കൊച്ചി : സംസ്ഥാനത്ത് പാചക വാതകത്തിനു കടുത്ത ക്ഷാമം നേരിടുമ്പോൾ പല ഹോട്ടലുകളും പ്രവർത്തനം ചുരുക്കിയതിനാൽ സാധരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ. സർക്കാർ ഇടപെട്ടു പാചക വാതകത്തിന്റെ ക്ഷാമം പരിഹരിയ്ക്കുന്നതിനു അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും കത്തയച്ചു.
മാർച്ച് 19 ന് വിശുദ്ധ യൗസേപിതാവിന്റെ മരണ തിരുനാളിനോട് അനുബന്ധിച്ചു കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഊട്ടുസദ്യ നേർച്ച തിരുനാൾ നടത്താറുണ്ട്. പാചക വാതക ക്ഷാമം മൂലം ഊട്ടുസദ്യ നേർച്ച തിരുനാൾ നടത്തിപ്പ് വെല്ലുവിളി നേരിടുന്നതായി കെ.എൽ.സി.എ അധികാരികളെ ഓർമ്മപ്പെടുത്തി. അടിയന്തിരമായി സർക്കാർ ഇടപെട്ടു പാചക വാതക ക്ഷാമം പരിഹരിയ്ക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.
കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്മാരായ എബി കുന്നേപറമ്പിൽ , അലക്സ് താളൂപാടത്ത് , നൈജു അറക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ , സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റഫർ എസ് , കോൺക്ളിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു എന്നിവർ പ്രസംഗിച്ചു.

