മഞ്ജു സേവ്യര്‍
മലയാള-തമിഴ് സംഗീതലോകത്ത് മധുര ശബ്ദത്തിന്റെ ഉടമയായി ഇന്നും ഓര്‍മിക്കപ്പെടുന്ന ഗായികയാണ് ജെന്‍സി ആന്റണി. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ആരംഭമായി കണക്കാക്കുന്ന എഴുപതുകളില്‍ ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന അനവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതലോകത്ത് തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ അനുഗ്രഹീത ഗായിക. മൃദുവും ഹൃദയസ്പര്‍ശിയുമായ അവരുടെ ശബ്ദം തമിഴിലും മലയാളത്തിലുമുള്ള നിരവധി ഗാനങ്ങള്‍ക്ക് വ്യത്യസ്ത ഭാവവും ആത്മാവും പകര്‍ന്നു. പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്. സംഗീതത്തോടുള്ള സമര്‍പ്പണത്തിനും കലാസേവനത്തിനും ലഭിച്ച അംഗീകാരങ്ങളായി അടുത്തിടെ എം. കെ. അര്ജുനന് പുരസ്കാരവും കേരള സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. ഈ അഭിമാന നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍, തന്റെ സംഗീതയാത്രയും അനുഭവങ്ങളും ജീവനാദം പ്രതിനിധി മഞ്ജു സേവ്യറുമായിപങ്കുവെക്കുകയാണ് ജെന്‍സി ആന്റണി.

പിന്നണി ഗാനരംഗത്തേക്ക്
ലോകപ്രശസ്ത സംഗീത സംവിധായകനും തന്റെ നാട്ടുകാരനുമായ അര്ജുനന് മാഷും തന്റെ പിതാവുമായുള്ള ഉറ്റ സൗഹൃദമാണ് സിനിമ പിന്നണി ഗാനരംഗത്തേക്ക് വഴിതുറന്നത്. ഗുരുതുല്യനായ തന്റെ പ്രിയപ്പെട്ട മാഷിന്റെ 90 ആം ജന്മവാര്ഷികത്തില് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കണക്കാക്കുന്നു. ദേശീയ അവാര്‍ഡിനേക്കാളും വിലമതിക്കുന്നതായാണ് തന്റെ പ്രിയപ്പെട്ട മാഷിന്റെ ഈ അവാര്‍ഡ് ജെന്‍സി സ്വീകരിക്കുന്നത്.
1976 ല്‍ എം കെ അര്ജുനന് മാഷ് സംഗീതസംവിധാനം നിര്‍വഹിച്ച വേഴാമ്പല്‍ എന്ന ചിത്രത്തിലെ വയലാര്‍ രാമവര്‍മ്മ രചിച്ച ‘തിരുവാക ചാര്ത്തിന്’ എന്ന ഗാനമാണ് ജെന്‍സി ആദ്യമായി ആലപിച്ച മലയാള സിനിമാഗാനം. അര്ജുനന് മാഷിനെ കൂടാതെ പ്രശസ്ത സംഗീത സംവിധായകരായ ജോണ്സണ്, എ.ടി ഉമ്മര്‍, ശ്യാം, കെ.ജെ ജോയ്, എം.ജി രാധാകൃഷ്ണന്, ജിതിന് ശ്യാം, വിദ്യാധരന്, കെ.കെ ആന്റണി, കെ.സി വര്‍ഗീസ് തുടങ്ങിയ സംഗീതസംവിധായകരുടെ എല്ലാം ഗാനങ്ങള്‍ ജെന്‍സി ആലപിച്ചിട്ടുണ്ട്. താലിപ്പീലി കാട്ടിനുള്ളില്‍, കന്നിപൂമാനം, സ്വപ്നം കൊണ്ട് തുലാഭാരം, ഏകാന്തതേ നിന്റെ… ഇവയെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ട ജെന്‍സിയുടെ ഗാനങ്ങളാണ്.

ബാല്യകാല ഓര്‍മകള്‍
കൊച്ചി രൂപതയിലെ പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍ ഇടവകയിലും വീടിനടുത്തുള്ള കുരിശുപള്ളികളിലും വണക്കമാസ രാത്രികളില്‍ നടക്കാറുള്ള ഉറക്കമൊഴിച്ചിലില് പാട്ട് കേള്‍ക്കാനും പാടാനും പോയിരുന്നതാണ് ബാല്യകാല സംഗീത ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് ജീവനാദം പ്രതിനിധി മഞ്ജു സേവ്യറോട് ജെന്‍സി വ്യക്തമാക്കി.
ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ, യേശു നായക ദേവാ സ്നേഹ ഗായകാ, ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും തുടങ്ങിയ ഗാനങ്ങള്‍ ജാഗരണ പ്രാര്‍ഥനകളില്‍ പാടിയിരുന്നത് ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്ക്കുന്ന ഓര്‍മയാണ്.
മാതാപിതാക്കളും കുടുംബാംഗങ്ങളും ഒരുമിച്ച സംഗമങ്ങളെല്ലാം പാട്ടുകള്‍ പാടാനും ആസ്വദിക്കാനുമുള്ള വേദികള്‍ ആയിരുന്നു. ഏത് പ്രയാസമേറിയ പാട്ടും സഭാകമ്പമില്ലാതെ പാടാനുള്ള പരിശീലനം ലഭിച്ചത് കുടുംബ സദസ്സുകളില്‍ നിന്നാണ്. കൊച്ചിന് കലാഭവനിലെ ബാലസംഘത്തില്‍ സ്ഥിരമായി പാടിയിരുന്ന ബേബി ജെന്‍സി ബഹുമാനപ്പെട്ട ആബേല്‍ അച്ചന്റെ കൂടെ ഒരു മുറിയിലിരുന്ന് സ്പൂള്‍ ടേപ്പില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത് വളരെ സന്തോഷത്തോടെയാണ് ഓര്‍ത്തെടുത്തത്.
ബാലഗാനമേളയില്‍ പങ്കെടുക്കാന്‍ ബേബി ജെന്‍സിയെയും ബേബി സുജാതയെയും ബേബി പത്മജയും തിരഞ്ഞെടുത്തത് ആബേല്‍ അച്ചനായിരുന്നു.
കെ.കെ ആന്റണി മാസ്റ്റര്‍ സംഗീതം ചെയ്ത് പഠിപ്പിച്ച ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങിനായി ആദ്യമായി ചെന്നൈയിലേക്ക് യാത്ര പോയത് കൗതുകത്തോടും നിഷ്കളങ്കമായ ചിരിയോടും കൂടെയാണ് ജെന്‍സി പങ്കുവെച്ചത്. ‘ആരെന്നെ സൃഷ്ടിച്ചു’ എന്ന ഗാനം ദൈവത്തെക്കുറിച്ച് കുട്ടികള്‍ സംശയങ്ങള്‍ ചോദിക്കുന്നതും അമ്മ അവയ്ക്ക് മറുപടി പറയുന്നതുമായ രീതിയിലായിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നത് ബേബി ജെന്‍സിയും ബേബി സുജാതയും ബേബി പത്മജയും. ഉത്തരം പറയുന്നതാകട്ടെ ബി. വസന്തയും. ഇതേ ആല്‍ബത്തിലെ ദീപമേ സ്വര്‍ലോക ദീപമേ ജീവന് പകര്‍ന്നിടുന്ന ദീപമേ വാനം തുറന്നു വന്ന ദീപമേ വാനോര്‍ വണങ്ങിടുന്ന ദീപമേ എന്ന് തുടങ്ങുന്ന സോളോ ഗാനം ആലപിച്ചത് ബേബി ജെന്‍സി ആയിരുന്നു.

പാട്ടുവഴിയിലെ കൂട്ടുകാരന്
സ്നേഹവും വാത്സല്യവും നന്ദിയും നിറഞ്ഞ വാക്കുകളോടെയാണ് ജെന്‍സി തന്റെ പിതാവിനെ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ സംഭവിച്ചതെല്ലാം യാദൃശ്ചികമായാണ് എന്ന് ജെന്‍സി കരുതുന്നു. എന്നാല്‍ അപ്പച്ചന് അതൊന്നും അങ്ങനെയായിരുന്നില്ല. തന്റെ മകള്‍ സിനിമയില്‍ പിന്നണി പാടുന്ന പ്രശസ്തയായ ഒരു ഗായികയാകും എന്ന് അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അതിനുവേണ്ടി എന്ത് ത്യാഗം ഏറ്റെടുക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. പത്രത്തിലൂടെ കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ എവിടെയുണ്ടെന്ന് അറിഞ്ഞാലും ദീര്‍ഘദൂര യാത്ര ചെയ്തതാണെങ്കിലും അതില്‍ പങ്കെടുക്കാന്‍ മകളുമായി പുറപ്പെടും.
യാത്രാസൗകര്യം തീരെ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ തൊടുപുഴയിലും മൂവാറ്റുപുഴയിലും കോലഞ്ചേരിയിലുമൊക്കെ മത്സരത്തിനായി പോയിട്ടുണ്ട്. മകള്‍ നന്നായി പാടുന്നത് കേള്‍ക്കുമ്പോള്‍ പ്രശംസകള്‍ ചൊരിഞ്ഞും ചെറിയ വീഴ്ചകള്‍ വരുത്തിയാല്‍ സ്നേഹത്തോടെ തിരുത്തിയും സ്നേഹമയനായ ആ അപ്പച്ചന് എപ്പോഴും കൂടെ നിന്നു. ഓരോ മത്സരത്തിലും ഒന്നാം സ്ഥാനവുമായിട്ടായിരിക്കും തിരിച്ചുവരവ്. ഗാനമേളയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും അര്ജുനന് മാഷിന്റെ പാട്ടുകളിലൂടെ മലയാളചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നു വന്നപ്പോഴും പിന്നീട് ഇളയരാജ സാറിന്റെ ഗാനങ്ങളുടെ റെക്കോര്‍ഡിങിനായി മദ്രാസില്‍ പോകുമ്പോഴും സംഗീത പരിപാടികള്‍ക്കായി പലതവണ വിദേശയാത്രകള്‍ ചെയ്തപ്പോഴും പ്രോത്സാഹനവും പ്രചോദനവും ഏകി അപ്പച്ചന് ജെന്‍സിയെ അനുയാത്ര ചെയ്യുകയായിരുന്നു. സ്വര ശുദ്ധിയോടെ പാടുന്നതിനു വേണ്ട സാഹചര്യങ്ങളൊരുക്കാന്‍ അമ്മയും എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നുവെന്ന് ജീവനാദം പ്രതിനിധി മഞ്ജു സേവ്യറോട് ജെന്‍സി വ്യക്തമാക്കി.

യേശുദാസ് വഴി ഇളയരാജയിലേക്ക്
ചെറുപ്പകാലം തൊട്ടേ തന്നെ പാട്ടു പഠിപ്പിച്ച രാമന്‍കുട്ടി ഭാഗവതര്‍, നടേശന് മാഷ്, മധുസൂദനന് നായര്‍ ഇവരെയെല്ലാം ഏറെ ബഹുമാനത്തോടെയാണ് ജെന്‍സി ഓര്‍മിക്കുന്നത്. കൊച്ചി രൂപതയില്‍ അഭിവന്ദ്യ ജോസഫ് കുരീത്തറ പിതാവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ക്വയറിലെ നൂറ് ഗായകരില്‍ ഒരാളായിരുന്ന ജെന്‍സിക്ക് അവിടെവച്ച് യാദൃശ്ചികമായാണ് യേശുദാസിനൊപ്പം പാടാനുള്ള അവസരം ഒരുങ്ങിയത്. ഒരു പ്രാക്ടീസ് പോലുമില്ലാതെ ദാസേട്ടനൊപ്പം ‘അമ്പാടി പൂങ്കുയിലേ’ എന്ന ഗാനം പാടി തുടക്കം കുറിച്ചത് പിന്നീട് കേരളത്തില്‍ മാത്രമല്ല ഡല്‍ഹി, പഞ്ചാബ്, മുംബൈ എന്നീ സ്ഥലങ്ങളിലും യേശുദാസിന്റെ സംഗീത പരിപാടികളില്‍ സ്ഥിര സാന്നിധ്യമായി. ദാസേട്ടനോടുള്ള ഈ അടുപ്പമാണ് പിന്നീട് തമിഴകത്ത് ഇളയരാജ സാറിന്റെ സിനിമയിലേക്ക് വഴിതുറന്നത്.

കാതല്‍ ഓവിയും പാടും കാവിയം
നിനച്ചിരിക്കാതെ ഒരു ദിവസം ഇളയരാജ സാറിന്റെ ഫോണ്‍ വരുന്നു, പിറ്റേന്ന് തന്നെ മദ്രാസില്‍ എത്താന്‍ ആവശ്യപ്പെട്ടുകൊണ്ട്. സ്വപ്നത്തില്‍ പോലും ചിന്തിക്കാത്തൊരു കാര്യം. ഭയാശങ്കകളോടെയാണ് അന്ന് വൈകുന്നേരത്തെ ട്രെയിനില്‍ പുറപ്പെട്ടത്.
അര്ജുനന് മാഷിന്റെ വീട്ടിലാണ് താമസിച്ചത്. ഭാഷ വശമില്ലാത്തതുകൊണ്ട് മാഷ് തന്നെയാണ് ഫോണില്‍ സംസാരിച്ചത്. രാവിലെ തന്നെ എവിഎം സ്റ്റുഡിയോയില്‍ എത്താന്‍ പറഞ്ഞു.
സ്റ്റുഡിയോയില്‍ എത്തിയ ഉടന്‍ ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. രാജാ സാറിന്റെ തന്നെ ‘അന്നക്കിളി’ എന്ന ഗാനമാണ് ആദ്യം പാടിയത്. പിന്നെ, സത്യം ശിവം സുന്ദരം. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് അപ്പച്ചന്റെ കൂടെ മറുപടിക്കായി കാത്തുനിന്നത്. കുറച്ച് സമയത്തിന് ശേഷം ഉച്ചയ്ക്ക് തന്നെ റെക്കോര്‍ഡിങ്ങിന് ഒരുങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ജാനകിയമ്മയുടെ കൂടെയായിരുന്നു ആദ്യ റെക്കോര്‍ഡിങ്. ത്രിപുരസുന്ദരി എന്ന ചിത്രത്തിലെ ‘വാനത്തു പൂങ്കിളി’എന്ന പാട്ട് പാടി തമിഴകത്തിന്റെ പിന്നണി ഗാന ചരിത്രത്തിലേക്ക്. പിന്നീട് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ഒരു പരമ്പര ആയിരുന്നു. രാജാ സാറിനൊപ്പം പാടിയ ‘കാതല്‍ ഓവിയും പാടും കാവിയം’ എന്ന ഗാനം 80കളിലെ ഹിറ്റ് പ്രണയഗാനമായിരുന്നു. ഇളയരാജ സാറിന്റെ 60 ഓളം സിനിമകളില്‍ പാടി. രാജാ സാറിന് പുറമേ ഗംഗൈ അമരന്, ശങ്കര്‍- ഗണേഷ്, ചന്ദ്ര ബോസ്, യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം, മലേഷ്യ വാസുദേവന്‍ തുടങ്ങിയ പ്രശസ്തരായ സംഗീതജ്ഞരോടൊപ്പം അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
റെക്കോര്‍ഡിങ് അനുഭവങ്ങള്‍
ആദ്യ കാലഘട്ടത്തില്‍ ഓര്‍ക്കസ്ട്രയിലുള്ള എല്ലാവരും രാവിലെ തന്നെ ഒരുമിച്ചു വരും. മിക്കവാറും മാഷ് തന്നെയാകും പാട്ട് പഠിപ്പിക്കുന്നത്. അപ്പോള്‍ തന്നെ പഠിച്ച്, പ്രാക്ടീസ് ചെയ്ത് ഉച്ചയോടെ റെക്കോര്‍ഡ് ചെയ്യുന്നതായിരുന്നു പതിവ്. ഓരോരുത്തരുടെയും മുഖഭാവം പോലും തെറ്റുകള്‍ തിരുത്താനും പാട്ടുകള്‍ കൂടുതല്‍ മനോഹരമായി പാടാനുമുള്ള പ്രചോദനമായിരുന്നു.
രാജാ സാറും ഗംഗൈ അമരനും ഭാസ്കരനും ഒപ്പം പാടിയ ‘വാടി എന്‍ കപ്പകേളങ്കൈ’ എന്ന ഗാനം റെക്കോര്‍ഡ് ചെയ്തത് നൃത്തചുവടുകളോടെ ആയിരുന്നു. ആദ്യകാല റെക്കോര്‍ഡിങ് ഇത്തരത്തിലുള്ള രസകരമായ കൂട്ടായ്മയുടെ അനുഭവമായിരുന്നു.
റെക്കോര്‍ഡിങ് മേഖലയില്‍ പിന്നീട് വന്ന നൂതന സമ്പ്രദായങ്ങള്‍ റെക്കോര്‍ഡിങ് കുറെക്കൂടി എളുപ്പവും വേഗതയേറിയതുമാക്കി. കാലത്തിനനുസരിച്ചുള്ള ഈ മാറ്റവും അനിവാര്യമായതു തന്നെയാണ് എന്ന് ജെന്‍സി അഭിപ്രായപ്പെടുന്നു.
വിദേശ യാത്രാനുഭവങ്ങള്‍
വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ സംഗീത പരിപാടികള്‍ക്കായി ധാരാളം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, സിലോണ്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് ആവേശകരമായ ഓര്‍മകളാണ്.

മദ്രാസില്‍ നിന്നും ഗുജറാത്തി സ്കൂളിലേക്ക്
സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് അവിചാരിതമായി അധ്യാപന രംഗത്തേക്ക് പ്രവേശിക്കുന്നത്. റെക്കോര്‍ഡിങിനായി മദ്രാസില്‍ ആയിരിക്കുമ്പോഴാണ് മട്ടാഞ്ചേരി ഗുജറാത്തി സ്കൂളില്‍ സംഗീത അധ്യാപികയുടെ ഒഴിവുണ്ടെന്ന കാര്യം അപ്പച്ചന്റെ ഒരു സുഹൃത്ത് വഴി അറിയുന്നത്. 18 വയസ്സിനുള്ളില്‍ കരസ്ഥമാക്കിയ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യുവിന് പോയി. ഇന്റര്‍വ്യു കഴിഞ്ഞ ഉടനെ തന്നെ 50 കുട്ടികള്‍ ഇരിക്കുന്ന ഒരു ക്ലാസ് മുറി കാണിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അധ്യാപനം താല്പര്യപൂര്വ്വം തിരഞ്ഞെടുത്ത ഒരു തൊഴില്‍ അല്ലെങ്കിലും തന്റെ 38 വര്‍ഷത്തെ അധ്യാപനത്തിലൂടെ അനേകം ശിഷ്യരെ സംഗീത വഴിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞത് ഒരു ദൈവനിയോഗം പോലെ കണക്കാക്കുന്നുവെന്ന് ജീവനാദം പ്രതിനിധി മഞ്ജു സേവ്യറോട് ജെന്‍സി പറഞ്ഞു.

സിഎസി ഓര്‍മ്മകള്‍
അവധിക്കാലത്ത് എല്ലാ ദിവസവും എറണാകുളത്തെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള സംഗീതകേന്ദ്രമായ സിഎസി യിലേക്കാണ് യാത്ര. അതുകൊണ്ടു തന്നെ സിഎസി ഓര്‍മകളും ജോബ് ആന്‍ഡ് ജോര്‍ജ് മാഷിന്റെ പാട്ടുകളും എക്കാലവും
പ്രിയപ്പെട്ടതാണ്. ജോബ് മാഷ് പാട്ടുകള്‍ക്ക് ഈണമിടുമ്പോള്‍ തന്നെ പഠിപ്പിച്ച് റെക്കോര്‍ഡ് ചെയ്യുമായിരുന്നു. മാഷിന്റെ കൈവശമുള്ള ഒരു പുസ്തകത്തിലെ ഓരോ പാട്ടും പാടിച്ച് റെക്കോര്‍ഡ് ചെയ്യുന്നത് പതിവായിരുന്നു. വര്‍ഷങ്ങള്‍കഴിഞ്ഞ് സ്റ്റുഡിയോ വന്നതിനുശേഷമാണ് ‘ഓസ്തിയില് വാഴും’, ‘എത്രയും ദയയുള്ള മാതാവേ’ ,’ഇത്രനാള്‍ നഷ്ടമായ’,’കാരുണികനാം പ്രഭോ’ , ‘ കര്‍മല സുമമേ’ തുടങ്ങിയ ആരാധന ക്രമത്തില്‍ ഇന്നും ആലപിക്കുന്ന ഗാനങ്ങളൊക്കെ പാടിയത്. ക്രിസ്തീയ ഭക്തിഗാന രംഗത്ത് എന്നും ആദരവോടെ സ്മരിക്കുന്ന ജെറി മാസ്റ്റര്‍, ബേണി സാര്‍, ഫാ. തോമസ് എടയാല്‍, ജോയ് തോട്ടാന്‍ തുടങ്ങി ആന്റണി ഫെര്‍ണാണ്ടസ്, പീറ്റര്‍ ചേരാനല്ലൂര്‍ എന്നീ പുതിയ തലമുറയോടൊപ്പവും പ്രവര്‍ത്തിക്കാനായത് മറക്കാനാവാത്ത അനുഭവമാണ്.

വിശുദ്ധമായ ഒരോര്‍മ
1986 ല്‍ ജോണ്‍പോള്‍ രണ്ടാമന് പാപ്പയുടെ കേരളം സന്ദര്‍ശന വേളയില്‍ ദിവ്യബലി മധ്യേ ഗാനങ്ങള്‍ ആലപിച്ചത് ജെറി മാസ്റ്ററും ബേണി സാറും നേതൃത്വം നല്കിയ 100 അംഗ ഗായക സംഘമായിരുന്നു. ഇതിലെ പ്രധാന ഗായകരില്‍ ഒരാളായിരുന്നു ജെന്‍സി ആന്റണി. പാപ്പ സന്നിഹിതനായിരുന്ന വേദിയില്‍ പ്രാര്‍ഥനാ ഗാനമാലപിക്കാന്‍ കഴിഞ്ഞത് അഭിമാനത്തോടെ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഒരു വിശുദ്ധനോടൊപ്പം വേദി പങ്കിടാനായത് 40 വര്‍ഷങ്ങള്‍ക്കിപ്പുറവും വിശുദ്ധമായ ഒരോര്‍മയായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
ജനിച്ചതും വളര്‍ന്നതും സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ.് ഭര്‍ത്താവ് ഗ്രിഗറിയും മക്കളായ നിതിനും നുബിയയും പാട്ട് ഇഷ്ടപ്പെടുന്നവരും ആസ്വദിക്കുന്നവരുമാണ്. ആസ്ട്രേലിയയിലുള്ള മകള്‍ അവിടെ സംഘടിപ്പിക്കാറുള്ള ഗാനമേളകളില്‍ അമ്മയുടെ തമിഴ് പാട്ടുകളും പാടാറുണ്ട്.
കാലം മാറിയാലും ചില ശബ്ദങ്ങള്‍ കാലാതീതമായി നിലനില്ക്കും. ഒരു കാലഘട്ടത്തിന്റെ സംഗീതസ്മരണകളെ മൃദുലമായി തൊട്ടുണര്‍ത്തുന്ന ജെന്‍സി ആന്റണിയുടെ ശബ്ദം ഇന്നും സംഗീതാസ്വാദകരുടെ മനസ്സില്‍ പുതുമയോടെ നിലനില്ക്കുന്നു. ലഭിച്ചിരിക്കുന്ന അംഗീകാരങ്ങള്‍ അവരുടെ സംഗീതസപര്യയ്ക്ക് ലഭിച്ച ആദരവും സംഗീതലോകത്തോട് അവര്‍ പുലര്‍ത്തിയ സമര്‍പ്പണത്തിന്റെ തെളിവുമാണ്. സ്വരമാധുര്യത്താലും ലാളിത്യത്താലും സംഗീതാസ്വാദകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ ജെന്‍സി ആന്റണി, ദക്ഷിണേന്ത്യന്‍ സംഗീതചരിത്രത്തില്‍ സ്നേഹത്തോടെ ഓര്‍മിക്കുന്ന ശബ്ദമായി തുടരുമെന്നതില്‍ സംശയമില്ല.



