കൊല്‍ക്കത്ത: 14ാം നൂറ്റാണ്ടില്‍ പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിര്‍മിച്ച അദീന മസ്ജിദില്‍ അതിക്രമിച്ചുകടന്ന് ഹിന്ദുത്വ വാദികൾ പൂജ നടത്തി . ശനിയാഴ്ചയാണ് മാള്‍ഡ ജില്ലയിലെ അദീന മസ്ജിദില്‍ മഹാരാജ് ഹിരണ്‍മോയ് ഗോസ്വാമി എന്ന പൂജാരിയും ഒരുസംഘം യുവാക്കളുമെത്തി പൂജ നടത്തിയത് എന്നാണ് റിപ്പോർട്ട് . ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ മസ്ജിദ് .വിവരമറിഞ്ഞ് പോലിസ് സംഘം സ്ഥലത്തെത്തി പൂജ തടഞ്ഞത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചു.
എഎസ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാജ് ഹിരണ്‍മോയ് ഗോസ്വാമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൂജാരി മാള്‍ഡ സ്വദേശിയല്ലെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഓള് ബംഗാള്‍ ഇമാം മുഅദ്ദിന് അസോസിയേഷന് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ ബിശ്വാസ് ആവശ്യപ്പെട്ടു.
വിഷയം നിയമാനുസൃതമായി കൈകാര്യം ചെയ്യുമെന്നും സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും മാള്‍ഡ യൂനിറ്റ് പ്രസിഡന്റുമായ അബ്ദുര്‍ റഹീം ബോക്സി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 1369ല്‍ സുല്‍ത്താന്‍ സിക്കന്ദര്‍ ഷാ നിര്‍മിച്ച അദീന പള്ളി പശ്ചിമ ബംഗാളിലെ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച പള്ളിയാണ്.