കൊച്ചി: ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായി കെ.എൽ.എം. (KLM) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 16 വള്ളങ്ങൾ വിതരണം ചെയ്തു. എംപവർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ സഹായത്തോടെയാണ് വള്ളങ്ങൾ നൽകിയത്. സെൻ്റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിതരണോദ്ഘാടനം കൊച്ചി രൂപത വികാരി ജനറാൾ മോൺ. ജോസി കണ്ടനാട്ടുതറ നിർവ്വഹിച്ചു.
കെ.എൽ.എം. യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജോയി ചക്കാലക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എൽ.എം. ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. തീരദേശ മേഖലയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് ഈസ്റ്റർ സമ്മാനമായി വള്ളങ്ങൾ നൽകുന്നതിലൂടെ അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, വനിതാ ഫോറം സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, എസ്.എൻ.ടി.യു. സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. അനീഷ് ആൻ്റെണി ബാവക്കാട്ട്, ഫെറോന വികാരി ഫാ. സെബാസ്റ്റിൻ പുത്തൻപുരയ്ക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൂടാതെ ഫാ. ആൻ്റെണി അറക്കൽ, കെ.എൽ.എം. കൊച്ചി രൂപത പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ്, വനിതാ ഫോറം രൂപത പ്രസിഡൻ്റ് ശോഭ ആൻ്റെണി, യൂണിറ്റ് പ്രസിഡൻ്റ് സാജു കാരപ്പറമ്പിൽ, അലക്സ് പനഞ്ചിക്കൽ, ബിജു കലൂർ, ജെയ്ക്കബ് പള്ളിപ്പറമ്പിൽ, എബിമോൻ എന്നിവരും ആശംസകൾ നേർന്നു.

