ന്യൂഡല്‍ഹി: പൗരത്വ നിയമ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പൗരത്വ നിയമം നടപ്പാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നു. നേരത്തെ നല്കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2019ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നല്കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനിലാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി വാദം കേള്‍ക്കാനായി മാറ്റി. ഈ ഹര്‍ജിയിലാണ് ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യം കൂടി സുപ്രീംകോടതിയില്‍ കേരളം ഉന്നയിച്ചത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശിയാണ് അപേക്ഷ സമര്‍പ്പിച്ചത്.
പൗരത്വ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും മുസ്ലിംലീഗും ഉള്‍പ്പടെയുള്ളവര്‍ നല്കിയ 237 ഹര്‍ജികള്‍ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു.