വയനാട്: വന്യജീവി ആക്രമണത്തില്‍ രണ്ട് ജീവന് നഷ്ടമായിട്ടും മന്ത്രിമാർ വയനാട്ടില്‍ എത്തിയില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്. താന്‍ എത്താത്തല്ല, പ്രശ്നപരിഹാരമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു.
സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചെയ്യേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ചില പ്രത്യേക കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് എത്താന്‍ കഴിയാതെ പോയത്.
വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഏത് കാര്യം വരുമ്പോഴും അത് രാഷ്ട്രീയവത്ക്കരിച്ച് കാണിക്കുക എന്നത് ചിലരുടെ പൊതുസ്വഭാവമാണ്. ഇതൊരു രാഷ്ട്രീയ വിഷയമേ അല്ലെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ ജനങ്ങള്‍ക്ക് സുരക്ഷയും ആശ്വാസവും നല്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തതിന് കാരണം കേന്ദ്ര നിയമങ്ങളാണ്. കേന്ദ്രസര്‍ക്കാരാണ് ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്തതില്‍ അപാകതയില്ല. പൊതുസ്വത്ത് നശിപ്പിച്ചതുകൊണ്ടാണ് കേസെടുത്തത്. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു .