ക്രൈസ്തവ സഭകളുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സാധുവായ വിശദീകരണമൊന്നും നല്‍കാതെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ബിഷപ്പ് പാംപ്ലാനി ആരോപിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താൽ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്രസർക്കാരിന് സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ട്.
സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്രസർക്കാരിന് വിൽക്കുകയോ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയോ ചെയ്യാം. ആസ്തിയുടെ യഥാർഥ ഉടമസ്ഥരേഖയില്ലാതെ പോലും സർക്കാരിന് ഇത് കൈമാറ്റം ചെയ്യാൻ അധികാരമുണ്ടാകും. നിലവിലെ നിയമത്തിൽ താൽക്കാലികമായി ഏറ്റെടുക്കാനും പ്രവർത്തിപ്പിക്കാനും മാത്രമാണ് അധികാരമുള്ളത്.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം സഭകളുടെ മാത്രം പ്രശ്നമല്ല, മറിച്ച് പൗരാവകാശങ്ങളുടെ ലംഘനമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സഭ എതിരാണ്. എന്നാല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവില്‍ വന്നതിനുശേഷം, ക്രിസ്ത്യന്‍ പുരോഹിതന്മാര് മതമൗലിക ശക്തികളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.

