ന്യൂ ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി . 2022 നവംബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ അദ്ദേഹത്തിന് 2027 വരെ കാലാവധിയുണ്ട്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് കമ്മിഷനിലെ മറ്റൊരംഗമായ അനൂപ് പാണ്ഡെയുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. ഇതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ഉള്ളത്.
അരുണ്‍ ഗോയലിന്റെ രാജി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നടപടി ക്രമങ്ങളെ ബാധിക്കുമോ എന്നതില്‍ വ്യക്തതയില്ല.അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. സിവിൽ സർവീസിൽനിന്ന് സ്വയം വിരമിച്ച അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ സംഭവം വിവാദമായിരുന്നു.