ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എൽ.പി.ജി. ക്ഷാമം രൂക്ഷമായതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്ത് എല്ലാസമയവും ലഭ്യമാകുന്ന ഇന്ധനമാണ് പെട്രോൾ.
ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ പ്രതിസന്ധിയിലാണ്. എൽ.പി.ജി. പമ്പുകൾ മിക്കതും അടച്ചിട്ടിരിക്കുകയാണ്. തുറന്ന പമ്പുകളിൽ ഡ്രൈവർമാരുടെ നീണ്ട നിരയാണ്. വാതകം നിറയ്ക്കാൻ മണിക്കൂറുകളോളം വരിനിൽക്കേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. ഇതിനിടയിലാണ് പെട്രോളിലേക്ക് മാറണമെന്ന് ഓട്ടോ ഡ്രൈവർമാരോട് കേന്ദ്രമന്ത്രി നിർദേശിച്ചിരിക്കുന്നത്.
ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പാചക വാതക(എൽപിജി) ദൗർലഭ്യം പരിഹരിക്കുന്നതിനാണ് നടപടി. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ആവശ്യംവരുന്ന 3.3 കോടി ടണ്ണിൽ 65 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിൽതന്നെ 90 ശതമാനവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ്. എൽപിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി. ആവശ്യത്തിന് സിലിണ്ടറുകൾ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

