ലിവിവ്: : ലിയോപോളിയിലുള്ള ബെർണദീത്ത സന്ന്യാസാശ്രമസമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 22 പേർക്കെങ്കിലും പരിക്കേറ്റു. ഉക്രൈൻ രാജ്യാതിർത്തിയിൽനിന്ന് അകലെ പടിഞ്ഞാറൻ ഉക്രൈൻ നഗരമായ ലിയോപോളിയിൽപ്പോലും റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നവെന്ന് മേയർ അന്ദ്രി സാദോവി. മാർച്ച് 24-ന് മാത്രം ആയിരത്തോളം ഡ്രോണുകളാണ് റഷ്യ അയച്ചത്. അയൽരാജ്യങ്ങളായ ലെത്തോണിയയിലും എസ്തോണിയയിലും പോലും ഡ്രോണുകൾ എത്തിയാതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപത്തുള്ള മേരി മഗ്ദലേന ദേവാലയത്തിന് നേരെയും ആക്രമണമുണ്ടായി. തിർനോപൊളിയിലുള്ള ഊർജ്ജോത്പാദകകേന്ദ്രത്തിന് നേരെയും ആക്രമണങ്ങൾ ഉണ്ടായി.
1954-ലെ ഹേഗ് കൺവെൻഷനും 1972-ലെ വേൾഡ് ഹെറിറ്റേജ് കൺവെൻഷനും കീഴിൽ സംരക്ഷിക്കപ്പെടുന്ന ആശ്രമ ദേവാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിനിടെ റഷ്യയുടെ മറ്റ് ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ യുനെസ്കോ അപലപിച്ചു. അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധത്തിൽ റഷ്യ യുക്രൈനിൽ വൻ നാശമാണ് വരുത്തിയിരിക്കുന്നത്.
ലിയോപൊളിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വത്തിക്കാൻ മീഡിയയോട് സംസാരിച്ച ആർച്ച്ബിഷപ് മിയെത്സിസ്ളാവ് മോക്റിസ്കി, ഉത്ഥിതനായ ക്രിസ്തുവിന്റെ പെസഹാ സമാധാനം എത്തിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു. സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരാൻ അഭ്യർത്ഥിച്ച അദ്ദേഹം, നാളിതുവരെയുള്ള പ്രാർത്ഥനകൾക്ക് മുഴുവൻ സഭയോടുമുള്ള തങ്ങളുടെ നന്ദി രേഖപ്പെടുത്തി.
ഇവാനോ ഫ്രാങ്കീവ്സകിലെ ഭരണകേന്ദ്രത്തിന് നേരെ റഷ്യൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ഭാഗമായി സമീപത്തുള്ള ആശുപത്രിയുടെ പ്രസവവാർഡിൽ ചികിത്സയിലായിരുന്ന ഒരു സ്ത്രീയുടെ ഭർത്താവും പതിനഞ്ച് വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു.
റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് താത്പര്യമില്ലെന്നാണ് തുടർച്ചയായ ആക്രമണങ്ങൾ വ്യക്തമാക്കുന്നതെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോദിമീർ സെലിൻസ്കി പ്രസ്താവിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം 389 ഉക്രൈൻ ഡ്രോണുകൾ തങ്ങൾ തകർത്തതായി മോസ്കോ പ്രതിരോധമന്ത്രാലയം അറിയിച്ചു.
