സിസ്റ്റര്‍ മേരി ലില്ലി പഴമ്പിള്ളി സിറ്റിസി
ആമുഖം
- യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്‍മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം.
കുരുത്തോല ഞായര്‍
തപസ്സുകാലത്തിലെ ആറാം ഞായര്‍ പൊതുവായി അറിയപ്പെടുന്നത് കുരുത്തോല ഞായര്‍ (Palm Sunday) അല്ലെങ്കില്‍ പീഢാനുഭവ ഞായര്‍ (Passion Sunday) എന്നാണ്. ഓശാന ഞായര്‍ എന്നും പറയാറുണ്ട്. ഇത് വിശുദ്ധവാരത്തിന്റെ തുടക്കവും തപസ്സു കാലത്തിന്റെ അവസാന ആഴ്ചയും ആണ്. ക്രിസ്തു രക്ഷാകര ദൗത്യം പൂര്‍ത്തിയാക്കാന്‍ ആഘോഷത്തോടെ ജറുസലേമില്‍ ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറി പ്രവേശിച്ചതിന്റെ അനുസ്മരണയാണിത്.
വിശുദ്ധവാരം
തപസ്സുകാലത്തിന്റെ ഏറ്റവും ഉന്നതവും മഹനീയവുമായ ദിനങ്ങള്‍. വിശുദ്ധവാരത്തിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിനങ്ങളില്‍ ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായ സംഭവങ്ങളിലൂടെ നാം കടന്നു പോകുന്നു. ബെഥാനിയായിലെ തൈലാഭിഷേകം, യൂദാസിന്റെ ഒറ്റിക്കൊടുക്കലിന്റെയും പത്രോസിന്റെ തള്ളിപ്പറയലിന്റെയും പ്രവചനം, യൂദാസ് പ്രധാന പുരോഹിതരുമായി നടത്തുന്ന ഗൂഢാലോചന, പെസഹാ വിരുന്ന് എന്നീ സുവിശേഷ സംഭവങ്ങളെ ആസ്പദമാക്കി ക്രിസ്തുവിന്റെ പീഢാ സഹനത്തെ നമ്മള് ധ്യാനിക്കുന്നു. ഈ ദിനങ്ങള്‍ക്കുശേഷം പെസഹാ വ്യാഴാഴ്ച്ചയിലെ സായാഹ്നം മുതല്‍ ഈസ്റ്റര്‍ ഞായറാഴ്ച്ചയിലെ സായാഹ്നം വരെ പെസഹാ ത്രിദിനമായി ആചരിക്കുന്നു.
വിശുദ്ധ പെസഹാത്രിദിനം (Paschal Triduum)
നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ അംബ്രോസ് ‘Paschal Triduum’ (വിശുദ്ധ ത്രിദിനങ്ങള്‍) എന്ന പദം ക്രിസ്തുവിന്റെ പീഢാനുഭവം, മരണം, ഉത്ഥാനം എന്നീ ദിനങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിച്ചത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴവും ദുഃഖവെള്ളിയും ഏഴാം നൂറ്റാണ്ടു മുതല്‍ റോമില്‍ ആരാധനക്രമപ്രകാരം ആചരിച്ചിരുന്നതായി തെളിവുകളുണ്ട്.
ത്രെന്തോസ് സൂനഹദോസിന്റെ തീരുമാനപ്രകാരം പീയുസ് അഞ്ചാമന് പാപ്പ 1570 – ല്‍ റോമന്‍ മിസ്സാള്‍ (വിശുദ്ധ കുര്‍ബാന പുസ്തകം) സാര്‍വ്വത്രിക റോമന്‍ സഭയില്‍ വിളംബരം ചെയ്തപ്പോള്‍ പെസഹാ വ്യാഴം, ദുഃഖവെള്ളി, വിശുദ്ധ ശനി എന്നീ ദിവസങ്ങളെ വിശുദ്ധ ത്രിദിനം ആയി പ്രഖ്യാപിച്ചു. ഇത് 1951 വരെ തുടര്‍ന്നു. 1951- ല്‍ പീയൂസ് പന്ത്രണ്ടാമന് പാപ്പ വിശുദ്ധ ശനിയിലെ രാത്രി സമയത്ത് പെസഹാ ജാഗരണം ആചരിക്കാന്‍ അനുമതി നല്കി.
1955 – ല്‍ അദ്ദേഹം പെസഹാ വ്യാഴത്തിന്റെയും ദുഃഖവെള്ളിയുടെയും സായാഹ്ന തിരുക്കര്‍മ്മങ്ങള്‍ അനുവദിച്ചുകൊണ്ട് വിശുദ്ധവാരത്തിന്റെ പുതിയ ക്രമം (Rite) പ്രസിദ്ധീകരിച്ചു. പെസഹാ ത്രിദിനം ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സായാഹ്ന തിരുക്കര്‍മ്മങ്ങളോടെ ആരംഭിക്കുകയും ദുഃഖവെള്ളിയിലെ പീഢാനുഭവ തിരുക്കര്‍മ്മങ്ങളും വിശുദ്ധശനി രാത്രിയിലെ പെസഹാ ജാഗരണവും ഈസ്റ്റര്‍ ഞായറാഴ്ച സായാഹ്ന പ്രാര്‍ഥനയും കഴിഞ്ഞു സമാപിക്കുകയും ചെയ്യുന്നു.
തൈലപരികര്‍മ്മ ദിവ്യപൂജ (Chrism Mass)
പെസഹാ വ്യാഴാഴ്ച രാവിലെ രൂപതയിലെ എല്ലാ പുരോഹിതരും മെത്രാന്റെ അധ്യക്ഷതയില്‍ പങ്കു ചേര്‍ന്നുകൊണ്ട് അവരുടെ പവിത്രമായ പൗരോഹിത്യവ്രത വാഗ്ദാനങ്ങള്‍ നവീകരിക്കുകയും, മെത്രാന് വിശുദ്ധ തൈലങ്ങള്‍ ആശീര്‍വദിക്കുകയും ചെയ്യുന്ന, ഒരു പാരമ്പര്യ അനുഷ്ഠാനം കൂടിയായ വിശുദ്ധ ബലിയാണ് തൈലപരികര്‍മ്മ ദിവ്യപൂജ.
ദൈവജനത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിലുള്ള പങ്കാളിത്തമാണു ഈ വിശുദ്ധ കുര്‍ബാനയില്‍ സ്ഥിരീകരിക്കുന്നത്.
ഇതില്‍ത്തന്നെ തിരുപ്പട്ടം സ്വീകരിച്ചവരുടെ പ്രത്യേക ശുശ്രൂഷയ്ക്ക് ഊന്നല്‍ കൊടുക്കുന്നതിനോടൊപ്പം രൂപതാ മെത്രാന്റെ പ്രത്യേക ദൗത്യങ്ങളും ഉയര്‍ത്തിക്കാട്ടുന്നു. രൂപതാ മെത്രാനും പുരോഹിതരും തമ്മിലുള്ള കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും വാര്‍ഷിക ബലി കൂടിയാണിത്. ക്രൈസ്തവ പ്രാരംഭ കൂദാശാര്ത്ഥിയുടെ തൈലവും (ജ്ഞാനസ്നാനം) രോഗീലേപന തൈലവും പ്രതിഷ്ഠാപന തൈലവും ഈ ദിവ്യബലിയിലാണ് മെത്രാന് ആശീര്‍വദിക്കുന്നത്. ഈ ദിവ്യബലി വിശ്വാസികള്‍ക്കും പുരോഹിതര്‍ക്കും അനുകൂലമായ രീതിയില്‍ വിശുദ്ധവാരത്തിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിനങ്ങളിലും നടത്താവുന്നതാണ്.
പുരാതന പെസഹാചരണം
പൂര്‍വ്വിക സെമിറ്റിക് സംസ്കാരത്തിലും അതിന്റെ മതപരമായ ആചാരങ്ങളിലും ആഴത്തില്‍ വേരൂന്നിയതാണ് പ്രതീകാത്മകമായ ഈ ആചരണങ്ങളെല്ലാം. പ്രത്യേകിച്ച് പഴയ നിയമത്തിലെ പെസഹാചരണത്തില്‍ നിന്നാണ് വിശുദ്ധ കുര്‍ബാന രൂപമെടുത്തത്. കാരണം, ക്രിസ്തു ആചരിച്ച അന്ത്യ അത്താഴം യഹൂദ പാരമ്പര്യത്തിലെ പെസഹാചരണമായിരുന്നു. ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും വാഗ്ദത്ത ഭൂമിയിലേക്കുള്ള ഇസ്രായേല്‍ ജനതയുടെ പുറപ്പാടിനെ അനുസ്മരിക്കുന്നതാണ് പ്രാചീന പെസഹാചരണം. പെസഹാ ത്രിദിനത്തിന്റെ തുടക്കത്തിലെ അന്ത്യ അത്താഴ ആചരണം പരിശുദ്ധ കുര്‍ബാനയെക്കുറിച്ചും പെസഹയുടെ പുതിയ ഉടമ്പടിയെക്കുറിച്ചുമുള്ള നമ്മുടെ അവബോധം ആഴപ്പെടുത്തുന്നു.
പെസഹാ വ്യാഴം
തിരുസഭയുടെ പുരാതന പാരമ്പര്യമനുസരിച്ചു അര്‍പ്പിക്കപ്പെടുന്ന തിരുവത്താഴപൂജയാണ് പെസഹാവ്യാഴത്തിലെ അതിമഹനീയമായ തിരുക്കര്‍മ്മം. ദിവ്യകാരുണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും സ്ഥാപനവും പരസ്നേഹ കല്പനയുമാണ് ഈ ദിവ്യ പൂജയില്‍ അനുസ്മരിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങള്‍. ‘ഇതെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്നുപറഞ്ഞുകൊണ്ട് യേശുനാഥന്‍ തന്റെ ശരീരരക്തങ്ങള്‍ വിഭജിച്ചു നല്കുന്നു. ഒപ്പം, സ്നേഹത്തിന്റെ നിയമങ്ങള്‍ ശിഷ്യരുടെ ഹൃദയത്തില്‍ ആലേഖനം ചെയ്യുന്നു. ജീവിതത്തില്‍ കടന്നു പോകലുകള്‍ ആവശ്യമാണെന്ന തിരിച്ചറിവ് ജീവിതം ഒരു പെസഹായാക്കാന് നമ്മെ സഹായിക്കുന്നു. സ്നേഹത്തിന്റെ കല്പന നമ്മുടെ ജീവിതത്തെ അര്ത്ഥപൂര്ണവുമാക്കുന്നു.
എളിമയുടെ ഉദാത്ത മാതൃക നല്കിക്കൊണ്ടു യേശുനാഥന്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ അനുസ്മരണയാണു പ്രധാനമായ മറ്റൊരു തിരുക്കര്‍മ്മം. അക്കാലത്ത് അടിമകളാണു യജമാനന്റെ പാദം കഴുകിയിരുന്നത്. അന്നു രാത്രി താന്‍ അനുഭവിക്കാനിരിക്കുന്ന വേദനകളുടെ കാഠിന്യം ഹൃദയത്തിലൊതുക്കി യേശുനാഥന്‍ ശിഷ്യരുടെ പാദം കഴുകി അവരെ ശുദ്ധരാക്കുന്നു. പാദക്ഷാളനം ചരിത്രത്തിന്റെ പുനരാവിഷ്ക്കരണം എന്നതിലുപരി, ക്രിസ്തുവിന്റെ അതുല്യ സ്നേഹം അനുഭവവേദ്യമാകുന്ന അസുലഭ നിമിഷമാണ്.
ഈ ദിനം വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പരിശുദ്ധ ദിവ്യകാരുണ്യം സക്രാരിയില്‍ നിന്നും മാറ്റി അലങ്കരിച്ച മറ്റൊരു താല്‍ക്കാലിക സക്രാരിയില്‍ വച്ചുകൊണ്ടുള്ള ആരാധനയും നിശബ്ദമായ ധ്യാനവും ദുഃഖവെള്ളിയിലെ തിരുക്കര്‍മ്മങ്ങളിലേക്ക് നയിക്കുന്നു. പരിശുദ്ധ ദിവ്യകാരുണ്യം മറ്റൊരു സക്രാരിയിലേക്കു മാറ്റുന്നത് ആദിമ നൂറ്റാണ്ടിലെ പാരമ്പര്യം അനുസ്മരിക്കാനാണ്. ആദ്യകാലങ്ങളില്‍ പരിശുദ്ധ ദിവ്യകാരുണ്യം സൂക്ഷിച്ച് ആരാധിച്ചിരുന്നത് സമൂഹത്തിന്റെ പ്രധാന സമ്മേളന സ്ഥലത്തായിരുന്നില്ല. അതിന്റെ സ്വഭാവവും മഹത്വവും കാത്തു സൂക്ഷിക്കാന്‍ പറ്റിയ പ്രത്യേകമായി തയ്യാറാക്കപ്പെട്ട ഇടങ്ങളിലായിരുന്നു.
ദുഃഖവെള്ളി
ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ മൂര്‍ദ്ധന്യ നിമിഷം. തലേന്ന് നൊമ്പരങ്ങളുടെ ഗെല്സെമനിയില് രക്തം വിയര്‍ത്തു, പാനപാത്രം മാറ്റിത്തരണമേയെന്നു പിതാവിനോട് കേണപേക്ഷിച്ച യേശുനാഥന്‍ ഇന്ന്, ആ കയ്പ്പേറിയ കാസ അതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുകയാണ്. കാല്‍വരിയുടെ നെറുകയില്‍ ചിതറിത്തെറിച്ച ദിവ്യ രക്ഷകന്റെ രക്തവും മാംസവും ഇന്നു നമ്മുടെ ദിവ്യഭോജ്യമായി മാറി പാനപാത്രങ്ങളുടെ രാവുകളില്‍ കരുത്തു പകരുന്നു.
കര്‍ത്താവിന്റെ പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍ സഭയുടെ പുരാതന പാരമ്പര്യമനുസരിച്ചു നടത്തപ്പെടുന്നു. ദുഃഖവെള്ളിയിലും പിറ്റേദിവസമായ ദുഃഖശനിയാഴ്ചയും കുമ്പസാരവും രോഗീലേപനവുമല്ലാതെ മറ്റു കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നില്ല. ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളില്‍ ദൈവവചനപ്രഘോഷണ കര്‍മ്മം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണുള്ളത്. ഈ ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതു തന്നെ പുരോഹിതരുടെ നിശബ്ദ പ്രാര്തനയിലൂടെയാണ്.
തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിന് പതിവുള്ള കുരിശു വരക്കലും അഭിസംബോധനകളും ഇല്ല. കാരണം, തലേ ദിവസം പെസഹാ വ്യാഴാഴ്ച ആരംഭിച്ച പെസഹാ ത്രിദിനത്തിന്റെ തുടര്‍ച്ചയാണിന്ന്. ലോകത്തിനു മുഴുവന്‍ വേണ്ടിയുള്ള പൊതുവായ മധ്യസ്ഥ പ്രാര്‍ഥനകളും കുരിശാരാധനയും ദുഃഖവെള്ളിയിലെ അതിപ്രധാനമായ നിമിഷങ്ങളാണ്.
കുരിശാരാധന
കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ മാതാവായ ഹെലേന രാജ്ഞി എ.ഡി. 326 – ല്‍ വിശുദ്ധനാട്ടിലേക്കു നടത്തിയ ഒരു യാത്രയില്‍ ക്രിസ്തു മരിച്ച കുരിശ് കണ്ടെത്തിയതാണ് ജറുസലേമില്‍ കുരിശു വണക്കം ആരംഭിക്കാന്‍ കാരണമായത്.
ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി ഇന്നും ഇടവകകളില്‍ സജീവമായി ആചരിക്കപ്പെടുന്നു. ഈ ദിനത്തിലെ മറ്റൊരു സവിശേഷമായ ആചാരമാണു കര്‍ത്താവിന്റെ തിരുശരീരത്തിന്റെ നഗരി കാണിക്കല്‍ പ്രദക്ഷിണം. ദുഃഖവെള്ളിയാഴ്ച ആരാധനാക്രമപരമായ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം നടത്തപ്പെടുന്ന ഇടവക പ്രദക്ഷിണം ആണിത്.
കേരളത്തിന്റെ ചില ഭാഗങ്ങളിലാണ് നഗരി കാണിക്കല്‍ പ്രദക്ഷിണവും കബറടക്കവും ആചരിക്കപ്പെടുന്നത്. കൊച്ചിയിലെ പോര്‍ച്ചുഗീസു സ്വാധീനത്തില്‍ നിന്നുമാണ് ഇത് രൂപം കൊണ്ടത്. സത്യത്തില്‍ ഇത് ആരാധനാക്രമത്തില്‍ ഉള്‍പ്പെടുന്നില്ല. ആരാധനാക്രമത്തെ കുറെക്കൂടി അനുഭവവേദ്യമാക്കുവാനും ഭക്തി സാന്ദ്രമാക്കുവാനും സഹായിക്കുന്ന ജപമാല, നൊവേന, 40 മണിക്കൂര്‍ ആരാധന, തീര്‍ത്ഥാടനം തുടങ്ങിയവ പോലുള്ള ഒരു ഭക്താനുഷ്ഠാനം ആണിത്.
ദുഃഖശനി – പെസഹാ ജാഗരണം
അവസാനമായി, വിശുദ്ധ ശനിയാഴ്ചയിലെ നിശബ്ദമായ കാത്തിരിപ്പ് രാത്രിയിലെ പെസഹാ ജാഗരണത്തിന്റെ ആനന്ദത്തിലേക്കു വഴി തുറക്കുന്നു. ദുഃഖശനി രാത്രിയിലെ ജാഗരണത്തിലാണ് പെസഹാ ത്രിദിനത്തിന്റെ പാരമ്യം. പ്രഭാത സൂര്യനെ കാണാന്‍ തിരുസഭ അക്ഷമയോടെ കാത്തിരിക്കുന്നു. രാവിലെ പ്രധാന തിരുക്കര്‍മ്മങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് വലിയ പ്രത്യേകത. ഘനീഭവിച്ച മൗനമാണ് ഈ ദിനത്തിന്റെ സ്വഭാവം. കാരണം, ക്രിസ്തു കബറിടത്തിലാണ്.
ഈ മൂന്നാമത്തെ വിശുദ്ധ ദിനമാണ് ആരാധനാക്രമ വത്സരത്തിലെ കര്‍ത്താവിന്റെ ദിനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നാലാം നൂറ്റാണ്ടു മുതല്‍ പെസഹാ ജാഗരണത്തിന് ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്ക് (Catechumenate) പ്രാധാന്യം കൊടുത്തിരുന്നു. വിശ്വാസികളുടെ സമൂഹം മുഴുവനും അവരെ കര്‍ത്താവിന്റെ തിരുശരീര രക്തത്തില്‍ പങ്കാളികളാകുന്നതിന് സ്വാഗതം ചെയ്തു വിശ്വാസ സമൂഹത്തിലേക്ക് ആനയിക്കുന്നു. കൂടാതെ, പെസഹാ ജാഗരണ സമയത്ത് പുതിയ ജ്ഞാനസ്നാനാര്‍ത്ഥികള്‍ ഇല്ലെങ്കിലും വിശ്വാസികള്‍ തങ്ങളുടെ ജ്ഞാനസ്നാന വ്രതം നവീകരിക്കുകയും ക്രൈസ്തവ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈസ്റ്റര്‍ ദിനത്തിലെ സായാഹ്ന പ്രാര്‍ഥനയോടെ പെസഹാ ത്രിദിനം പരിസമാപിക്കുന്നു.
തപസുകാലത്തിന്റെ ആത്മീയത
തപസുകാലത്തിന്റെ പ്രഥമദൃഷ്ട്യാലുള്ള ആത്മീയത വിശ്വാസികള്‍ക്കുവേണ്ടിയുള്ള, ആരാധനക്രമപരമായ ജ്ഞാനസ്നാനത്തിന്റെ ആത്മീയതയാണ്. ആരാധനാക്രമത്തിലൂടെ ക്രിസ്തുവിന്റെ കുരിശു മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളാകാന്‍ വിശ്വാസികള്‍ ക്ഷണിക്കപ്പെടുകയും അതില്‍ നിമഗ്നരാകുകയും ചെയ്യുന്നു. ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നീ പ്രാരംഭ കൂദാശകളാണ് (Primary Sacraments) ഈ ആത്മീയതയുടെ കാതല്‍ .
ഉപസംഹാരം
മൃത്യുവില്‍ നിന്നു ജീവനിലേക്കുള്ള ഒരു കാലം. തപസുകാലം പാപപരിഹാരത്തിന്റെയും നവീകരണത്തിന്റെയും കാലമാണ്. തപസുകാലം അഥവാ ‘lent’ എന്ന വാക്ക് വസന്തം അതായത് ‘spring’ എന്നര്‍ത്ഥമുള്ള ‘Lente’ എന്ന ആഗ്ലോ-സാക്സന്‍ വാക്കില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. കാരണം, വസന്തം എന്നത് ഭൂമിയുടെയും പ്രകൃതി വിഭവങ്ങളുടെയും പുനസ്ഥാപിക്കലിന്റെയും നവീകരണത്തിന്റെയും കാലഘട്ടമാണല്ലോ. വസന്തത്തിലാണു ഉണങ്ങിയ മരങ്ങള്‍ ഇലച്ചാര്ത്തണിയുന്നതും സുഗന്ധം പരത്തുന്ന പൂക്കളുടെ ഉത്സവവും കിളികളുടെ കളകൂജനവും ഒക്കെ പ്രകൃതിയെ മനോഹരിയാക്കി നവജീവന്‍ പ്രദാനം ചെയ്യുന്നത്. അതുപോലെ, ഈ തപസുകാലം നമ്മെയും ആത്മീയ ശുഷ്ക്കതയില് നിന്നും നിറജീവന്റെ പുതിയ ലോകത്തിലേക്ക് നയിക്കുന്നു.


