വത്തിക്കാൻ : ലത്തീൻ ആരാധന ക്രമം, നോമ്പുകാലം അഞ്ചാം ശനിയാഴ്ചയിലെ സുവിശേഷ ഭാഗമായ, യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം 45 മുതൽ 57 വരെയുള്ള വചനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, മൊണാക്കോയിലെ വിശ്വാസികൾക്ക് ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകിയത്. യേശുവിനെ കൊല്ലുവാൻ വേണ്ടി യഹൂദർ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്? എന്ന ചോദ്യം ആമുഖമായി പാപ്പാ സുവിശേഷ വെളിച്ചത്തിൽ ചോദിക്കുന്നുണ്ട്. അതിനു കാരണം, ലാസറിനെ ഉയർപ്പിച്ചുകൊണ്ട് ജീവനിലേക്കു കൂട്ടികൊണ്ടുവന്നതാണെന്നു പാപ്പാ വിശദീകരിക്കുന്നു. മരണശിക്ഷയിൽ നിന്ന് മനുഷ്യകുലത്തെ മോചിപ്പിക്കുവാൻ ലോകത്തിലേക്കു വന്ന യേശു തന്നെ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് ഒരു വിധിയല്ല, മറിച്ച് വളരെ കൃത്യവും, തീരുമാനിച്ചുറപ്പിച്ചതുമായ ഒരു ഇച്ഛാശക്തിയാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
യഥാർത്ഥത്തിൽ ഭയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ കണക്കുകൂട്ടലിൽ നിന്നുമാണ് യേശുവിനെ വധിക്കുവാനുള്ള വിധി, കയ്യാഫാസും, പ്രമാണികളും ചേർന്നെടുക്കുന്നതെന്നും, ദീർഘകാലമായി കാത്തിരുന്ന മിശിഹായെ അംഗീകരിക്കുന്നതിന് പകരം ഇക്കൂട്ടർ ക്രിസ്തുവിനെ ഒരു ഭീഷണിയായി കണ്ടുവെന്നും പാപ്പാ പറഞ്ഞു. ഭയത്തിന് പിന്നിൽ അധികാരത്തോടുള്ള ഒരു അടുപ്പമുള്ളതിനാൽ ഇക്കൂട്ടർ നിരപരാധികളെ കൊള്ളുമ്പോഴും രക്ഷയുടെ വാഗ്ദാനം ദൈവം വിസ്മരിക്കുന്നില്ലെന്നും പാപ്പാ അടിവരയിട്ടു.
ഒരു വശത്ത്, സർവ്വശക്തനായ കർത്താവും രക്ഷകനുമായി തന്നെ വെളിപ്പെടുത്തുന്ന ദൈവവും, മറുവശത്ത്, യാതൊരു സംശയവുമില്ലാതെ വധിക്കുവാൻ തയ്യാറായി നിൽക്കുന്ന അധികാരികളുടെ രഹസ്യ പ്രവർത്തനവും, ഇങ്ങനെ രണ്ടു വൈരുദ്ധ്യാത്മകമായ സാക്ഷ്യങ്ങളാണ് ഇന്നത്തെ വചന ഭാഗം ഏവരുടെയും വിചിന്തനത്തിനായി നല്കിയിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ഉയിർത്തെഴുന്നേറ്റ ലാസറിൽ, യേശുവിന്റെ പെസഹാരഹസ്യങ്ങളുടെ പ്രവചനവും ഉൾച്ചേർന്നിരിക്കുന്നുവെന്നു കൂട്ടിച്ചേർത്തു. കാലത്തിന്റെ ആരംഭത്തിൽ ദൈവം ശൂന്യതയിൽ നിന്ന് ജീവൻ നൽകിയതുപോലെ, കാലത്തിന്റെ പൂർണ്ണതയിൽ അവൻ സൃഷ്ടിയെ നശിപ്പിക്കുന്ന മരണത്തിൽ നിന്ന് സകല ജീവനെയും വീണ്ടെടുക്കുന്നുവെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ഇന്നും ഇപ്രകാരം നിരപരാധികളായ ജീവനുകളെ നശിപ്പിക്കുന്ന പ്രവണത ലോകത്ത് ഉണ്ടെന്നും എന്നാൽ, തിന്മയുടെ ഈ ശക്തിക്ക് മുൻപിൽ, ദൈവത്തിന്റെ നിത്യമായ നീതി എന്നും നിലനില്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. കല്ലറകളിൽ നിന്ന് നമ്മെ മോചിപ്പിച്ച് കർത്താവ് നമുക്ക് നവമായ ജീവൻ പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കരുണയുടെ ഒരു സംസ്കാരം വളർത്തിയെടുക്കുവാനും, വലിച്ചെറിയുന്ന സംസ്കാരത്തെ, കരുണയുടെ സംസ്കാരത്താൽ തോൽപ്പിക്കുവാനും, ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പാപ്പാ പറഞ്ഞു.
സർവ്വശക്തന്റെ മഹത്വത്തെ ചുരുക്കുകയും അവനെ ഒരു വസ്തുവാക്കി മാറ്റുകയും ചെയ്യുന്ന വിഗ്രഹ സംസ്കാരത്തിൽ നിന്നുമുള്ള മോചനം പ്രാപിക്കുന്നതിന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. “വിഗ്രഹം എന്ന വാക്കിന്റെ അർത്ഥം “ചെറിയ ആശയം” എന്നാണ് അതിനാൽ വിഗ്രഹാരാധകർ ഹ്രസ്വദൃഷ്ടിയുള്ള ആളുകളാണ്: അവരുടെ കണ്ണുകളെ ആകർഷിക്കുന്നതും, മയക്കുന്നതും മാത്രമാണ് അവർ കാണുകയുള്ളൂ. ഇത് അയൽക്കാരെ ദുരിതത്തിലും ദുഃഖത്തിലും ഉപേക്ഷിക്കുവാനുള്ള പ്രവണത രൂപപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. “തന്നെ ഉയർത്താൻ വിനയത്തിന്റെ ഒരു മാതൃക നൽകിയവനെ വിശ്വസിക്കുമ്പോൾ മനുഷ്യൻ അവരുടെ ആധിപത്യത്തിൽ നിന്ന് മോചിതനാകുന്നു” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, തിന്മകളുടെ പ്രലോഭനങ്ങളിൽ ദൈവം നമ്മെ ഉപേക്ഷിക്കുന്നില്ല എന്ന് എടുത്തുപറഞ്ഞു.
“ഞാൻ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.” എന്ന ജെറമിയ പ്രവാചകന്റെ വചനങ്ങൾ, യുദ്ധത്താൽ മുറിവേൽക്കപ്പെട്ട ജനതയ്ക്ക് ആശ്വാസം നൽകുമെന്നും പാപ്പാ പറഞ്ഞു. അപരനിൽ സഹോദരനെ ദർശിക്കുവാനും, അവനെ സംരക്ഷിക്കുവാനുമുള്ള കടമയും പാപ്പാ ഓർമ്മപ്പെടുത്തി. രക്തരൂക്ഷിതമായ യുദ്ധങ്ങൾ അധികാരത്തിന്റെയും പണത്തിന്റെയും വിഗ്രഹാരാധനയുടെ ഫലമാണെന്നും, അത് ക്രിസ്തുവിന്റെ ശരീരത്തിൽ ഏൽക്കുന്ന മുറിവുകളാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ ദൈവത്തിന്റെ സമാധാനത്തിലും അനുഗ്രഹത്തിലും ജീവിച്ചുകൊണ്ട് സാക്ഷ്യം വഹിക്കാൻ മൊണാക്കോയിലെ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, വിശ്വാസത്തിൽ ഏവർക്കും സന്തോഷം പ്രദാനം ചെയ്യുവാനും, കാരുണ്യ പ്രവൃത്തികളിലൂടെ അത് പ്രകടമാക്കുവാനും ഏവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

