ആരോരുമറിയാതെ കടലോരത്ത് പൂഴിമണ്ണിലെ കളിക്കാരായി ഒതുങ്ങിപ്പോകുമായിരുന്ന അനേകം യുവാക്കളെ തീരദേശത്തിന്റെ കരുത്തും പൊരുതാനുള്ള ദൃഢനിശ്ചയവുമുള്ള, രാജ്യത്തിന് അഭിമാനിക്കാവുന്ന താരങ്ങളാക്കി മാറ്റിയ അദ്വിതീയനായ പ്രഫഷണല്‍ ഫുട്ബോള്‍ പരിശീലകനാണ് ക്ലെയോഫാസ് അലക്സ്. തിരുവനന്തപുരത്തെ തീരദേശഗ്രാമമായ പൊഴിയൂരിന് ഇന്ത്യന്‍ ഫുട്ബാള്‍ ഭൂപടത്തില്‍ ‘സന്തോഷ് ട്രോഫി’ ഗ്രാമമെന്ന കീര്‍ത്തി നേടിയെടുക്കാനും ഫുട്ബോള്‍ അടിസ്ഥാനമാക്കി യുവതലമുറക്ക് ഉന്നത വിദ്യാഭ്യാസത്തിനു വഴികണ്ടെത്താനും കാല്പന്തുകളിച്ച് സര്‍ക്കാര്‍ തലത്തിലും പൊതുമേഖല, കോര്‍പറേറ്റ് ലോകത്തും മികച്ച കരിയറിലേക്ക് ഉയരാനും മാര്‍ഗദര്‍ശിയായ അധുനാതന നായകന്. സെന്റര്‍ ബാക്ക് കളിക്കാരനായി പേരെടുത്ത ക്ലെയോഫാസ് തിരുവനന്തപുരം അതിരൂപതയുടെ ലിഫ റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമിയുടെ ടെക്നിക്കല്‍ ഡയറക്ടറും മുഖ്യപരിശീലകനുമെന്ന നിലയില്‍ രാജ്യത്തെ എത്ര ഫുട്ബോള്‍ പ്രതിഭകളുടെ തലതൊട്ടപ്പനായി!
ഇരയിമ്മന്‍തുറ മുതല്‍ അഞ്ചുതെങ്ങുവരെയുള്ള തെന്നിന്ത്യയിലെ തീരദേശ മേഖലയിലെ കായിക സംസ്കാരത്തിന് വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിച്ച പരിശീലകനാണ് അദ്ദേഹം. ‘കളിച്ചു നടന്ന് ജീവിതം തുലച്ചു’ എന്ന രക്ഷിതാക്കളുടെ സ്ഥിരം വിലാപങ്ങള്‍ ‘കളിച്ചുനടന്ന് ജീവിതലക്ഷ്യം നേടി’ എന്നതിലേക്ക് മാറിയതിനു പിന്നിലെ ചാലകശക്തി. കാല്‍പ്പന്തുകളിയുടെ കാഠിന്യവും മത്സരബുദ്ധിയും കാച്ചിക്കുറുക്കിയെടുത്ത് ശാസ്ത്രീയ പരിശീലനം നല്കുന്നതില് വിജയിച്ച പരിശീലകന്. നിലവില്‍ ഐഎസ്എല്‍ ടീമായ ചെന്നൈയിന് എഫ്.സിയുടെ ടെക്നിക്കല്‍ ഡയറക്ടറായും റിസര്‍വ് ടീം ഹെഡ് കോച്ചായും സേവനം അനുഷ്ഠിച്ചുവരുന്നു. ജീവിതം ഫുട്ബോളിനായി ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ച ക്ലെയോഫാസ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്ഥാനം രാജിവച്ചാണ് ഫുട്ബോള്‍ പരിശീലകന്റെ കുപ്പായമണിഞ്ഞത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ‘എ’ ലൈസന്‍സ് ആദ്യ അവസരത്തില്‍ത്തന്നെ പാസായ ഇന്ത്യയിലെതന്നെ ചുരുക്കം ചില പരിശീലകരിലൊരാളുമാണ് ക്ലെയോഫാസ്. ഇത്തവണത്തെ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ മികച്ച കായിക പ്രതിഭയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ക്ലെയോഫാസ് അലക്സിനാണ്. ഫുട്ബോള്‍ താരത്തില്‍ നിന്ന് പരിശീലക വേഷത്തിലെത്തിയ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.
വിദ്യാഭ്യാസം
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ തീരദേശഗ്രാമമായ പൊഴിയൂര്‍ തെക്കെ കൊല്ലങ്കോട് ഇടവകയിലെ അലക്സിന്റെയും കനകമ്മയുടെയും ഇളയ പുത്രനായി പിറന്ന ക്ലെയോഫാസ് അലക്സ് തൂത്തൂര്‍ സെന്റ് ജൂഡ്സ് കോളജിലെ ബിരുദ പഠനത്തിനുശേഷം കായിക കലയില്‍ ചുവടുറപ്പിക്കുകയായിരുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ എംപിഇഡിഎ, എം.എസ് യൂണിവേഴ്സിറ്റിയിലെ രണ്ടാം റാങ്കോടുകൂടി പാസായി. എംഫിലില്‍ ഒന്നാം റാങ്കുനേടി തമിഴ്നാട് ഗവര്‍ണറില്‍ നിന്നു ഗോള്‍ഡ് മെഡല്‍ ഏറ്റുവാങ്ങി. ‘ഫുട്ബോളും മള്‍ട്ടിമീഡിയ ടെക്നോളജിയും’ എന്ന വിഷയത്തില്‍ റിസര്‍ച്ച് ചെയ്തുവരുന്ന ക്ലെയോഫാസ് അലക്സ് എന്നും കളിയോടൊപ്പം വിദ്യാഭ്യാസത്തിനും തുല്യപ്രാധാന്യം നല്കുന്നതില് ശ്രദ്ധാലുവായിരുന്നു. വിദ്യാഭ്യാസകാലത്ത് രണ്ടു വര്‍ഷം എം.എസ്. സര്‍വകലാശാലയ്ക്കും രണ്ടു വര്‍ഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും വേണ്ടി കളിച്ച ചരിത്രവും ക്ളെയോഫാസിന് പരിശീലക തട്ടകത്തിലേക്കുള്ള ആവേശമായി. സെന്റര്‍ ബാക്കായി കളിച്ചിരുന്ന ക്ലെയോഫാസ് എതിര്ടീമുകളിലെ മികച്ച ഫോര്‍വേഡുകളുടെ പേടിസ്വപ്നമായിരുന്നു.
പരിശീലകനായി നിരവധി നേട്ടങ്ങള്‍
2002ല്‍ പരിശീലക തട്ടകത്തിലെത്തിയ ക്ലെയോഫാസ് കന്യാകുമാരി, തിരുവനന്തപുരം തീരദേശമേഖലകളില്‍ നിന്നു സംസ്ഥാന, ദേശീയ, സ്കൂള്‍ തലം, സര്‍വകലാശാലാ തലം, സന്തോഷ് ട്രോഫി, ഐ – ലീഗ് തുടങ്ങിയവയിലായി നൂറിലധികം ഫുട്ബോള്‍ പ്രതിഭകളെയാണ് രാജ്യത്തിനു സംഭാവന ചെയ്തിട്ടുള്ളത്. എജീസ് ഓഫീസ്, എസ്ബിഐ, കെഎസ്ഇബി, ഐസിഎഫ്, ഇന്ത്യന്‍ റെയില്‍വേസ്, ഇന്ത്യന്‍ നേവി തുടങ്ങി നിരവധി ഡിപ്പാര്‍ട്ടുമെന്റ് ടീമുകളില്‍ ക്ലെയോഫാസിന്റെ ശിക്ഷണത്തിലൂടെ തൊഴില്‍ നേടി ജീവിതം സുരക്ഷിതമാക്കിയവര്‍ തീരദേശമേഖലയില്‍ നിരവധിയാണ്. തീരദേശ ഗ്രാമങ്ങളില്‍ നിന്നുള്ള മികവുറ്റ കളിക്കാരെ കണ്ടെത്തി അവരെ അമച്വര്‍ ചിന്താഗതിയില്‍ നിന്നു പ്രൊഫഷണല്‍ ഫുട്ബോളിന്റെ മികവിലേക്കുയര്‍ത്തി അതിനായി അവരെ മാനസികമായും ശാരീകമായും സാങ്കേതികമായും തയ്യാറാക്കി ഐഎസ്എല്‍, ഐലീഗ് മത്സരരംഗത്ത് എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ വ്യാപൃതനായിരിക്കുന്നത്.
തമിഴ്നാട് സന്തോഷ് ട്രോഫി ടീം മുന്‍ സഹപരിശീലകനായ ക്ലെയോഫാസ് അലക്സ് ഗോകുലം കേരള എഫ്സി യൂത്ത് ഡെവലപ്മെന്റ് ഹെഡ്, വിവ ചെന്നൈ, സേതു എഫ്സി മധുരൈ, തിരുവനന്തപുരം ഏജീസ് ഓഫീസ്, എസ്ബിടി ജൂനിയര്‍ ടീമൂകളുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കെ എം.എസ്. യൂണിവേഴ്സിറ്റിക്കായി ബൂട്ടണിഞ്ഞ ക്ലെയോഫാസ് അലക്സ് തൂത്തൂര്‍ കോളജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെ നാലു വര്‍ഷക്കാലം എം.എസ്. യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചത് അനന്യമായൊരു ഉപകഥ.
ക്ലെയോഫാസിന്റെ കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ചെന്നൈയിന് എഫ്.സിയില്‍ പരിശീലനം നേടിയ ഏഴില്‍പരം താരങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്ന സന്തോഷ് ട്രോഫി മത്സരങ്ങളില്‍ തമിഴ്നാടിനും മറ്റു സംസ്ഥാനങ്ങള്‍ക്കുമായി പങ്കെടുക്കുന്നു.
ഒരു അധ്യാപകന് നല്ല വിദ്യാര്‍ഥിയായിരിക്കണം എന്ന അടിസ്ഥാനതത്വത്തില്‍ വിശ്വസിക്കുന്ന ക്ലെയോഫാസ് കാല്പന്തുകളിയുടെ രാജ്യാന്തര തലത്തിലുള്ള ചെറുചലനങ്ങള്‍ പോലും വളരെ ശ്രദ്ധയോടെ മനസിലാക്കാന്‍ ശ്രമിക്കുകയും തന്റെ കുട്ടികളെ അതു പരിശീലിപ്പിക്കുകയും ചെയ്യുന്നു.
‘ലിഫ’ തിരുവനന്തപുരം അതിരൂപതയുടെ സ്വപ്നപദ്ധതി
2015 ല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ചരിത്രപ്രധാനമായ സ്വപ്ന പദ്ധതിയായി ആരംഭിച്ച ‘ലിഫ’ ട്രിവാന്‍ട്രത്തിന്റെ ടെക്നിക്കല്‍ ഡയറക്ടറും മുഖ്യപരിശീലകനും കൂടിയാണ് ക്ലെയോഫാസ് അലക്സ്. ഇന്ന് ഇന്ത്യയിലെ മികച്ച റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാഡമികളില്‍ ഒന്നായി ‘ലിഫ’ ട്രിവാന്ട്രത്തെ മാറ്റിയതില്‍ ക്ലെയോഫാസ് അലക്സിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒട്ടനവധി മികവുറ്റ താരങ്ങളെ ലിഫയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇന്ത്യന്‍ ഫുട്ബോളിന് സംഭാവന ചെയ്യാന്‍ സാധിച്ചു. കഴിഞ്ഞ എട്ടു വര്‍ഷ കാലയളവിനിടയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെയും, 18 സംസ്ഥാന താരങ്ങളെയും, 13 യൂണിവേഴ്സിറ്റി താരങ്ങളെയും അറുപതില്പരം ജില്ലാ താരങ്ങളെയും ലിഫയിലൂടെ ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് അണിനിരത്തി. തന്നോടൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച പരിശീലകരായ വിന്‍സന്റ് ഡൊമിനിക്, മുഹമ്മദ് നവാസ്, ബോണിഫേസ്, ഫെറോലിന്‍ ഫ്രാന്‍സിസ്, ഗോള്‍ കീപ്പര്‍ പരിശീലകരായ ജോബി ജോസഫ്, ശ്രീജു, നെല്‍സണ്‍ എന്നിവര്‍ക്കും കൂടി ചേര്‍ന്നതാണ് ഈ വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റെന്നു പറയാനും ക്ലെയോഫാസ് തയ്യാറാണ്.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ഗോള്‍ കീപ്പര്‍ ‘ലെവല്‍ 1 ആന്‍ഡ് 2’ പാസായ ക്ലെയോഫാസ് അലക്സിന്റെ ശിക്ഷണത്തില്‍ ലിഫ സീനിയര്‍ ടീമിലെ ഗോള്‍ കീപ്പറായ ഷിക്കു സുനില്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിനു വേണ്ടിയുള്ള ഇന്ത്യന്‍ അണ്ടര്‍ 18 സ്കൂള്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിഫയില് ക്ലെയോഫാസിന്റെ കീഴില്‍ പരിശീലനംനേടി കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ പ്രൊഫഷണല്‍ കോണ്‍ട്രാക്ട് നേടിയ എബിന്‍ദാസ് യേശുദാസ് മറ്റൊരു മികച്ച താരമാണ്. എബിന്‍ദാസ് 2023 ല്‍ അണ്ടര്‍ 19 സാഫ് കപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ ടീമിലെ ഏക മലയാളിയുമായിരുന്നു എബിന്‍ദാസ്. അണ്ടര്‍ 17 ഇന്ത്യന്‍ ടീമിനായും എബിന്‍ദാസ് കുപ്പായമണിഞ്ഞിട്ടുണ്ട്. പൊഴിയൂര്‍ മെസി എന്നറിയപ്പെടുന്ന രാജേഷ് സൂസനായകമാണ് മറ്റൊരു താരം. നിലവില്‍ അരുണാചല്‍ പ്രദേശില്‍ നടന്നുവരുന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റെയില്‍വേസിനായി ബൂട്ടണിഞ്ഞിരിക്കുകയാണ് രാജേഷ് സൂസനായകം. സന്തോഷ് ട്രോഫി ചരിത്രത്തിലെ 10 ടോപ് സ്കോറര്‍മാരില്‍ 29 ഗോളുമായി ആറാം സ്ഥാനത്തും ആദ്യ 10ലെ ഏക മലയാളിയുമാണ് ഈ യുവതാരം. കേരളം, കര്‍ണാടക, ഇന്ത്യന്‍ റെയില്‍വേസ് എന്നീ ടീമുകളിലായി രാജേഷിന്റെ എട്ടാമത് സന്തോഷ് ട്രോഫിയാണിത്. മറ്റൊരു പ്രതിഭയാണ് ഐഎസ്എല്‍ താരമായ ജോബി ജസ്റ്റിന്. ഇന്ത്യന്‍ സീനിയര്‍ ടീം ജേഴ്സിയണിഞ്ഞ ജോബി ഐഎസ്എല്‍, ഐ ലീഗ് വേദികളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഫിഫ സീനിയര്‍ കോച്ചിംഗ് കോഴ്സും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കണ്ടീഷനിംഗ് കോഴ്സും ഇതിനകം പൂര്‍ത്തിയാക്കിയ ക്ലെയോഫാസ് അലക്സ് കേരള ഫുട്ബോളിന്റെ ചരിത്രത്താളുകളില്‍ ലിഫക്ക് ഒരു പ്രമുഖസ്ഥാനം നേടിക്കൊടുത്തു.
പുരസ്കാരങ്ങള്‍ നിരവധി
ഒട്ടനവധി അവാര്‍ഡുകളും പുരസ്കാരങ്ങളും സ്വന്തമാക്കിയ ക്ലെയോഫാസ് അലക്സിന് തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായത് സ്വന്തം നാട്ടിലെ ജനങ്ങള്‍ 2010ല്‍ നല്കിയ ‘യൂത്ത് ഐക്കണ്‍’ അവാര്‍ഡും, 2019ല്‍ നല്കിയ സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡുമാണ്. 2023ല്‍ കെആര്‍എല്‍സിസിയുടെ കായിക അവാര്‍ഡും സ്വന്തമാക്കി.
കടപ്പാട് മറക്കില്ല
തന്റെ പ്രിയപ്പെട്ട പരിശീലകരായി ക്ലെയോഫാസ് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവരാണ് എം.എസ്. യൂണിവേഴ്സിറ്റി ടീമിന്റെ പരിശീലകനായിരുന്ന സുകുമാരന്‍ കോച്ചും, തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ കായികാധ്യാപകനും പരിശീലകനുമായിരുന്ന ഡോ. റെജിനാള്‍ഡ് വര്‍ഗീസും. ക്ലെയോഫാസിലെ ഫുട്ബോള്‍ പരിശീലകനെ കണ്ടെത്തി ഇന്ത്യന്‍ പ്രഫഷണല്‍ ഫുട്ബോള്‍ പരിശീലന രംഗത്തേക്ക് വഴികാട്ടിയ തിരുനെല്‍വേലി അസോസിയേഷന് സെക്രട്ടറി നോബിള്‍ രാജനോടുള്ള കടപ്പാട് ഒരിക്കലും തീരില്ല.
പൊഴിയൂരെന്ന സന്തോഷ് ട്രോഫി ഗ്രാമം, ഫുട്ബോള്‍ ഫാക്ടറി
തീരദേശമേഖലയിലെ പരമ്പരാഗത കായികവിനോദമാണ് ഫുട്ബോള്‍. തിരുവനന്തപുരത്തെ പൊഴിയൂര്‍ തെക്കെ കൊല്ലങ്കോട് എന്ന ഗ്രാമത്തിന്റെയും പ്രാദേശിക കായിക ഇനവും ഫുട്ബോളാണ്. തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരദേശ ഗ്രാമങ്ങളുടെ മദര്‍ ക്ലബുപോലെ നിലകൊള്ളുന്ന സംഘടനയാണ് കൊല്ലങ്കോട് എസ്എംആര്‍സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സെന്റ് മാത്യുസ് റിക്രിയേഷന്‍ ക്ലബ്ബ്. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ കായിക ഇനങ്ങളിലും ഒരുപോലെ പ്രാധാന്യവും മികവും പുലര്ത്തിയിരൂന്ന ഒരു പ്രദേശവും ക്ലബുമാണ് കൊല്ലങ്കോടും എസ്എംആര്സിയും. എന്നാല്‍ ഇടയ്ക്ക് എവിടെയോ ആ ഊര്‍ജവും കായിക സംസ്കാരവും നഷ്ടമായി. കളിയില്‍ താല്പര്യവും പാടവവുമുണ്ടായിരുന്നെങ്കിലും ആരും ആ പ്രദേശത്ത് നിന്നു കായിക മേഖലയിലൂടെ ഉയരങ്ങളിലെത്തിയില്ല. ഇത് തിരിച്ചറിഞ്ഞ ഗ്രാമവാസികള്‍ ബീച് ഫുട്ബോള്‍ മാത്രം കളിച്ച് മണല്‍ രാജാക്കന്മാര് എന്നു പേരെടുത്ത, എസ്എംആര്‍സിയുടെ കീഴിലുള്ള മണല്‍ ഗ്രൗണ്ട് നാട്ടില്‍ നിന്നും വിദേശത്ത് ജോലിയിലായിരുന്ന മുന്‍ കായിക താരങ്ങളുടെയും, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹായത്തോടു കൂടി ചെമ്മണ് ഫീല്‍ഡാക്കി മാറ്റി. ഒരു മികച്ച മൈതാനം ലഭിച്ചതോടെ പൊഴിയൂര്‍ കൊല്ലങ്കോടും സമീപ പ്രദേശങ്ങളിലും ഫുട്ബോളിനും അതിലൂടെ ഉണ്ടായ മാറ്റവും വളര്‍ച്ചയും ചരിത്രം. തങ്ങള്‍ക്കു നേടാനാകാത്തത് അടുത്ത തലമുറയിലൂടെ നേടണമെന്ന ലക്ഷ്യബോധവും അതിനായുള്ള കഠിന പ്രയത്നവുമാണ് പൊഴിയൂരിന് ഇന്നു ലഭിച്ചിരിക്കുന്ന ‘സന്തോഷ് ട്രോഫി ഗ്രാമം’ എന്ന വിളിപ്പേരും അതിന്റെ സാരഥികളായ യുവതാരങ്ങളും. ഫുട്ബോളിനെ മാത്രം ആശ്രയിച്ച് ഒട്ടേറെ യുവാക്കളാണ് ഈ പ്രദേശത്തു നിന്ന് കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും പ്രഫഷണല്‍ ടീമുകളിലും പ്രവേശിച്ചത്. ഒട്ടനവധി കളിക്കാര്‍ സ്പോര്‍ട്സ് ക്വാട്ടവഴി ഉന്നത വിദ്യാഭ്യാസം നേടുന്ന നിലയിലേക്കും വളര്‍ന്നു. ഇന്ന് സന്തോഷ് ട്രോഫിയില്‍ നിന്ന് ഐഎസ്എല്‍, ഐലീഗ് പ്രൊഫഷണല്‍ നിലകളിലേക്ക് ചുവടുമാറിയതിലൂടെ ഇന്ത്യന്‍ ഫുട്ബോളിന്റെ പവര്‍ ഫാക്ടറിയായി കൂടിയാണ് പൊഴിയൂര്‍ അറിയപ്പെടുന്നത്.
ഒരു മികച്ച താരത്തെ കണ്ടെത്തും വിധം
ഒരു കുട്ടിയിലെ ട്രെയിനബിളായിട്ടുള്ള ഒട്ടനവധി ഗുണങ്ങള്‍ നോക്കിയാകും പരിശീലനത്തിനായും ടീമിനായും തിരഞ്ഞെടുക്കുന്നത്. പ്രധാനമായും ഒരു കുട്ടിയിലെ അഞ്ചു ഗുണഗണങ്ങള്‍ പരിഗണിച്ചാണ് ആ കുട്ടിയെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നത്. സാങ്കേതിക ഗുണങ്ങളായ ബോള്‍ മാസ്റ്ററിയും നിയന്ത്രണവും, ഡ്രിബ്ലിംഗും, ഓട്ടവും, ശരീര ചലനങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെടും. ഗെയിം ഇന്റലിജന്‍സാണ് മറ്റൊന്ന്. സ്ഥലകാല അവബോധം, അപകടസാധ്യത വിലയിരുത്തല്‍ എല്ലാം അതില്‍പെടും. മൈന്‍ഡ്സെറ്റാണ് അടുത്തത്. കളിയോടുള്ള അര്‍പ്പണം, മാനസികമായ ഉറപ്പ്, ഉത്തരവാദിത്വം ഏറ്റെടുക്കല്‍, തീരുമാനമെടുക്കാനുള്ള കഴിവ്, തന്ത്രങ്ങള്‍ രൂപപ്പെടുത്തലും നടപ്പാക്കലും, ഒറ്റക്കെട്ടായി ടീമിനോടൊപ്പം നില്‍ക്കാനുള്ള കഴിവ് എല്ലാം ഒരു മികച്ച താരത്തിന് ആവശ്യമാണ്. വേഗവും ശാരീരികക്ഷമതയുമില്ലെങ്കില് കളിക്കളത്തില്‍ അധികകാലം നിലനില്‍ക്കാനാകില്ല.
കാണാതാകുന്ന താരങ്ങള്‍
ഇത്തരത്തില്‍ ശാസ്ത്രീയ വശങ്ങള് പരിശോധിച്ച് തിരഞ്ഞെടുക്കപ്പെടുന്ന യുവപ്രതിഭകള്‍ പരിശീലനം ലഭിച്ച് കുറെക്കാലത്തിനു ശേഷം ഫുട്ബോള്‍ ഫീല്‍ഡില്‍ നിന്നുതന്നെ കാണാതെ പോകുന്ന ഒരു സാഹചര്യം പലപ്പോഴും കാണാറുണ്ടെന്ന് ക്ലെയോഫാസ് പറയുന്നു. കുട്ടികളുടെ രക്ഷിതാക്കളും ഒപ്പം അക്കാദമികളും ക്ലബുകളുമാണ് അതിന് പലപ്പോഴും കാരണക്കാരെന്ന് പരിശോധിച്ചാല്‍ മനസിലാകും. കാരണം, കുട്ടികള്‍ ഇന്ന് പരിശീലനമാരംഭിച്ച് നാളത്തെ ഇവന്റില്‍ വിജയിച്ച്, അടുത്ത ദിവസം നാഷണല്‍ ടീമിലും ഐഎസ്എല്‍ ടീമിലും എത്തണമെന്നാണ് അവരുടെ വ്യാമോഹം. ഒരു ഘട്ടത്തില്‍ പോലും ഇത്തരക്കാര്‍ ഇതിനെ ഒരു ദീര്‍ഘകാല പദ്ധതിയായി കണ്ട് സഹനത്തോടെ കാത്തിരിക്കാന്‍ തയ്യാറല്ല. മറ്റൊരു വശം പരിശീലകരാണ്.
പരിശീലകര്‍ക്ക് ഡിമാന്‍ഡിംഗ് ക്യാരക്ടര്‍ ഇല്ലാത്തിടത്തോളം കാലം ഒരു മികച്ച കളിക്കാരനെയും സൃഷ്ടിക്കാന്‍ സാധ്യമല്ല. അതോടൊപ്പം ഫുട്ബോളില്‍ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും ടെക്നോളജിയുടെ ആവശ്യകതകളെക്കുറിച്ചും പഠിക്കാനും, അത് കളിക്കാരില്‍ കൃത്യമായി എത്തിക്കാനും പരിശീലകര്‍ക്ക് സാധിച്ചാല്‍ മാത്രമേ ഫുട്ബോള്‍ ഡെവലപ്മെന്റ് എന്ന പ്രോസസില്‍ വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ. ഫുട്ബോള്‍, ടീം ഗെയിമെന്ന നിലയില്‍ എല്ലാ പരിശീലകരും ക്ലബുകളും ഗ്രൂപ്പ് ട്രെയിനിംഗ് കൊടുക്കുന്നതിലും സൗകര്യമൊരുക്കുന്നതിലും ഒരു പരിധിവരെ വിജയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കളിക്കാരും ടീമുകളും പല ടൂര്‍ണ്ണമെന്റുകള്‍ വിജയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നതിലൂടെ തൃപ്തരാകും. നേരെമറിച്ച് ഓരോ കുട്ടിയെയും അയാളുടെ വ്യക്തിപരമായ കഴിവും പോരായ്മകളും മനസിലാക്കി അത് തേച്ചുമിനുക്കാനായി വ്യക്തിഗത ട്രെയിനിംഗ് പ്ലാനുകളാണ് പരിശീലകര്‍ തയ്യാറാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ കളിക്കാരനും വേണ്ട ട്രെയിനിംഗ് പ്ലാന്‍ ഡിസൈന്‍ ചെയ്യാനായി പരിശീലകര്‍ ഈ കുട്ടികളുടെ ഡാറ്റാ ശേഖരിക്കണം. ഇത്തരത്തില്‍ ഡാറ്റ തയ്യാറാക്കുവാനായി ഇവിടെ ലഭ്യമായ ചില സാധാരണ ഉപകരണങ്ങളുടെ ആവശ്യമേയുള്ളൂ. ആ ഡാറ്റ അടിസ്ഥാനമാക്കി വേണം കുട്ടികളുടെ പരിശീലനമുറകള്‍ ക്രമപ്പെടുത്തേണ്ടത്. എല്ലാം കൃത്യമായ പാതയില്‍ പോകണമെങ്കില്‍ പരിശീലകരുടെ ജീവിതത്തില്‍ എന്നും കൂടെ കൂട്ടേണ്ട ഒരു വാക്കുകൂടിയുണ്ട് – അര്‍പ്പണബോധം.
നമ്മുടെ രാജ്യത്ത് ഫുട്ബോള്‍ രംഗത്ത് ഗ്രാസ്റൂട്ട് ഡെവലപ്മെന്റ് സിസ്റ്റവും യൂത്ത് ഡെവലപ്മെന്റ് സിസ്റ്റവും ഏറെ മാറാനുണ്ട്. ഐഎസ്എലിന്റെ വരവോടൂകൂടി ആ മാറ്റം കണ്ടുവരുന്നുണ്ട്, നമുക്ക് കാത്തിരിക്കാം – നിലവാരമുള്ള ഇന്ത്യന്‍ ഫുട്ബോളിനും കളിക്കാര്‍ക്കുമായി.
മറഡോണ, മൌറീഞ്ഞോ, ഐ.എം. വിജയന്
ക്ലെയോഫാസ് ഇഷ്ടപ്പെടുന്ന കളിക്കാരന് ഇന്നും ഡിയഗോ മറഡോണ തന്നെയാണ്. അത്രയും സ്കില്ലും അര്‍പ്പണബോധവും മറ്റു കളിക്കാര്‍ക്കു കുറവാണ്. ഇഷ്ട പരിശീലകന് ‘സ്പെഷല്‍ വണ്‍’ എന്ന് ഫുട്ബോള്‍ ലോകം വാഴ്ത്തുന്ന പോര്‍ച്ചുഗീസ് മുന്‍ താരവും ഇപ്പോഴത്തെ പരിശീലകനുമായ ഹോസെ മൌറീഞ്ഞോ. നിലവില്‍ ഇറ്റാലിയന്‍ ലീഗില്‍ റോമയുടെ പരിശീലകനാണ് അദ്ദേഹം. ഇന്ത്യയില്‍ എന്നും ഇഷ്ടപ്പെട്ട കളിക്കാരന് ഐ.എം. വിജയനാണ്.