ന്യൂഡല്‍ഹി : ഇലക്ടറല്‍ ബോണ്ട് കേസില്‍ ബോണ്ട് നമ്പറുകള്‍ അടക്കം മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ എസ്ബിഐയോട് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുത്ത് പുറത്തുവിടാതിരിക്കാനും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടു. വിവരങ്ങളെല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം ഉണ്ട്.
ബോണ്ട് വിശദാംശങ്ങളില്‍ എന്തെല്ലാം വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് എസ്ബിഐയ്ക്ക് തീരുമാനിക്കാനാകില്ല എന്ന് നിര്‍ദേശിച്ച കോടതി, എന്തുകൊണ്ട് ബോണ്ട് നമ്പര്‍ എസ്ബിഐ വെളുപ്പെടുത്തിയില്ല എന്നും ആരാഞ്ഞു. എസ്ബിഐയുടെ നടപടി ന്യായമല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കുറ്റപ്പെടുത്തി.
മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് എസ്ബിഐയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തുകയും ബോണ്ടുമായി ബന്ധപ്പെട്ട ഒരു വിവരം പോലും മറച്ചുവച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ബാങ്ക് സമര്‍പ്പിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി.
വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ ഉത്തരവുകള്‍ക്കായി കാത്തിരിക്കേണ്ട എന്നും കോടതി വ്യക്തമാക്കി. ബോണ്ട് നമ്പറുകള്‍ നല്‍കുമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര് ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കോടതി ഇലക്ടറല്‍ ബോണ്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് രാജ്യത്തെ തന്നെ വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നോട്ടിസ് നല്‍കിയത്. ഭരണഘടന ബെഞ്ച് റദ്ദാക്കിയ ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ സമയം നീട്ടി ചോദിച്ച എസ്ബിഐയോട് സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ജൂൺ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യം.
ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്നായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്. ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്ന് ഇത് മുംബൈ മെയിന്‍ ഓഫിസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നും ബാങ്ക് കോടതിയെ അറിയിച്ചിരുന്നു.