മാവേലിക്കര : ആംബുലൻസിന്റെ വളയം പിടിച്ച് ജീവൻ രക്ഷിക്കാൻ പായുന്ന ജോൺസി ഇനിയില്ല. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മിന്നൽ യാത്രകൾ നടത്തിയ ജോൺസിയെ മരണം മിന്നൽ പോലെ കവർ ന്നെടുത്തപ്പോൾ നാടിനു നഷ്ടമായതു ആത്മാർഥതയുള്ള ജീവകാരുണ്യ പ്രവർത്തകനെയാണ്. മാവേലിക്കര കല്ലുമലയിൽ പുനലൂർ രൂപതയിലെ ഉമ്പർനാടു സെന്റ് മേരീസ് ഇടവയിലെ കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യു (47) നടത്തിയിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾ ഏറെയാണ്.
കോവിഡ് കാലത്ത് ഏറ്റവും അടു ത്ത ബന്ധുക്കൾ ഉൾപ്പെടെ അകന്നു നിന്നപ്പോഴും ജോൺസി നടത്തിയ സേവനം അഭിനന്ദനാർഹമായിരുന്നു. കോവിഡ് പോസിറ്റീവായ 22 മൃതദേ ഹങ്ങൾ സംസ്കരിക്കാൻ മുൻ പന്തിയിൽ നിന്നു. ഏതു രാത്രിയിലും ആരും വിളിച്ചാലും സാമ്പത്തികം പോലും നോക്കാതെ ഓടിയെത്തിയിരുന്ന ജോൺസി എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു.
ട്രെയിനിൽ നിന്നു വീണു പരുക്കേറ്റ കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുടെ വലതു കാൽപാദം 25 മിനിറ്റ് കൊണ്ടു മാവേലിക്കരയിൽ നിന്നു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ച ജോൺസിയുടെ യാത്ര വാർത്താപ്രാധാന്യം നേടിയിരുന്നു. 30 മിനിറ്റിനുള്ളിൽ കാൽപാദം മെഡിക്കൽ കോളജിൽ എത്തിക്കാൻ സാധിച്ചാൽ നന്നായി എന്ന ഡോക്ടർമാരുടെ വാക്കുകേട്ടാണു ഉമ്പർനാട് ലിജോ വില്ലയിൽ ലിജോ വർഗീസിനെയും ആംബുലൻസിൽ കൂട്ടി ജോൺസി വാഹനം പായിച്ചത്. ലോക്ഡൗൺ കാലത്തു കണ്ണിനു കാൻസർ ബാധിച്ച ഒന്നര വയസ്സുകാരിയെ മധുരയ്ക്ക് കൊണ്ടുപോയതും ജോൺസി യാണ്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവന വിവരം സമൂഹമാധ്യമ ങ്ങളിൽ പങ്കുവെച്ചായിരുന്നു ജോൺസിയുടെ ഓരോ ദിവസവും തുടങ്ങിയിരുന്നത്.
ഇന്നലെയും പതിവു തെറ്റിക്കാതെ വന്ന സേവന വിവരം വായിച്ച് മണിക്കൂറുകൾ പിന്നിടും മുൻപ് ജോൺസി മരിച്ചെന്ന സന്ദേശമെത്തി. ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന ജോൺസി 2015ലാണ് സ്വന്തമായി ആംബുലൻസ് വാങ്ങിയത്. ഇരട്ടച്ചങ്കൻ എന്നാണ് ആംബുലൻസിനു പേരിട്ടത്. ആ പേരു പോലെ, ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഇരട്ടച്ചങ്കോടെ ജോൺസി നിലനിന്നു.
ജോൺസിയുടെ മൃതസംസ്കാര ശുശ്രൂഷ നാളെ രാവിലെ 10 അരയ്ക്ക് ഉമ്പർനാടു സെന്റ് മേരീസ് ദേവാലയത്തിൽ നടത്തപ്പെടും.

