കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായി കൈകോർത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രമുഖ ടാക്സി സർവീസ് കമ്പനിയായ ഉബറും. തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യൂബർ ആപ്പിൽ സൗജന്യയാത്ര സൗകര്യമൊരുക്കും.
രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം. കാർ,ഓട്ടോ,ബൈക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്താം. വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് എത്താൻ പ്രയാസമനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഈ പദ്ധതി വലിയ ആശ്വാസമാകും. പൊതുജനങ്ങളെ വോട്ടിംഗിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ മാസത്തെ ചൂടിൽ നിന്നും രക്ഷനേടാൻ എസി ടാക്സികളിലുള്ള ഈ സൗജന്യ യാത്ര വോട്ടർമാർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

