ഡോ. ഗാസ്പര്‍ സന്യാസി
എണ്‍പതുകളുടെ തുടക്കത്തില്‍ രണ്ടു മൂന്നു തവണ കടല്‍ കയറ്റം വന്നതിന്റെ ഓര്‍മ്മയുണ്ട്. ചെല്ലാനം ദേശത്തിന്റെ കടല്‍ കയറ്റ ദുരിതം യൂട്യൂബിലും വാട്സാപ്പിലും വൈറല്‍ നറേറ്റീവ്സ് ആകുന്ന പുതു കാലത്തെപ്പറ്റിയല്ല പറയുന്നത്. പഴയ കാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളുടെ ആല്‍ബത്തെപ്പറ്റിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് തീവ്രതയും അവയിലെ ഓര്‍മ്മകള്‍ക്ക് മൂര്‍ച്ചയും ഏറും. അന്ന് മണല്‍ വാരിയുണ്ടാക്കിയ വാടയ്ക്ക് അടമ്പിന്റെയും മൂര്‍ച്ചയുള്ള ഇലകളോടു കൂടിയ പേരറിയാത്ത ചെടികളുടെയും കവചമുണ്ട്. വിജയം കനാലിന് ആഴം കൂടുതലുണ്ട്. ചെറിയ കൈത്തോടുകളുണ്ട്. പള്ളിയില്‍ അന്നും വെള്ളം കയറും.
വീട്ടുമുറ്റത്തു വരുന്ന കടല്‍ വെള്ളത്തില്‍ തെക്കുപുറത്തെ കുളങ്ങള്‍ മുങ്ങും. എങ്ങും ഉപ്പുമയം. ചെടികള്‍ വാടിക്കരിയും. ഉയരക്കാഴ്ചകള്‍ കണ്ട് തലയുയര്‍ത്തി നില്ക്കുന്ന ചില്ലത്തെങ്ങുകള് മാത്രം ഉപ്പിനെ തോല്‍പ്പിച്ച് തലയുയര്‍ത്തി നില്ക്കും. ഭയങ്കരമായി വിശപ്പ് വരുന്ന കാലമാണത്. കഴിക്കാന്‍ ഒന്നും ഉണ്ടാകില്ല. കടല്‍വെള്ളം ഇറങ്ങിത്തുടങ്ങുന്ന പള്ളിമുറ്റത്ത് ഞങ്ങള്‍ വിയര്‍പ്പ് നനഞ്ഞ കടലാസ് തുണ്ടുകളുമായി ക്യൂ നില്ക്കും. ടോക്കണ്‍ നമ്പറാണ്. അന്നാണ് സി.ആര്.എസ്.എന്ന് ആദ്യമായി കേള്‍ക്കുന്നത്. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് കാത്തലിക് റിലീഫ് സര്‍വീസ് എന്നാണ് അതിന്റെ പൂര്ണ്ണരൂപമെന്നും അതൊരു എന്‍.ജി. ഒ. ആണെന്നും മനസ്സിലാക്കിയത്. പാല്‍പ്പൊടിയും കമ്പപ്പൊടിയും നുറുക്ക് ഗോതമ്പും എണ്ണയുമൊക്കെയാണ് വിതരണം ചെയ്യുന്നത്. അത് വലിയ ആശ്വാസത്തിന്റെ സംരംഭമായിരുന്നു.
എണ്ണയും ഗോതമ്പും കൊടുത്ത് മതം മാറ്റുമെന്ന നറേറ്റീവ് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ ചെല്ലാനംകാര്ക്കായിരുന്നു ആശ്വാസം കിട്ടിയിരുന്നത്. ജാതി-മത ഭേദം പ്രബലപ്പെട്ടിരുന്നില്ല. വിശപ്പ് ഞങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തി. അത് കടല്‍പോലെ കടന്നുവന്ന് വേലി അതിര്‍ത്തികളെ പൊളിച്ചുകളഞ്ഞു.
ആ കാലത്തുതന്നെയാണ് മദര്‍ തെരേസയുടെ സിസ്റ്റേഴ്സ്, തെക്കേ ചെല്ലാനം കേന്ദ്രീകരിച്ച് കരിമ്പടവും പാത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്നത്. കരിമ്പടം പ്രധാനപ്പെട്ടതാണ്. കര്‍ക്കിടകത്തിലെ മഴപെയ്ത്തും കടലിരമ്പും കാറ്റടിയുമായി തണുപ്പ് പെയ്യുമ്പോള്‍, ചാണകം മെഴുകിയ തറയില്‍ ചിക്കുപായയും തഴപ്പായയും വിരിച്ച് കിടക്കും. കാല്ച്ചുവട്ടില് ചാക്കാണ് വിരിക്കാറ്. പഴയ തുണിയാണ് പുതപ്പ്. കരിമ്പടം കിട്ടുന്ന ദിവസങ്ങളില്‍ ചൂടിനുള്ളില്‍ ചെല്ലാനത്തെ കുട്ടികള്‍ സുഖമായുറങ്ങി. മദര്‍ തെരേസയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ അവര്‍ നല്കിയ കരിമ്പടത്തിന്റെ ചൂടാണ് ആദ്യമെത്തുന്നത്. അവരവര്‍ക്ക് തോന്നുന്നതല്ല, ശരിയായത് തിരിച്ചറിയുന്നതാണ് വിശുദ്ധിയെന്ന് ഇന്നറിയുന്നു. അതിനോടൊപ്പം ഓര്‍മ്മയിലുള്ളത് ഒരു ബിസ്കറ്റിന്റെ മണവും രുചിയുമാണ്. പരന്ന്, നീളവും വീതിയുമുള്ള ഒന്ന്. പിന്നീട് അറിഞ്ഞു, അത് ഹോളണ്ടില്‍ നിന്നും വരുന്നതാണെന്ന്. അവധി യാത്രകളിലൊന്നില്‍, പിന്നീട് നെതര്ലാന്ഡ്സിലെത്തുമ്പോള്, സുഹൃത്തായ അച്ചന്, ആ ബിസ്കറ്റ് കണ്ടെത്തി തരുന്നു. അത് അത്രയും പ്രിയപ്പെട്ട ഓര്‍മ്മകളിലൊന്നാണെന്ന് അയാള്‍ക്കറിയാമായിരുന്നു.
എഫ്സിആര്‍എ നിയമ ഭേദഗതി ബില്ലിനെപ്പറ്റിയുള്ള ഉത്കണ്ഠകളാണ് ഈ ഓര്‍മ്മകളിലേക്ക് പോകാന്‍ ഇടയാക്കിയത്. മനുഷ്യര്‍ പരസ്പരം കൊല്ലുകയും ഇല്ലാതാക്കുകയും ചെയ്യുന്ന കെട്ടകാലത്ത് ഭൂഖണ്ഡങ്ങള്‍ കടന്ന് മനുഷ്യര്‍ സഹായഹസ്തങ്ങള്‍
നീട്ടുമെന്ന അറിവിന്റെ ഭാരം അധികാര കേന്ദ്രങ്ങള്‍ക്ക് താങ്ങാനാകണമെന്നില്ല. ഐഡിയോളജികളും തീവ്രതകളും കൊണ്ടല്ലാതെ, കരുണ കൊണ്ടും ജീവന് കൊണ്ടും, ഭൂമിയും അതിലെ നിവാസികളും നിലനില്‍ക്കുമെന്ന വെളിച്ചത്തിലേക്ക്, സഹവാസത്തിന്റെ പ്രഭാതങ്ങളിലേക്ക് മനുഷ്യന് ഉണരുമെന്ന് വിശ്വസിക്കുകതന്നെ വേണം. ദേശാതിര്‍ത്തികള്‍ കടന്നെത്തുന്ന സകല നന്മകള്ക്കും ടാഗായി സ്വാര്ത്ഥതാല്പര്യങ്ങള് ഉണ്ടാകുമെന്ന വിചാരം, ലക്ഷ്യം വയ്ക്കുന്ന ആഖ്യാനങ്ങള്‍ക്കിടയില്‍ മനുഷ്യന് കുടുങ്ങിക്കിടക്കുന്നതുകൊണ്ടുണ്ടാകുന്ന നോട്ടപ്പിശകില്‍ നിന്നാണ് രൂപപ്പെടുന്നത്.
വിശപ്പാറ്റിയും വിദ്യയേകിയും, വിവേകത്തിന്റെയും നീതിബോധത്തിന്റെയും വിത്തുപാകിയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വലംകൈ നീട്ടിയും യാഥാര്‍ത്ഥ്യബോധത്തോടെ മുന്നേറാന്‍ ദേശത്തെ പഠിപ്പിച്ച് എത്തുന്ന ദൗത്യവാഹകര്‍ അപമാനം സഹിച്ചും വിഷമ സന്ധികള്‍ തരണം ചെയ്തും മുന്നേറുകതന്നെ ചെയ്യും.
കെട്ടുതെങ്ങിന്റെയും പിടിയരിയുടേയും വലിയ ഔദാര്യചരിത്രം ഈ നാട്ടിലെ മിഷന് അനുഭവങ്ങളായുണ്ട്. ഭരണഘടനാ മൂല്യങ്ങളിലൂന്നി വരയ്ക്കപ്പെട്ട ഇന്ത്യയുടെ ഭൂപടത്തിനുള്ളില്‍ വലിയ വെളിച്ചമായി ആ ചരിത്രം തിളങ്ങുകതന്നെ ചെയ്യും. പിടിച്ചെടുത്തും കവര്‍ന്നെടുത്തും വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ ഭാഗികമായി വിജയിച്ചേക്കാം. വിളക്കുകള്‍ പിടിച്ചെടുക്കുന്നു എന്നതിന് വെളിച്ചം ഇല്ലാതാക്കിയെന്ന് അര്‍ത്ഥമില്ല. എഫ്സിആര്‍എ ഭേദഗതി ബില്ലില്‍ പറയുന്നത് കേവലം വിദേശ സംഭാവനയുടെ കണക്കിന്റെ പ്രശ്നത്തെപറ്റിയല്ല മറിച്ച് ഈ ദേശം ആരുടേതാണെന്നും ആരാണ് ഇതിന്റെ ദേശഭാവന നിര്മ്മിക്കുന്നതെന്നതിനെപ്പറ്റിയുമാണ്. കരുണ കൊണ്ടും സ്നേഹം കൊണ്ടും സമാധാനം കൊണ്ടും നീതികൊണ്ടും വരയ്ക്കുന്ന ദേശപാഠങ്ങള് ഉയര്‍ത്തിപ്പിടിക്കുന്ന കരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടേക്കാം. എന്നിരിക്കിലും മലമുകളില്‍ അവരുടെ പാദങ്ങള്‍ തിളങ്ങുകതന്നെ ചെയ്യും – അത് എത്രയോ മനോഹരം എന്ന സങ്കീര്‍ത്തനം പോലെ.
പിന്കുറിപ്പ്:
മലയാളിയുടെ ഭക്തിബോധത്തിന്റെ ഭൂപടം വരഞ്ഞ് ജസ്റ്റിന് പനയ്ക്കല്‍ അച്ചന് യാത്രയാകുന്നു. പ്രണാമം!

