വത്തിക്കാന്: ജോർജ്യയിലെ ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്ന ഇലിയ രണ്ടാമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. പാത്രിയർക്കെറ്റിന്റെ താത്കാലിക ചുമതലയുള്ളയാളും സെനാക്കി, ഖോർസ്കി അതിരൂപതാദ്ധ്യക്ഷനുമായ അഭിവന്ദ്യ ഷിയോ മെത്രാപ്പോലീത്തയ്ക്ക് മാർച്ച് 17ന് അയച്ച കത്തിലൂടെയാണ്, പാപ്പാ തന്റെ സാഹോദര്യ ഐക്യദാർഢ്യവും ദുഃഖവും രാജ്യത്തെ ഓർത്തഡോക്സ് സഭയെ അറിയിച്ചത്.
കരുണയോടും വിവേകത്തോടും, സുവിശേഷാത്മകമായ ശക്തിയോടും കൂടി നിരവധി വർഷങ്ങൾ ജ്യോർജ്യയിലെ ഓർത്തഡോക്സ് സഭയെ നയിച്ചതിന് ശേഷമാണ് അഭിവന്ദ്യ ഇലിയ രണ്ടാമൻ ഇഹലോകവാസം വെടിഞ്ഞതെന്ന് തന്റെ കത്തിൽ എഴുതിയ പാപ്പാ, ഈ വേദനയുടെ നിമിഷത്തിൽ അവിടുത്തെ ഓർത്തഡോക്സ് വിശ്വാസിസമൂഹത്തിന്റെ ഇടയനും പിതാവുമായിരുന്ന അദ്ദേഹത്തിനുവേണ്ടിയുള്ള പ്രാർത്ഥനകളിൽ താനും പങ്കുചേരുന്നുവെന്ന് അറിയിച്ചു.
ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉറച്ച സാക്ഷിയായാണ് അഭിവന്ദ്യ ഇലിയ രണ്ടാമൻ തന്റെ ജീവിതം കഴിച്ചുകൂട്ടിയതെന്ന് സാക്ഷ്യപ്പെടുത്തിയ പാപ്പാ, ഏറെ ബുദ്ധിമുട്ടേറിയ സമയങ്ങളിലും മാറ്റത്തിന്റെ കാലഘട്ടത്തിലും ജ്യോർജിയയിലെ വിശ്വാസികളെ അദ്ദേഹം അനുഗമിച്ചുവെന്നും, പാരമ്പര്യം സ്നേഹപൂർവ്വം കാത്തുസൂക്ഷിച്ചുവെന്നും പ്രത്യാശയിലേക്ക് ഹൃദയങ്ങളെയും സമൂഹത്തെയും തുറന്നുവെന്നും കൂട്ടിച്ചേർത്തു.
ഒരു അദ്ധ്യാത്മികപിതാവ്, അനുരഞ്ജനത്തിന്റെ സ്വരം, ഐക്യത്തിന്റെ സൃഷ്ടാവ് എന്നീ നിലകളിലാണ് ആളുകൾ അദ്ദേഹത്തെ അറിഞ്ഞിട്ടുള്ളതെന്ന് പാപ്പാ എഴുതി. തന്റെ മുൻഗാമികളായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, ഫ്രാൻസിസ് പാപ്പാ എന്നിവരുമായി അഭിവന്ദ്യ ഇലിയ രണ്ടാമനുണ്ടായിരുന്ന സൗഹാർദ്ദപരവും സഹോദര്യപരവുമായ ബന്ധവും പാപ്പാ അനുസ്മരിച്ചു.
പരേതന്റെ ആത്മാവിനെ വിശ്വാസപൂർവ്വം ദൈവത്തിന് സമർപ്പിക്കാമെന്ന് എഴുതിയ പാപ്പാ, ഇടയന്റെ വിയോഗം നിങ്ങളുടെ ഹൃദയങ്ങളെ നിരാശയിലേക്ക് നയിക്കാതിരിക്കട്ടെയെന്നും, ജീവൻ എടുത്തു കളയപ്പെടുകയല്ല, രൂപാന്തരപ്പെടുകയാണെന്ന് ഓർക്കാമെന്നും ഓർമ്മിപ്പിച്ചു.1977 മുതൽ ജ്യോർജ്യയിലെ ഓർത്തഡോക്സ് സഭാ നേതൃത്വത്തിലായിരുന്ന അഭിവന്ദ്യ ഇലിയ രണ്ടാമൻ, ഏതാണ്ട് നാല്പത്തിയൊൻപത് വർഷങ്ങൾക്ക് ശേഷം, മാർച്ച് പതിനേഴിനായിരുന്നു നിര്യാതനായത്
