78 പേജുള്ള, കുറഞ്ഞ സമയം കൊണ്ട് വായിച്ചു തീര്‍ക്കാവുന്ന അതിമനോഹരമായ പുസ്തകമുണ്ട് മലയാളത്തില്‍. വലിയ നോമ്പുകാല വായനകളില്‍ ഉള്‍പ്പെടുത്തേണ്ട പുസ്തകം. നോമ്പുകാലത്തെ കുരിശിന്റെ വഴി പ്രാര്‍ഥനകളില്‍ കുട്ടിക്കാലം മുതല്‍ പരിശുദ്ധ മറിയത്തിന്റെ വ്യാകുലങ്ങള്‍ എന്നെ അഗാധമായി നൊമ്പരപ്പെടുത്തിയിട്ടുണ്ട്.
പരിശുദ്ധ അമ്മയെക്കുറിച്ചുള്ള മനോഹരമായ ചിന്തകളാല്‍ പ്രകാശം പരത്തുന്നു കെ.പി അപ്പന് എഴുതിയ ‘മധുരം നിന്റെ ജീവിതം’. 2006ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പക്ഷേ, അത് വാങ്ങാന്‍ അപ്പന്‍സാര്‍ ജീവിച്ചിരുന്നില്ല. ബൈബിളിന്റെ വെളിച്ചത്തില്‍ (ഈ പേരില്‍ ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്) ഒരു പുതിയ വിജ്ഞാനശാഖ ‘മേരിയോളജി’ മലയാളത്തില്‍ കെ.പി. അപ്പന് തുടക്കം കുറിച്ചു. മേരിവിജ്ഞാനീയം വിശ്വാസികള്‍ക്കും നിരീശ്വരര്‍ക്കും ഇപ്പോള്‍ താല്പര്യമുള്ള വിജ്ഞാനശാഖയായി മാറിയിട്ടുണ്ട്.
ക്രിസ്തുവിന്റെ പുരോഹിതനായി പുണ്യജീവിതം നയിക്കുന്ന വൈദികര്‍ക്ക് അഭിമാനമായി തീരുന്ന വചസ്സുകളോടെയാണ് ‘മധുരം നിന്റെ ജീവിതം’ ആരംഭിക്കുന്നത്. അപ്പന്‍സാര്‍ പറയുന്നു: ഒരു ക്രിസ്മസ് ദിനത്തിലാണ് ഗില്ബര്ട്ടച്ചന് എനിക്ക് ഒരു ബൈബിള്‍ സമ്മാനമായി നല്‍കിയത്. അന്ന് ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുകയായിരുന്നു.
അച്ചന്റെ സംഭാഷണങ്ങളില്‍ കഥാരൂപത്തില്‍ ഒരു മേരീവിജ്ഞാനീയം പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ അമ്മയായി ഒരു ചക്രവര്‍ത്തിയുടെ മകളെ ദൈവം തെരഞ്ഞെടുത്തില്ല. ഹെറോദേസിന്റെ മകളെ ദൈവം തെരഞ്ഞെടുത്തില്ല. മഹാപുരോഹിതന്റെ മകളെ ദൈവം തെരഞ്ഞെടുത്തില്ല. ദൈവം പാവപ്പെട്ട ഒരു കന്യകയെയാണു തെരഞ്ഞെടുത്തത്. അതു മറിയത്തിന്റെ യോഗ്യതയോ ദൈവത്തിന്റെ മഹത്വമോ? അത് ദൈവത്തെ മറ്റാരെയുംകാള്‍ മനസ്സിലാക്കിയ മറിയത്തിന്റെ യോഗ്യതയായിരുന്നു. ദൈവത്തില്‍ ഉറപ്പിച്ച മനസ്സായിരുന്നു മറിയത്തിന്റേത്. അതു ശുദ്ധമായ മനസ്സായിരുന്നു. പാപചിന്തകള്‍ സ്പര്‍ശിക്കാത്ത കന്യാഹൃദയമായിരുന്നു അത്. പില്ക്കാലത്ത് മേരിയുടെ ഹൃദയത്തെക്കുറിച്ചു തവാര്ഡ് (കന്യകാമറിയത്തിന്റെ ആയിരം മുഖങ്ങള്‍/ജോര്‍ജ് എച്ച്. തവാര്ഡ്) നടത്തിയ ഭാഷ്യങ്ങള്‍ ഞാന്‍ വായിച്ചുനോക്കി. അത് ബിസ്കറ്റ് അച്ചന് പറഞ്ഞ ആശയങ്ങളുടെ സമാന്തരങ്ങളായിരുന്നു.
മറിയത്തെക്കുറിച്ചു കുറേ നല്ല ചിത്രങ്ങള്‍ അച്ചന് എന്റെ മനസ്സില്‍ വരച്ചിട്ടു. അതു കൈകൊണ്ടു വരയ്ക്കാത്ത ചിത്രങ്ങളായിരുന്നു. എല്ലാ വിശുദ്ധചിത്രങ്ങളും കൈകൊണ്ടു വരയ്ക്കാത്ത ചിത്രങ്ങളാണ്. വിശുദ്ധമറിയത്തിനുവേണ്ടി സാക്ഷ്യം പറയുന്ന വാക്കുകളായിരുന്നു ഗില്‍ബര്‍ട്ട് അച്ചന്റേത്. ബൈബിളില്‍ എത്ര ‘മേരിമാര്‍’ ഉണ്ട്? ഒരിക്കല്‍ അച്ചന് എന്നോടു ചോദിച്ചു. ഞാന്‍ മനസ്സില്‍ എണ്ണാന്‍ തുടങ്ങി. കന്യാമറിയം, മര്‍ക്കോസ് എന്ന യോഹന്നാന്റെ അമ്മ, മഗ്ദലനക്കാരി മറിയം, ലാസറിന്റെ സഹോദരിയായ മറിയം, ക്ലെയോപ്പസിന്റെ ഭാര്യയായ മറിയം, പൗലോസിന്റെ ലേഖനത്തിലെ മറിയം…. എണ്ണിത്തീരുന്നതിനു മുമ്പ് അച്ചന് പറഞ്ഞുതുടങ്ങി, എല്ലാ മറിയമാരിലും വിശുദ്ധമറിയമുണ്ട്. അല്ലെങ്കില്‍ അവരിലെല്ലാം വിശുദ്ധമറിയത്തിന്റെ നന്മകള് ഉണ്ട്. അത് ഒരു കാഴ്ചപ്പാടാണ്. അനസൂയയും പ്രിയംവദയും ശകുന്തളയുടെ തോഴിമാരല്ല. ശകുന്തളയുടെ രണ്ടു ഭാവങ്ങളാണ്. അതുപോലെ സ്ത്രീകളിലെ എല്ലാ നന്മകളിലും നന്മനിറഞ്ഞ മറിയത്തിന്റെ സ്വഭാവത്തിലെ അംശങ്ങളുണ്ട്.
മറിയത്തിന്റെ ജീവിതത്തെയും കാരുണ്യത്തെയും അദ്ദേഹത്തെയും കുറിച്ചുള്ള അറിവുകള്‍ ലോകമെങ്ങും ഉണ്ട്. ഏകദേശം ഒരു ലക്ഷത്തോളം പഠനങ്ങള്‍ യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ച് ഉണ്ടായി. ദൈവശാസ്ത്രത്തിലും ചരിത്രത്തിലും ചിത്രകലയിലും പ്രതിമാശില്പത്തിലും കവിതയിലും പല കാലങ്ങളില്‍ മറിയം പ്രമേയമായി നിറഞ്ഞു. ഗോഥിക് കാലഘട്ടത്തിലെ ചെക്ക്കലയില് പ്രധാന രൂപം മറിയത്തിന്റേതായിരുന്നു. അവിടെ കന്യകാമറിയം ദുഃഖത്തിന്റെ അമ്മയായി. മൈക്കലാഞ്ജലോയുടെ ‘പിയത്ത’ എന്ന ശില്പം മറിയത്തിന്റെ ദുഃഖത്തിന്റെ ആഴങ്ങളെ ഭംഗിയായി ആവിഷ്കരിച്ചു. സ്ത്രീകളില്‍ പരമസുന്ദരി എന്നും മൈലാഞ്ചിപ്പൂങ്കുല എന്നും ഉത്തമഗീതം പറയുമ്പോള്‍ നാം കന്യകാമറിയത്തെ ഓര്‍ക്കുന്നു. മധുരം എന്ന വാക്ക് മറിയത്തിന്റെ ജീവിതത്തിന്റെ പര്യായമാണ്.
മാതാവിന്റെ സ്നേഹവും കാരുണ്യവും അതു വിശ്വസിച്ചുകൊണ്ടു രുചിച്ചുനോക്കാനുള്ളതാണ്. കാനായിലെ കല്യാണത്തില്‍ ഈ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സുഗന്ധം വീശുന്നുണ്ടായിരുന്നു. കാനാ ഒരു ചെറിയ ഗ്രാമമാണ്. പാവപ്പെട്ടവരുടെ വീട്ടിലെ കല്യാണമായിരുന്നു അത്. അതുകൊണ്ടാണ് സദ്യ അവസാനിക്കുന്നതിനു മുമ്പ് വീഞ്ഞു തീര്‍ന്നുപോയത്. അവിടെവച്ചാണ് ജീസസ് ആറു കല്ഭരണിയിലെ വെള്ളം വീഞ്ഞാക്കിയത്. ക്രിസ്തു കാണിച്ച ആദ്യത്തെ അദ്ഭുതമായിരുന്നു അത്. കനിവുള്ള കന്യകയുടെ ആവശ്യപ്രകാരമാണ് അതു നടന്നത്. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക(1 തിമോ. 2:2) അവരോട് സ്നേഹത്തോടെ പെരുമാറുക (1 തെസ്സ 5:12) എന്നിങ്ങനെയുള്ള വചനങ്ങളെ നന്മ നിറഞ്ഞ മറിയത്തിന്റെ പ്രവൃത്തി ഓര്‍മ്മിപ്പിക്കുന്നു. മാധുര്യം വിശുദ്ധ മറിയത്തിന്റെ പ്രവര്‍ത്തിക്കുണ്ടായിരുന്നു.
‘സഹരക്ഷക’ എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന മറിയത്തെ പള്ളികളുടെ വാതിലുകളും ജനലുകളുമായി ഗ്രന്ഥകര്‍ത്താവ് ധ്വനിപ്പിക്കുന്നുണ്ട്. ക്രൈസ്തവ ദേവാലയങ്ങളുടെ തച്ചു ശാസ്ത്രത്തില്‍ കട്ടിള ഉണ്ണിയേശുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളുടെ ബാഹ്യരേഖ ആവുകയാണ്. ഡാവിഞ്ചിയുടെ ‘ദ് വെര്‍ജിന്‍ ഓഫ് ദി റോക്സ് ‘ എന്ന ചിത്രം ഉണ്ണിയേശുവിനെ ലാളിച്ചു വളര്‍ത്തുന്ന മേരിയുടെതാണ്. ഈ ചിത്രത്തിന്റെ ബാഹ്യരേഖയ്ക്ക് പള്ളിയുടെ വാതിലിന്റെ ആകൃതിയാണ് ഡാവിഞ്ചി നല്‍കിയിരിക്കുന്നത്. മുകള്ഭാഗം ചെറുതായി വളഞ്ഞ് അഗ്രം അല്പം കൂര്‍ത്തിരിക്കുന്ന വാതിലിലൂടെ പള്ളിക്കകത്തേക്ക് കടക്കുമ്പോള്‍ അമ്മ മറിയം എന്നെ കൈപിടിച്ചു രക്ഷകന്റെ അടുത്തേക്ക് ആനയിക്കുന്നു.
ഏറ്റവും സുന്ദരമായ നക്ഷത്രത്തെക്കാള്‍ സുന്ദരിയായ കന്യക എന്ന് വേഡ്സ് വര്‍ത്ത് വിശേഷിപ്പിച്ച വിശുദ്ധമറിയത്തില്‍ നിന്ന് മലയാളഭാവന എങ്ങിനെയോ അകന്നുനിന്നു. അതിനാല്‍ ദൈവികമാതൃത്വത്തിന്റെയും ലോകസ്നേഹത്തിന്റെയും കവിത നമുക്ക് നഷ്ടപ്പെട്ടു എന്ന പരാതി അപ്പന് സാറിനുണ്ട്. എന്നാല്‍, നമ്മുടെ വിശ്വാസത്തിലേക്ക് നന്മനിറഞ്ഞ മറിയം കടന്നു വന്നുകൊണ്ടിരിക്കുന്നു. മേരിയിലൂടെ നാം രക്ഷകനിലേക്ക് നീങ്ങുന്നു. ക്രിസ്തുവിനെയും മറിയത്തെയും ദൈവശാസ്ത്ര സംസ്കാരം നക്ഷത്രങ്ങള്കൊണ്ടു ബന്ധിച്ചിരിക്കുന്നു. ക്രിസ്തുവുമായി ബന്ധപ്പെട്ട ദൈവശാസ്ത്ര സാഹിത്യത്തില്‍ നക്ഷത്രം പ്രധാനപ്പെട്ട ഒരു ചിഹ്നമാണ്. പ്രതീക പഠനങ്ങളില്‍ നക്ഷത്രം ഇരുട്ടിനെതിരെ പൊരുതുന്ന സ്വര്‍ഗീയ വെളിച്ചമാണ്. ജ്ഞാനികളുടെ ആത്മീയ വഴികാട്ടിയാണ്. ജാഗ്രതയുടെ ചിഹ്നമാണ്.
ഈ കുറിപ്പിലെ ഭൂരിഭാഗം വാചകങ്ങളും കെ.പി അപ്പന് സാറിന്റേതാണ് എന്ന ഏറ്റുപറച്ചില്‍ അനിവാര്യമാണ്. എത്രയോവട്ടം ‘മധുരം നിന്റെ ജീവിതം’ ഞാന്‍ വായിച്ചു. അതോടൊപ്പം എത്രയോ വട്ടം പുതിയപുലരി ആഗ്രഹിച്ച് ദൈവമതാവിന്റെ ലുത്തിനിയയില്‍ പ്രാര്‍ഥിച്ചു: ഉഷ കാലത്തിന്റെ നക്ഷത്രമേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ……
ഈ നോമ്പുകാലത്ത് വഴികളില്‍ പ്രകാശം നല്കുന്ന പുസ്തകമാണ് ‘മധുരം നിന്റെ ജീവിതം’.