അമേരിക്ക – ഇറാൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള നിർണായക ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയായേക്കും. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചുള്ള ഷെഹ്ബാസ് ഷെരീഫിന്റെ പോസ്റ്റ് ട്രംപ് പങ്കുവെച്ചു. സമാധാന നീക്കങ്ങൾക്കിടെ ചൊവ്വാഴ്ച ഇറാനും ഇസ്രായേലും തമ്മിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടായി.
സംഘർഷം അവസാനിപ്പിക്കാനായി ഇറാനു മുന്നിൽ 15 നിർദേശങ്ങൾ വച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാൽ മതിയെന്നായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ, യു.എസുമായി ഒരു ചർച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോഴും ഇറാന്റെ ഔദ്യോഗിക നിലപാട്.
പാകിസ്ഥാനെ കൂടാതെ സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളും സമാധാന ചർച്ചകൾക്കായി സജീവമായി രംഗത്തുണ്ട്. മേഖലയിലെ പരമ്പരാഗത മധ്യസ്ഥരായ ഖത്തർ, യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര നീക്കങ്ങളെയും പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി. ചൊവ്വാഴ്ച ഡൊണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം ഇരുവരും ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇറാനും യു.എസും സമാധാന ചർച്ചയിലേക്ക് കടന്നേക്കുമെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നുമുള്ള പ്രതീക്ഷകൾ ഓഹരി വിപണികൾക്ക് കരുത്തായേക്കും. ചർച്ച ഉടനുണ്ടാകുമെന്ന വിലയിരുത്തൽ എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി .സ്വർണവില കൂടിയും തുടങ്ങി.

