ഭാഷയാണ് എന്നു തന്നെ കരുതണം. ചില വൈദികരും, അല്മായരും, രണ്ടാം വത്തിക്കാൻ കൗൺസിൽ ഉപേക്ഷിച്ച ലത്തീൻ പാട്ട് ,നിങ്ങൾ എന്തിന് കൊണ്ടുനടക്കുന്നു എന്ന് മുഖാമുഖം പറഞ്ഞവരും ഉണ്ട് ! ഞങ്ങൾക്കറിയാത്ത ഭാഷയിൽ പാടുന്നത് എന്തിന് എന്ന് ചോദിച്ചവരും ഈ യാത്രയിൽ കണ്ടുമുട്ടിയവർ തന്നെ. ചരിത്രവും പരമ്പര്യവും അറിയാതെയുള്ള ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് പൊതുവേ കാതു കൊടുക്കാറില്ല എന്നതുതന്നെയാണ് സംഘാഗംങ്ങളുടെ നിലപാട്. പക്ഷേ, ആരോഗ്യപരമായ വിമർശനങ്ങൾ ആര് തന്നെ ഉന്നയിച്ചാലും, കൂടുതൽ വിശദീകരണം തേടി തിരുത്താനും കൂട്ടി ചേർക്കാനും കഴിയുന്നത്ര ശ്രമിക്കാറുമുണ്ട്.
പനങ്ങാടിലെ പാട്ടുകൾ വത്തിക്കാനിലേക്ക് കപ്പൽകയറി
ദേശീയ കപ്പലോട്ട ദിനമാണ് സെപ്റ്റംബർ മാസത്തിലെ അവസാനവാരത്തിലെ വ്യാഴാഴ്ച. കോവിഡ് നാളുകളിലെ കപ്പലോട്ട ദിനത്തിൽ വത്തിക്കാനിലെ ദേവാലയത്തിൽ വച്ച് കപ്പൽ സഞ്ചാരികളുടെ അന്തർദേശീയ ചാപ്ലിൻ ഫാദർ ബ്രൂണോ സിസേറിയയുടെ കാർമികത്വത്തിൽ ലത്തീൻ ഭാഷയിൽ ദിവ്യബലി അർപ്പിച്ചു. ആ ദിവ്യബലിക്ക് ലാറ്റിൻ ക്വയർ പാടിയത് ആന്റണീസ് സ്ക്വയർ ടീം ആയിരുന്നു. വത്തിക്കാനിലെ കുർബാനയ്ക്ക് പനങ്ങാട്ട് നിന്ന് ലൈവ് ആയി ഗാനങ്ങൾ ആലപിച്ചത് ,ഒരുപക്ഷേ ലോക ചരിത്രത്തിൽ ആദ്യം തന്നെയായിരിക്കാം ! ഇതിൻറെ ലൈവ് ക്രമീകരിച്ചത് ഇറ്റലിയിലെ സിസ്റ്റർ കാത്തലിൻ റെഡിടോയും, ഫാ : സെബാസ്റ്റ്യൻ കളപ്പുരക്കലും ആയിരുന്നു.
പാട്ട് യാത്രകൾ ഒരു തീർത്ഥാടനം
ക്വയർ അംഗങ്ങളുടെ കഠിന പ്രയത്നവും, നിസ്വാർത്ഥ സേവനവും, ഒപ്പം ഓരോ ദേവാലയങ്ങളിലേക്കും മറ്റിടങ്ങളിലേക്കു മുള്ള യാത്ര , കേവലം യാത്രയല്ല, ദൈവത്തിങ്കലേക്കുള്ള തീർത്ഥയാത്രയാണ് എന്ന ബോധ്യമാണ് ഞങ്ങൾക്കുള്ള നിർവൃതി. ആ അനുഭൂതിയാണ് ജോസഫ് തേൻ കുഴി സാറിൻറെ പ്രായത്തെ ഗൗനിക്കാതെയുള്ള ലാറ്റിൻ ക്വയറിനു വേണ്ടിയുള്ള യാത്രകളുടെ ഊർജ്ജവും. പന്ത്രണ്ട് വർഷത്തെ ഗ്രിഗോറിയൻ സംഗീത യാത്രയിൽ കണ്ണൂർ കത്തീഡ്രൽ ,മൂന്നാർ കത്തീഡ്രൽ, കൊച്ചി, വിജയപുരം, രൂപതകളിലെ ദേവാലയങ്ങൾ തുടങ്ങി പല കേരളത്തിലെ പള്ളികളിലും, ശാലോം ടി.വി, 2015ലെ കെ എൽ സി എ ശതോത്തര ജുബിലി , എട്ടു വർഷമായി തുടരുന്ന YMCA ,YWCA – കളിലെ എക്യുമെനിക്കൽ ക്രിസ്തുമസ് കരോൾ, ചവറ കൾച്ചറൽ സെൻററിലെ പരിപാടികൾ, വരാപ്പുഴ അതിരൂപതയുടെ പൈതൃകം …… വിശ്രമമില്ലാതെ ഈ പാട്ടു യാത്രകൾ തീർത്ഥാടനം പോലെ തുടരുന്നു.
ലിത്വാനിയൻ അംബാസിഡറിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ആസ്ഥാനമായ, വരാപ്പുഴ മൗണ്ട് കാർമൽ ബസിലിക്കയിൽ വെച്ച് നടത്തിയ ലത്തീൻ ദിവ്യബലിയിൽ സജീവ പങ്കാളിത്തം നൽകാനായി. ദിവ്യബലി ഗാനങ്ങളെക്കുറിച്ച് ലിത്വാനിയൻ അബാസിഡറിന്റെ പ്രത്യേക അഭിനന്ദനങ്ങൾ കടന്നുപോകുന്ന വഴികളിലെ നക്ഷത്ര ചിഹ്നങ്ങളാണ്.
നാട്ടിലെങ്ങും പാട്ടായി
കൊച്ചി എഫ് എം റേഡിയോയിൽ രണ്ട് എപ്പിസോഡുകളിലായി കഴിഞ്ഞ നവംബർ “സായന്തനത്തിൽ ” ലത്തീൻ ഗാനങ്ങൾ ആലപിക്കാൻ സാധിച്ചു. അത് പൊതുസമൂഹത്തിന്റെ അംഗീകാരമുദ്രയായി കാണാം. ഏതാണ്ട് 11 ലക്ഷം പേർ കേട്ടു എന്ന്, റേഡിയോ സ്റ്റേഷനിലെ ഉത്തരവാദിത്വപ്പെട്ടവർ സാക്ഷ്യപ്പെടുത്തിയ ഈ ലത്തീൻ ഗാനാലാപനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഓരോ ഗാനത്തിന്റെയും പശ്ചാത്തലം വിവരിക്കുകയും, പാട്ടിൻറെ അർത്ഥം ഉൾപ്പെടെ മലയാള പരിഭാഷ, കേൾവിക്കാരോട് പങ്കുവെക്കുകയും ചെയ്തു . അത് കേൾവിക്കാരിൽ പുതിയൊരു അനുഭൂതി സൃഷ്ടിച്ചെന്ന് കേട്ടവരുടെ സാക്ഷ്യം. ആകാശവാണിയിൽ ലത്തീൻ ക്വയറിൻറെ രാഗതാളങ്ങൾ കേൾക്കാൻ ഇടയായത് , കപ്പൽ സഞ്ചാരത്തെക്കുറിച്ച് ആകാശവാണിയിൽ ഡോ: സൈമൺ നടത്തുന്ന പഠന പരിപാടിയുടെ പരിചയമാണ്. അതുവഴി, ലത്തീൻ ഗാനാലാപനത്തിന് വാതിൽ തുറന്നു.
വല്ലാർപാടം അമ്മയുടെ മുറ്റത്ത് പാട്ടും കഥയും പറഞ്ഞു
ക്വാൻ്റിക്ക മരിയാന -പരിശുദ്ധ അമ്മ മറിയത്തിന്റെ ജീവിതകഥ കാണാനും കേൾക്കാനും ധ്യാനിക്കാനും ഒത്തുചേർന്നതായിരുന്നു ഈ കലാവിഷ്കാരത്തിന്റെ കൂടി വരവ്. കന്യകാമറിയത്തെ കുറിച്ച് വിശുദ്ധർ എഴുതിയ ലത്തീൻ കീർത്തനങ്ങളും, സുവിശേഷം പറയാത്ത മറിയത്തിന്റെ കഥകളും ഒരുമിച്ച് ചേർത്തതായിരുന്നു ഈ ആവിഷ്കാരം. 2024 മാർച്ച് രണ്ടിന് വല്ലാർപാടം ബസിലിക്ക റോസരി പാർക്കിനടുത്തുവച്ച് നടത്തിയ ഈ പാട്ടും കഥപറച്ചിലും പനങ്ങാട് ലാറ്റിൻ അക്കാഡമി സംഘടിപ്പിച്ച നോമ്പുനാളിലെ വേറിട്ട ഒരു അനുഭവമായി. ഏരൂർ സെന്റ് ജോർജ് ഇടവകയിലെ കലാകാരന്മാരാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത് ക്വാൻ്റിക്ക മരിയാനയുടെ സംവിദായകൻ ഫാ :ജോൺ കാപ്പിസ്റ്റൻ ലോപ്പസ് ആയിരുന്നു.
കരുതലിന്റെ പ്രളയം
അർപ്പണത്തിന്റെയും സഹനത്തിന്റെയും പാതയും പനങ്ങാട് ലൗദാത്തേസിക്ക് പരിചയം. പ്രളയ ദുരിതത്തിൽ അന്നേവരെ സ്വരൂപിച്ച “ചില്ലി കാശുകൾ ” അതിരൂപത മെത്രാപ്പോലീത്തായുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഓർക്കണം, ടീമംഗങ്ങൾ ആരും പ്രതിഫലം വാങ്ങുന്നില്ല. ഉപജീവനത്തിന് നിത്യ തൊഴിലാണ് പലരുടെയും വരുമാനമാർഗ്ഗം. പ്രാക്ടീസിനും പരിപാടികൾക്കുമായി സഹനങ്ങൾ വേറെയും! എന്തിനേറെ, സ്വന്തം വീടും സ്വകാര്യ സമ്പാദ്യവുമാണ്, ലത്തിൻക്വയറിനായി ഡോ: സൈമൺകൂമ്പയിലിൻ്റെ മുടക്കു മുതൽ നിക്ഷപം. ലക്ഷ്യം ഒന്നേയുള്ളൂ, “ലത്തീൻ പാട്ടുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശൂന്യതയിൽ, ഗ്രിഗോറിയൻ സംഗീതവും ലത്തീൻ പാട്ടുകളും നിലനിർത്തണം”.ഇടവക പ്രദേശത്തെ ആർക്കും , ലത്തീൻ പാട്ടുകൾ പഠിക്കാൻ വാതിലുകൾ തുറന്നിട്ടുണ്ട് ലത്തീൻ അക്കാദമി.