കൊച്ചി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ഡ്യൂട്ടികളിലും വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളായ ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ മാറ്റം വരുത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ). ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സംഘടന നിവേദനം നൽകി.
ബൂത്ത് ലെവൽ ഓഫീസർമാരായും (BLO) പോളിംഗ് ഓഫീസർമാരായും സേവനമനുഷ്ഠിക്കുന്നവരിൽ വലിയൊരു വിഭാഗം ക്രൈസ്തവ വിശ്വാസികളാണ്. ക്രൈസ്തവ സഭയുടെ ആരാധനാക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരേണ്ട ദിനങ്ങളാണ്. ഈ ദിവസങ്ങളിൽ പരിശീലന പരിപാടികളോ മറ്റ് ഫീൽഡ് വർക്കുകളോ നിശ്ചയിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കെ.എൽ.സി.എ ചൂണ്ടിക്കാട്ടി.
പ്രധാന ആവശ്യങ്ങൾ:
- ഡ്യൂട്ടിയിൽ ഇളവ്: ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ക്രൈസ്തവരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ ആരാധനകളിൽ പങ്കുചേരാൻ സാധിക്കുന്ന വിധത്തിൽ സമയക്രമത്തിൽ ഇളവ് നൽകുകയോ ചെയ്യുക.
- പരിശീലന പരിപാടികൾ: തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർമാരും ഈ രണ്ടു ദിവസങ്ങളിലും നിർബന്ധിത പരിശീലനങ്ങളോ മീറ്റിംഗുകളോ നിശ്ചയിക്കരുത്.
- പകര സംവിധാനം: ഈ 48 മണിക്കൂർ സമയത്തേക്ക് മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരെയോ റിസർവ് ഉദ്യോഗസ്ഥരെയോ നിയോഗിച്ച് തിരഞ്ഞെടുപ്പ് നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്
വിഷയത്തിൽ അടിയന്തിരമായ ഇടപെടൽ അധികാരികളിൽ നിന്നും ഉണ്ടാകണമെന്ന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, എക്ലീസിയാസ്റ്റിക്കൽ അഡ്വൈസർ മോൺ. ജോസ് നവാസ് എന്നിവർ ആവശ്യപ്പെട്ടു.

