ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം. വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.ഇന്ന് വിശദാംശങ്ങള്‍ നല്കുവാന് സാധിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് സുപ്രീംകോടതി മുന്നറിയിപ്പ്. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നാണ് കോടതി നിര്‍ദേശം.
എസ്ബിഐ വിവരങ്ങള്‍ കൈമാറിയാല്‍ വിശദാംശങ്ങള്‍ വെള്ളിയാഴ്ച അഞ്ച് മണിക്ക് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു.
ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.