വത്തിക്കാൻ : ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന, വെറോനിക്കയുടെ തൂവാല പ്രദർശിപ്പിക്കാനൊരുങ്ങി വിശുദ്ധ പത്രോസിന്റെ ബസലിക്ക. എല്ലാ വർഷത്തെയും പതിവ് പോലെ വലിയനോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായിരിക്കും ഭക്തിനിർഭരമായ ഈ ചടങ്ങ് നടക്കുക. ഇതനുസരിച്ച്, മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക്, ആർച്ച് പ്രീസ്റ് കർദ്ദിനാൾ മൗറോ ഗമ്പെത്തിയുടെ കൂടി സാന്നിദ്ധ്യത്തിൽ ഈ ചടങ്ങുകൾ നടക്കും.
റോമിലെ പുരാതന പാരമ്പര്യമനുസരിച്ച് വിശ്വാസികളും തീർത്ഥാടകരും, നോമ്പിന്റെ നാൽപ്പത് ദിവസങ്ങളിൽ നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വണങ്ങാനായി എത്തുന്നത് പതിവാണ്. ഇതിന്റെ ഭാഗമായാണ്, ക്രിസ്തുവിന്റെ പീഡാനുഭവസ്മരണകൾ ഉയർത്തുന്ന ഈ സുപ്രധാന തിരുശേഷിപ്പ് പ്രദർശിപ്പിക്കപ്പെടുക.
ബസലിക്കയിൽ പ്രധാന അൾത്താരയ്ക്കടുത്തുള്ള, “വെറോനിക്കയുടെ മട്ടുപ്പാവ്” എന്നയിടത്തുനിന്ന് ഈ തിരുശേഷിപ്പ് ഭക്തർക്ക് കാണിച്ചുകൊടുക്കുന്ന ചടങ്ങുകൾക്ക് ശേഷം, കർദ്ദിനാൾ ഗമ്പെത്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കുമെന്ന്, കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ബസലിക്ക വൃത്തങ്ങൾ അറിയിച്ചു.
വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ കാനൻമാർ ഉൾപ്പെടെ നിരവധി വൈദികരും മറ്റു വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കും. നോമ്പിന്റെയും പെസഹായുടെയും പശ്ചാത്തലത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാനും, കഷ്ടപ്പെടുന്നവരിൽ അവന്റെ മുഖം തിരിച്ചറിയാനും വിശ്വാസികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ തിരുശേഷിപ്പ് പ്രതിവർഷം വിശ്വാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക.
