ന്യൂഡല്‍ഹി: ഭരണഘടന തിരുത്തുമെന്ന ബിജെപി എംപി അനന്തകുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ബിജെപിക്കും ആര്‍എസ്എസിനും ഭരണഘടന തകര്‍ക്കണമെന്നും തിരുത്തണമെന്നുമുള്ള കുടില അജണ്ടയാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
തന്റെ കക്ഷിക്ക് ഭരണഘടന തിരുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും ഹെഗ്ഡെ കര്‍ണാടകയിലെ കാര്‍വാറില്‍ നടന്ന ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ് അനാവശ്യമായി ഭരണഘടനയില്‍ പലതും ചേര്‍ത്തിട്ടുണ്ടെന്നും അതെല്ലാം ഒഴിവാക്കേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ സംഘപരിവാരത്തിനുമുള്ള കുടില തന്ത്രങ്ങളും മറച്ച് വച്ചിരിക്കുന്ന താത്പര്യങ്ങളുമാണ് ബിജെപി എംപിയുടെ പരാമര്‍ശത്തിലൂടെ പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഏകാധിപത്യം കൊണ്ടുവരാനുള്ള മോഡിയുടെയും ആര്‍എസ്എസിന്റെയും കുടില നീക്കങ്ങളാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത് എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. മോദി സര്‍ക്കാരിനും ബിജെപിക്കും ആര്‍എസ്എസിനും ഏകാധിപത്യം കൊണ്ടുവരണമെന്ന രഹസ്യ താത്പര്യം ഉണ്ട്. അവിടെ അവര്‍ക്ക് അവരുടെ മനുവാദി മനോഭാവം ഇന്ത്യന്‍ ജനതയുടെ മേല്‍ നടപ്പാക്കി പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും മറ്റ് പിന്നാക്കവിഭാഗങ്ങളുടെയും അവകാശങ്ങള്‍ കവരേണ്ടതുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു