ആഭിചാര ക്രിയകളും സാത്താന് ആരാധനയും വര്‍ദ്ധിച്ചുവരുന്നു
വത്തിക്കാന്‍: ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ രൂപതയിലും പരിശീലനം ലഭിച്ച ഒന്നോ അതിലധികമോ എക്സോര്‍സിസ്റ്റുകളെ (ബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷകര്‍) നിയമിക്കണമെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് എക്സോര്‍സിസ്റ്റ്സ് (എഐഇ) ലെയോ പതിനാലാമന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു. ആഭിചാര ക്രിയകളും സാത്താന് ആരാധനയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ നേരിടുന്ന ആത്മീയ ക്ലേശങ്ങള്‍ പരിഹരിക്കാന്‍ വൈദികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും വത്തിക്കാനിലെ അപ്പോസ്തോലിക് കൊട്ടാരത്തില്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് എക്സോര്‍സിസ്റ്റ്സ് പ്രസിഡന്റ് ബിഷപ് കരേല് ഒര്ലിറ്റ, വൈസ് പ്രസിഡന്റ് ഫാ. ഫ്രാന്‍സെസ്കോ ബമോണ്ടെ എന്നിവര്‍ പാപ്പയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.
ആഭിചാര സംഘടനകളില്‍ ഉള്‍പ്പെടുന്നത് വഴി പിശാചിന്റെ അസാധാരണ സ്വാധീനത്തിന് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും ഇത് വലിയ വേദനയ്ക്കും ആത്മീയ തകര്‍ച്ചയ്ക്കും കാരണമാകുന്നുവെന്നും എക്സോര്‍സിസ്റ്റ് കൂട്ടായ്മ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഓരോ രൂപതയിലും കൃത്യമായ പരിശീലനം സിദ്ധിച്ച വൈദികര്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
സെമിനാരികളില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക് പിശാചിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും സുവിശേഷാധിഷ്ഠിതമായ അറിവ് നല്‍കണമെന്നും, പുതിയതായി നിയമിതരാകുന്ന ബിഷപ്പുമാര്‍ക്ക് ഈ ശുശ്രൂഷയില്‍ മേല്‍നോട്ടം വഹിക്കാന്‍ ആവശ്യമായ ഹ്രസ്വകാല കോഴ്സുകള്‍ സംഘടിപ്പിക്കണമെന്നും സംഘടന നിര്‍ദ്ദേശിച്ചു. കൃത്യമായ പരിശീലനമില്ലാതെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് വിശ്വാസികളെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്ന് ഫാ. ബമോണ്ടെ മുന്നറിയിപ്പ് നല്കി.
ദൈവത്തില്‍ നിന്നുള്ള അകല്‍ച്ചയും പാപസാഹചര്യങ്ങളുടെ വ്യാപനവുമാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് പ്രധാന കാരണമെന്ന് സംഘടന വിലയിരുത്തുന്നു.വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളില്‍ അവരെ സഹായിക്കുക എന്നത് സഭയുടെ കടമയാണെന്നും, എക്സോര്സിസ്റ്റുകളുടെ അഭാവം വിശ്വാസികള്‍ക്ക് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചയില്‍ എക്സോര്‍സിസം ശുശ്രൂഷയ്ക്കായുള്ള പുതിയ മാര്‍ഗ്ഗരേഖകള്‍ അടങ്ങിയ രേഖകള്‍ പാപ്പയ്ക്ക് സമര്‍പ്പിച്ചു. സംഘടനയുടെ സ്ഥാപകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്ത്തുമായുള്ള തന്റെ സ്മരണകള്‍ പാപ്പ ചര്‍ച്ചയില്‍ പങ്കുവെക്കുകയും ചെയ്തു.

