വർദ്ധിച്ചുവരുന്ന വേനൽച്ചൂടിൽ ദാഹിച്ച് വലയുന്ന പക്ഷികൾക്കായി വൃക്ഷശിഖരങ്ങളിൽ മൺചട്ടികളിൽ കുടിവെള്ളം കരുതുന്ന “ജീവാമൃതം” പദ്ധതി കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ബ്രദേഴ്സ് ഓഫ് കോതലങ്കോ, പള്ളുരുത്തിയിൽ വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കാസി പൂപ്പന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് ഡയറക്ടർ ഫാ. എബിൻ സെബാസ്റ്റ്യൻ മരത്തിന്റെ ശിഖരത്തിൽ പക്ഷികൾക്കായി പ്രത്യേകം സജ്ജീകരിച്ച മൺകുടത്തിൽ കുടിവെള്ളം നിറച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.
കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് കുമാരി ഡാനിയ ആൻ്റണി, ബ്രദർ ബിനോയ്, ബ്രദർ ആൻ്റണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് ഭാരവാഹികളായ സിജോ മാത്യു, ജെസ്വൽ സനോറിറ്റാ, ബേസിൽ റിച്ചാർഡ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

