കോഴിക്കോട്: ലോകമെമ്പടുമുള്ള ക്രൈസ്തവർ വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് അതിരൂപത ഭദ്രാസന ദേവാലയത്തിൽ ഓശാന ഞായർ ശുശ്രൂഷകൾ ഭക്തിപൂർവ്വം ആചരിച്ചു. സെന്റ് വിൻസെന്റ് ഹോമിൽ നിന്നും ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു.
സെന്റ് വിൻസെന്റ് ഹോമിൽ നടന്ന കുരുത്തോല വെഞ്ചരിപ്പോടെയാണ് ശുശ്രൂഷകൾക്ക് തുടക്കമായത്. അനുഗ്രഹ പ്രഭാഷണത്തിൽ, ‘ഓശാന’ എന്ന വാക്കിന്റെ അർത്ഥം “കർത്താവേ, ഞങ്ങളെ രക്ഷിക്കാൻ വരണമേ” എന്നാണെന്ന് പിതാവ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. സമകാലിക ലോകത്തെ യുദ്ധസാഹചര്യങ്ങളെയും രാഷ്ട്രീയ അസ്ഥിരതകളെയും ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ട്, സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വെഞ്ചരിച്ച കുരുത്തോലകളേന്തി വിശ്വാസികൾ ഓശാന ഗീതങ്ങൾ ആലപിച്ചുകൊണ്ട് ദേവമാതാ കത്തീഡ്രലിലേക്ക് പ്രദക്ഷണം നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രദക്ഷണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കത്തീഡ്രലിൽ സമാപിച്ചത്.
കത്തീഡ്രലിൽ നടന്ന പീഡാനുഭവ വായനയോടെ വിശുദ്ധ കുർബാന ആരംഭിച്ചു. ആയിരത്തോളം വിശ്വാസികൾ പങ്കെടുത്ത ദിവ്യബലിയിൽ കോഴിക്കോട് ഫെറോന വികാരിയും ഇടവക വികാരിയുമായ ഡോ. അലോഷ്യസ് കുളങ്കര വചനപ്രഘോഷണം നടത്തി. കർത്താവിന്റെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ട് വലിയ ആഴ്ചയിലേക്ക് ഒരുങ്ങാൻ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, സെക്രട്ടറി ഫാ. റെനി ഇമ്മാനുവേൽ, ഫാ. പോൾ പേഴ്സി, ഫാ. സൈമൺ പീറ്റർ, ഫാ. സൂരജ്, ഫാ. പയസ്, ഫാ. ജെർലിൻ, ഫാ. ഗ്രേഷ്യസ് ടോണി എന്നിവർ സഹകാർമ്മികരായിരുന്നു.
പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ. ബിനു, എ.സി കോൺവെന്റ് സുപ്പീരിയർ sister ജൊവീറ്റ സെന്റ് വിൻസെന്റ് ഹോം സുപ്പീരിയർ സിസ്റ്റർ ജെയ്ൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.



