വത്തിക്കാൻ : “ജീവിതത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം കാത്തുസൂക്ഷിക്കുക” എന്ന വിശുദ്ധ ബെനെഡിക്റ്റിന്റെ നിയമാവലിയിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ദൈവവചനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ വായന ഇതിനു എത്രമാത്രം സുരക്ഷിതത്വം ഒരുക്കുന്നുവെന്നുള്ളതിനു, ബെനെഡിക്റ്റയിൻ സന്യാസികൾ സാക്ഷികളാണെന്നു ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. മാർച്ചുമാസം മുപ്പതാം തീയതി, തിങ്കളാഴ്ച്ച, ബെനെഡിക്റ്റയിൻ സന്യാസി സഭയിലെ മൂന്നു സമൂഹങ്ങളിൽ പെട്ട അംഗങ്ങൾക്ക് പാപ്പാ, സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.
ഈ ആത്മീയഅഭ്യാസം പരിശീലിക്കുന്നതിലൂടെ, നമ്മുടെ ബലഹീനതകളും പാപങ്ങളും തിരിച്ചറിയുവാനും, കർത്താവിന്റെ കൃപകളും അനുഗ്രഹങ്ങളും മുതൽക്കൂട്ടായി ഏറ്റെടുക്കുന്നതിനും സാധിക്കുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. തുടർന്ന് കൂട്ടായ്മയുടെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു. ഒരു സന്യാസിയുടെ വിശുദ്ധീകരണത്തിന്റെ പാത, എത്രതന്നെ തീക്ഷ്ണതയും പ്രചോദനവും കൊണ്ട് സമ്പന്നമാണെങ്കിലും, ലളിതമായ ഒരു വ്യക്തിപരമായ യാത്രയായി അതിനെ ചുരുക്കാനാവില്ലയെന്നും, ക്രിസ്തുവിന്റെ സാർവത്രിക സ്നേഹത്തിന്റെ പ്രതിഫലനമായ സാഹോദര്യ സേവനത്തിൽ മൂർത്തമാകുന്ന ഉത്ഥാനത്തിന്റെ സ്വാതന്ത്ര്യം ഉൾച്ചേർക്കുന്ന സാമൂഹികമാനം പ്രധാനപ്പെട്ടതാണെന്നും പാപ്പാ വിശദീകരിച്ചു.
ഒരുമിച്ചു നടക്കുവാനും, പരസ്പരം ശ്രവിക്കുവാനും നമ്മെ ക്ഷണിക്കുന്ന സിനഡൽ മാതൃക ആശ്രമങ്ങളിലും പ്രാവർത്തികമാക്കണമെന്ന് അനുസ്മരിപ്പിച്ച പാപ്പാ, അധികാരവും അനുസരണവും സംഭാഷണത്തിൽ സംയോജിപ്പിച്ച്, ഒരുമിച്ച് ദൈവഹിതം തേടുന്നതിന് സാഹോദര്യം വളർത്തുവാനും ഏവരെയും ക്ഷണിച്ചു.
തന്നിലേക്ക് തന്നെ ചുരുങ്ങുവാൻ ആഗ്രഹിക്കുന്ന ഒരു ലോകത്ത്, സന്യാസികൾ പരസ്പരം പങ്കുവയ്ക്കുവാനും, സഹായിക്കുവാനും അപ്രകാരം എല്ലാ ദൈവജനത്തിനും ഒരു മാതൃകയായി തീരുവാനും തയാറാവണമെന്നു പാപ്പാ അനുസ്മരിപ്പിച്ചതോടൊപ്പം, അപരന് വേണ്ടി, അവരുടെ സന്തോഷവും ദുഃഖങ്ങളും പ്രതീക്ഷകളും ഉത്കണ്ഠകളും എല്ലാം കർത്താവിന് സമർപ്പിച്ച് മാധ്യസ്ഥ്യം യാചിക്കുവാനുള്ള കടമയും എടുത്തു പറഞ്ഞു. ഇതിൽ ദൈവത്തിന്റെ ഭവനത്തെ തന്റെ തന്നെ ഭവനമാക്കി മാറ്റിക്കൊണ്ട്, ഉപവാസത്തിലും പ്രാർത്ഥനയിലും ചിലവഴിച്ച അന്ന പ്രവാചികയുടെ മാതൃകയും പാപ്പാ ചൂണ്ടിക്കാണിച്ചു.
പ്രവചനവും വിവേചനവും ആവശ്യപ്പെടുന്ന, തുടർച്ചയായ രൂപീകരണത്തിന്റെ പ്രാധാന്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഓരോ ആശ്രമവും കൂടുതൽ കൂടുതൽ “കർത്താവിന്റെ സേവനത്തിന്റെ വിദ്യാലയം” ആയി മാറുന്നതിനുള്ള വിശുദ്ധ ബെനെഡിക്റ്റിന്റെ ആഗ്രഹം ചൂണ്ടിക്കാണിച്ച പാപ്പാ, ഈ പ്രതിബദ്ധത ഏറ്റെടുക്കുവാൻ സന്യാസികൾക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു. അവർ സഭയ്ക്ക് നൽകുന്ന നിശബ്ദ സേവനങ്ങൾക്കു പാപ്പാ നന്ദിയർപ്പിക്കുകയും ചെയ്തു.
