തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനു ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമായത്.
തിരുവനന്തപുരത്ത് മുന്‍ പാര്‍ട്ടി സെക്രട്ടറിയും എം.പിയും ആയിരുന്ന പന്ന്യന്‍ രവീന്ദ്രന് മത്സരിക്കും. വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജ തന്നെ മത്സരിക്കും. തൃശൂരില്‍ മുന്‍മന്ത്രി വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും മത്സരിക്കും.
സംസ്ഥാനത്ത് എല്‍.ഡി.എഫിന് അനുകൂലമായ കാറ്റാണെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാണ്. ഏതു സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്.
ഇരുപതില്‍ 20 സീറ്റിലും ജയിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യം. അതിനുള്ള സംഘടനാ രാഷ്ട്രീയ പിന്‍ബലം എല്‍ഡിഎഫിനുണ്ട്. സിപിഐയുടെ നാല് സ്ഥാനാര്‍ത്ഥികളും വിജയമുറപ്പാക്കിയവരാണ്. കറയറ്റ വ്യക്തിത്വമുള്ളവരും ജനകീയ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തവരുമാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥികളെന്നും ബിനോയ് വിശ്വം അറിയിച്ചു.